ന്യൂഡൽഹി: കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്കു സഹായ ധനം നൽകുന്നതിനുള്ള മാർഗ നിർദേശങ്ങൾക്കു രൂപം നൽകാൻ കൂടുതൽ സമയം തേടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ആറാഴ്ചയ്ക്കകം മർഗ നിർദേശങ്ങൾ രൂപീകരിക്കണമെന്ന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായ ധനം നൽകേണ്ടതുണ്ടെന്ന് ജൂൺ 30നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ആറാഴ്ചയ്ക്കം ഇതിനു മാർഗ നിർദ്ദേശം തയാറാക്കാൻ കോടതി ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

മാർഗ നിർദേശങ്ങൾ തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഇതിന് കുറച്ചുകൂടി സമയം ആവശ്യമാണെന്നും കേന്ദ്ര സർക്കാർ ഹർജിയിൽ പറഞ്ഞു. കാര്യങ്ങൾ ആഴത്തിൽ പഠിക്കുന്നതിനു കൂടുതൽ സമയം ആവശ്യമാണ്. അതിനാൽ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ്, സുപ്രീം കോടതി ദുരന്ത നിവാരണ സമിതിക്ക് നിർദ്ദേശം നൽകിയത്. ഹർജിയിൽ ആവശ്യപ്പെടുന്ന പോലെ നാലു ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്നു നിർദേശിക്കാൻ കോടതിക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.