ആലപ്പുഴ: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളും കോവിഡിനെ പിടിച്ചു നിർത്തിയെങ്കിലും കേരളത്തിൽ ഇപ്പോഴും കോവിഡ് നിരക്ക് കുറക്കാൻ സാധിച്ചിട്ടില്ല. കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ തള്ളുകളെ എല്ലാം തന്നെ അപ്രസക്തമാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. കോവിഡ് മരണങ്ങൾ അടക്കം സംസ്ഥാനത്ത് കൂടി വരികയാണ്.

കോവിഡ് മരണനിരക്ക് കുത്തനെ ഉയർന്നതോടെ നഷ്ടപരിഹാരത്തിനു കേരളം കൂടുതൽ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. നിലവിലെ കണക്കനുസരിച്ച് 212.9 കോടിരൂപയാണ് സംസ്ഥാനം ഇതിനായി കണ്ടെത്തേണ്ടത്. കേരളത്തിൽ ഇതുവരെ 42,579 പേരാണു കോവിഡ്ബാധിച്ചു മരിച്ചത്. അതുകൊണ്ടുതന്നെ കൂടുതൽപ്പേർക്ക് നഷ്ടപരിഹാരം നൽകേണ്ട പട്ടികയിൽ കേരളമാണ് രണ്ടാംസ്ഥാനത്ത്. കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ മരണനിരക്ക് ഇനിയും ഉയരാനാണു സാധ്യത.

ഏറ്റവുംപുതിയ കണക്കുകൾപ്രകാരം കേരളത്തിലെ കോവിഡ് മരണനിരക്ക്(കേസ് ഫറ്റേലിറ്റി റേറ്റ്) 0.81 ശതമാനമായാണ് ഉയർന്നത്. ഇടുക്കി, കൊല്ലം ജില്ലകളിലാണ് മരണനിരക്കുകൂടിയത്. ഇടുക്കിയിൽ 0.15 ശതമാനത്തിൽനിന്ന് 0.79 ശതമാനമായാണ് സി.എഫ്.ആർ. വർധിച്ചത്. കൊല്ലത്ത് 0.32 ശതമാനത്തിൽനിന്ന് 0.99 ശതമാനമായും കൂടി. കോവിഡ്ബാധിതരിൽ എത്രപേർ മരിച്ചു എന്നുകണക്കാക്കിയാണ് കോവിഡ് മരണനിരക്ക്(കേസ് ഫറ്റേലിറ്റി റേറ്റ്) കണക്കാക്കുന്നത്.

കോവിഡ് മരണ നഷ്ടപരിഹാരമായി കൂടുതൽത്തുക കണ്ടെത്തേണ്ട സംസ്ഥാനം മഹാരാഷ്ട്രയാണ്. നിലവിലെ മരണസംഖ്യയനുസരിച്ച് മഹാരാഷ്ട്രയ്ക്ക് നഷ്ടപരിഹാരം നൽകാൻ 706 കോടിയോളം രൂപയാണു വേണ്ടത്. മഹാരാഷ്ട്രയിൽ സി.എഫ്.ആർ. 2.17 ശതമാനമാണ്. കേരളത്തിൽ കോവിഡ് നഷ്ടപരിഹാരത്തിനുപുറമേ കോവിഡ് ബാധിച്ചുമരിച്ച ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയുമുണ്ട്. നിലവിൽ ഈ പദ്ധതിയിലേക്ക് 3,185 പേർ അപേക്ഷിച്ചിട്ടുണ്ട്. മൂന്നുവർഷത്തേക്കാണ് ഇവർക്ക് പെൻഷൻനൽകേണ്ടത്. ഒരുവർഷത്തേക്കുമാത്രം ഇപ്പോഴത്തെ അപേക്ഷകരുടെ എണ്ണമനുസരിച്ച് 20 കോടിയോളം രൂപവേണം. അപേക്ഷകർ ഇനിയും വരാനുള്ള സാധ്യതയുള്ളതിനാൽ പെൻഷനുവേണ്ട ചെലവും ഉയരും.

കേരളത്തിലെ കോവിഡ് മരണനിരക്ക് (കേസ് ഫേറ്റലിറ്റി റേറ്റ്) 0.81% ആയാണ് ഉയർന്നിരിക്കുന്നത്. നേരത്തെ ഒഴിവാക്കിയ മരണങ്ങളും ബന്ധുക്കൾ അപ്പീൽ നൽകിയ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് മരണനിരക്ക് ഇരട്ടിയോളമായി ഉയർന്നത്. 6 മാസം മുൻപ് സിഎഫ്ആർ 0.42% ആയിരുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളമാണ് ഇന്ത്യയിൽ ഏറ്റവും മികച്ച സംസ്ഥാനമെന്ന് സ്ഥാപിക്കാൻ സർക്കാർ പലവട്ടം ആവർത്തിച്ച കണക്കായിരുന്നു കുറഞ്ഞ മരണനിരക്ക്. കോവിഡ് ബാധിച്ചവരുടെയും അതിനെത്തുടർന്നു മരിച്ചവരുടെയും അനുപാതമാണിത്. രാജ്യാന്തര നിരക്കിനെക്കാൾ കുറവാണ് കേരളത്തിലേതെന്നായിരുന്നു അവകാശവാദം.

മരണങ്ങൾ ഒളിപ്പിക്കുന്നുവെന്നു വ്യാപകമായ പരാതി ഉയർന്ന ഇടുക്കി, കൊല്ലം ജില്ലകളിലാണ് സിഎഫ്ആർ ഏറ്റവും കൂടിയത്. ഇടുക്കിയിൽ 0.15 ശതമാനത്തിൽ നിന്ന് 0.51% ആയി. കൊല്ലത്ത് 0.32ൽ നിന്ന് 0.99% ആയി. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങളുടെ ഏതാണ്ടു 3 ഇരട്ടിയായിരുന്നു യഥാർഥ മരണങ്ങൾ എന്നാണ് ഇതു കാണിക്കുന്നത്.

തുടക്കം മുതൽ മരണങ്ങൾ താരതമ്യേന കൃത്യമായി റിപ്പോർട്ട് ചെയ്ത തിരുവനന്തപുരമാണ് സിഎഫ്ആറിൽ മുന്നിൽ1.19%. കണ്ണൂരിലും സിഎഫ്ആർ 1നു മുകളിലാണ് (1.06%). വയനാട് ആണ് ഏറ്റവും പിന്നിൽ0.48% മറ്റു ജില്ലകളിലെ സിഎഫ്ആർ: പത്തനംതിട്ട0.82%, ആലപ്പുഴ0.84%, കോട്ടയം0.62%, എറണാകുളം0.79%, തൃശൂർ0.87%, പാലക്കാട്0.92%, മലപ്പുറം0.53%, കോഴിക്കോട്0.75%, കാസർകോട്0.58%.

അപ്പീൽ വഴിയുള്ള മരണങ്ങൾ 13000ലേക്ക്

സർക്കാരിന്റെ ഔദ്യോഗിക മരണപ്പട്ടികയിൽ ഉൾപ്പെടാതിരുന്ന 12857 മരണങ്ങളാണ് ഇതുവരെ കൂട്ടിച്ചേർത്തത്. ആശുപത്രികളിൽ നിന്ന് ഒഴിവാക്കിയവയും ജില്ലകളിൽ നിന്നു സംസ്ഥാന തലത്തിൽ റിപ്പോർട്ട് ചെയ്തിട്ടും ഒഴിവാക്കിയവയും കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഉൾപ്പെടുത്തിയവയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇവയുടെ വ്യക്തമായ വിവരം ലഭ്യമാകാതിരിക്കാനായി ഒന്നിച്ചാണ് സർക്കാർ ഉൾപ്പെടുത്തുന്നത്. 13000 മരണങ്ങൾ ജില്ലകളിൽ നിന്നു റിപ്പോർട്ട് ചെയ്ത ശേഷം ഒഴിവാക്കിയതായി നേരത്തെ ആരോപണമുയർന്നിരുന്നു. പ്രതിപക്ഷം നിയമസഭയിൽ ഉൾപ്പെടെ ഉന്നയിക്കുകയും ചെയ്‌തെങ്കിലും സർക്കാർ നിഷേധിച്ചു.