ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ധനസഹായം നൽകിയാൽ കോവിഡ് പ്രതിരോധത്തിനായുള്ള ഭാവി പദ്ധതികളെ ബാധിക്കുമെന്നും ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് സാമ്പത്തിക സഹായം നൽകാനാവില്ല. ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലകളിലെ വിദഗ്ദരുമായി ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.

വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുന്നതിന് കോടിക്കണക്കിന് രൂപ കേന്ദ്രസർക്കാർ അധികമായി കണ്ടെത്തേണ്ടതുണ്ട്. ദുരന്ത നിവാരണത്തിനായി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്ന തുകയ്ക്കും പരിമിതികളുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ധനസഹായം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലാണെന്നായിരുന്നു ഹർജി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിലപാട് അറിയിക്കാൻ ജൂൺ 21 വരെ കോടതി സമയം നൽകുകയായിരുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.