- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിന കേസുകൾ യുഎസിന്റെ നാലിരട്ടി ആയതോടെ സർവ്വവും നിയന്ത്രണാതീതം; രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടിയിൽ; ഡൽഹിയിൽ കാണുന്നത് ഓക്സിജൻ സിലണ്ടർ കിട്ടാനില്ലാതെ പിടഞ്ഞു മരിക്കുന്ന രോഗികളെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69ൽ; ശ്മശാനങ്ങളിലും വൻ തിരക്ക്
ന്യൂഡൽഹി: കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ ഉത്തരരേന്ത്യയിൽ സർവ്വതും പിടിവിട്ട നിലയിൽ. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം യുഎസിലേതിന്റെ നാലിരട്ടിയിലേറെ വന്നതോടെ ഇന്ത്യയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾ അടക്ക ആശങ്ക രേഖപ്പെടുത്തി രംഗത്തുവന്നു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 275,482 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആകെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതുള്ള യുഎസിൽ ഇത് 63,625 മാത്രമായിരുന്നു. പ്രതിദിന കേസുകളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഇത് 65,792. ഇന്ത്യയിൽ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനത്തു പോലും ഇതിനെക്കാൾ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
റഷ്യ, ഇറ്റലി, ഫിലിപ്പീൻസ്, കാനഡ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിദിന കേസുകളേക്കാൾ കൂടുതലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടി കടന്നിരിക്കയാണ്. രണ്ടാം ദിവസമായ ഇന്നലെയും പ്രതിദിന കേസുകൾ 2.5 ലക്ഷം കവിഞ്ഞു.
ഇന്ന് പുലർച്ചെ അഞ്ച് മണി വരെ രാജ്യത്തു 2.75 ലക്ഷം പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്; മരണം 1394. ശനിയാഴ്ച റിപ്പോർട്ട് െചയ്തത് 2.61 ലക്ഷം കേസുകളും 1501 മരണവുമായിരുന്നു.
മഹാരാഷ്ട്ര (68,631), ഡൽഹി (25,462), കേരളം (18,257) എന്നിവിടങ്ങളിലെ പ്രതിദിന കേസുകൾ ഇന്നലെ റെക്കോർഡാണ്. മഹാരാഷ്ട്രയിൽ ഒറ്റദിവസം 503 മരണവും റിപ്പോർട്ട് ചെയ്തു; ഡൽഹിയിൽ 161. രാജ്യത്താകെ മരണം 1,78,567 ആയി. ചികിത്സയിലുള്ളവർ 19 ലക്ഷം കവിഞ്ഞു. കോവിഡ് മുക്തർ 1.29 കോടി.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വളരെ ഉയർന്ന നിലയിലേത്തി കഴിഞ്ഞു. ആകെ പരിശോധനയിൽ എത്ര പേർക്കു വൈറസ് സ്ഥിരീകരിക്കുന്നുവെന്ന കോവിഡ് സ്ഥിരീകരണ നിരക്ക് ഏതാനും ദിവസങ്ങൾക്കിടെ ഇന്ത്യയിൽ ഇരട്ടിയായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 ദിവസം മുൻപ് 8% ആയിരുന്നത് ഇപ്പോൾ 16.69% ആയി. കോവിഡ് സ്ഥിരീകരണ നിരക്ക് 5% താഴെയെത്തുമ്പോഴേ കോവിഡ് നിയന്ത്രണ വിധേയമെന്നു പറയാൻ കഴിയൂ.
ആഴ്ചക്കണക്കിൽ 3.05 ശതമാനത്തിൽ നിന്ന് 13.54 % ആയി കോവിഡ് കേസുകൾ വർധിച്ചു. ഛത്തീസ്ഗഡ് (30.38%), ഗോവ (24.24%), മഹാരാഷ്ട്ര (24.17%), രാജസ്ഥാൻ(23.33%), മധ്യപ്രദേശ്(19.99%) എന്നീ സംസ്ഥാനങ്ങളിലാണു സ്ഥിരീകരണ നിരക്കു കൂടുതലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. നിലവിൽ 7.6% എന്ന നിരക്കിലാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 1.3 ഇരട്ടി.
പിടിവിട്ട് ഡൽഹിയും മുംബൈയും
കോവിഡ് പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന നിലയിൽ ഡൽഹിയും മഹാരാഷ്ട്രയും. ഡൽഹി, മുംബൈ തുടങ്ങിയ മഹാനഗരങ്ങൾ തീർത്തും കോവിഡ് പിടിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 25,462 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 161 പേർ മരിച്ചു. മഹാരാഷ്ട്രയിൽ 68,631 പുതിയ കേസുകളും 503 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ രണ്ടു സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ ഡൽഹിയിൽ ഓക്സിജൻ സിലിണ്ടറുകൾക്കു ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ആവശ്യത്തിന് സ്റ്റോക്കുകൾ എത്തിയില്ലെങ്കിൽ പ്രശ്നമാകും. ഡൽഹിക്കായി നീക്കിവച്ച സിലിണ്ടറുകൾ മറ്റു സംസ്ഥാനങ്ങൾക്കു നൽകുകയാണെന്നും കേജ്രിവാൾ ആരോപിച്ചു. കേസുകൾ വളരെയേറെ വർധിക്കുന്നതിനാൽ ഡൽഹിക്ക് സാധാരണയുള്ളതിനേക്കാൾ അധികം ഓക്സിജൻ ആവശ്യമാണ്. എന്നാൽ ഇതിനു പകരം വിതരണം കുറച്ചു മറ്റു സംസ്ഥാനങ്ങൾക്കു നൽകുകയാണ്.
മഹാരാഷ്ട്ര സർക്കാരും കോവിഡ് രോഗികൾക്കായി കൂടുതൽ ഓക്സിജൻ ആവശ്യപ്പെടുന്നുണ്ട്. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ഇക്കാര്യം ചർച്ച ചെയ്തതായി കേന്ദ്രമന്ത്രി ഹർഷ് വർധൻ അറിയിച്ചു. ആവശ്യത്തിന് ഓക്സിജൻ സൗകര്യവും 1,121 വെന്റിലേറ്ററുകളും മഹാരാഷ്ട്രയ്ക്കു ലഭ്യമാകുമെന്നാണു കേന്ദ്രസർക്കാർ ഉറപ്പു നൽകിയത്.
അതേസമയം കോവിഡ് ചികിത്സയിൽ നിർണായകമായ ഓക്സിജൻ ക്ഷാമം രാജ്യത്തു രൂക്ഷമായിരിക്കെ, മെഡിക്കൽ ഓക്സിജൻ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ഓക്സിജൻ എക്സ്പ്രസും ഹരിത ഇടനാഴിയും ഒരുക്കി റെയിൽവേ. സാങ്കേതിക ട്രയൽ യാത്രകൾക്കു ശേഷം ട്രെയിൻ ടാങ്കറുകൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങും. വരുംദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ എക്സ്പ്രസ് വഴി ലിക്വിഡ് മെഡിക്കൽ ഓക്സിജൻ എത്തിക്കുമെന്നു റെയിൽവേ അറിയിച്ചു.
അതിർത്തികളിൽ പരിശോധന കർശനമാക്കി സംസ്ഥാനങ്ങൾ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതൽ പുലർച്ചെ ആറുവരെ അതിർത്തികൾ അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. രാത്രി പത്തുമുതൽ കേരളത്തിൽനിന്നുള്ള വാഹനങ്ങൾ തടയും. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും. പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു. സർവകലാശാല പരീക്ഷകൾ ഓൺലൈനായി നടത്തും.
കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് തമിഴ്നാട് തിരുവനന്തപുരവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ 12 ഇടറോഡുകൾ അടച്ചത്. ചില റോഡുകളിൽ ബൈക്ക് കടന്നു പോകുന്നതിനുള്ള ഇടയുണ്ടെങ്കിൽ ചില റോഡുകൾ പൂർണമായി കെട്ടിയടച്ചിരിക്കുകയാണ്. കളയിക്കാവിള മാർക്കറ്റ് റോഡാണ് അടച്ചതിൽ ഏറ്റവും വലിയ റോഡ്. പരിശോധനയ്ക്ക് പൊലീസ് ഇല്ലാത്ത കാക്കോണംരാമവർമൻചിറ പോലെയുള്ള റോഡുകളാണ് പൂർണമായി ബാരിക്കേഡുകൾവച്ച് അടച്ചത്.
തുറന്നുകിടക്കുന്ന റോഡുകളിൽ കർശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളു. പനച്ചമൂട് നിന്ന് തമിഴ്നാട്ടിലെ കുളപ്പാറയ്ക്ക് പോകുന്ന ഇടറോഡിൽ വേലി കെട്ടിയതിന് പിന്നാലെ ടിപ്പറിൽ മണ്ണിറക്കി ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
ചിലയിടത്ത് ഇടറോഡുകൾ അടച്ചതോടെ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിനുപോലും ജനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. അടച്ച റോഡുകളൊന്നും തുറക്കുന്നതിന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കന്യാകുമാരി എസ്പി വ്യക്തമാക്കി. അതിർത്തിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന് കന്യാകുമാരി ജില്ലാ ഭരണകൂടം ആലോചിക്കുന്നെന്നും സൂചനയുണ്ട്.
ബെംഗളൂരുവിൽ ശ്മശാനങ്ങളിൽ തിരക്ക്
കോവിഡ് മരണ നിരക്ക് ഉയർന്നതോടെ ബെംഗളൂരുവിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വരുന്നു. നഗരത്തിലെ 12 ശ്മശാനങ്ങളിൽ ഏഴെണ്ണം കോവിഡ് മൃതദേഹങ്ങൾ സംസ്കരിക്കാനായി മാറ്റിവച്ചെങ്കിലും ഇവിടെയും ആംബുലൻസുകളുടെ നീണ്ട നിരയാണുള്ളത്. സെമിത്തേരികളിലും കബറിസ്ഥാനുകളിലും തിരക്കാണ്. കർണാടകയിൽ ഇന്നലെ 19,067 പേർ കൂടി പോസിറ്റീവ് ആയി. 81 പേർ മരിച്ചു. ബെംഗളൂരു നഗരത്തിൽ മാത്രം 60 മരണം.
സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ വാക്സീൻ കുത്തിവയ്പിനെ ബാധിക്കരുതെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കു കത്തയച്ചു. വാക്സീൻ കേന്ദ്രങ്ങളിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനിടെ, വാക്സീൻ എടുക്കാൻ 45 വയസ്സിനു മുകളിലുള്ള എല്ലാവരെയും ബോധവൽക്കരിക്കണമെന്നു വാരാണസിയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച വിഡിയോ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
സാമ്പത്തികരംഗത്തും തകർച്ചയുടെ സൂചന
കോവിഡിന്റെ ആഘാതത്തിൽ നിന്നു കരകയറിത്തുടങ്ങിയ സാമ്പത്തികരംഗം കൂടുതൽ പ്രതിസന്ധിയിലേക്കു വീണേക്കാമെന്ന മുന്നറിയിപ്പും എത്തിക്കഴിഞ്ഞി. ഇത് ഇന്ത്യയെ കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചേക്കാം. നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറാണ് സാമ്പത്തിക രംഗത്ത് വരാനിരിക്കുന്നത് വൻ തകർച്ചയാണെന്ന് അറിയിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ സാമ്പത്തിക രംഗത്തെ സമസ്ത മേഖലയിലും ഉണ്ടായേക്കാവുന്ന അനിശ്ചിതത്വത്തിനെതിരെ തയ്യാറെടുപ്പു വേണമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് നേരത്തെ സൃഷ്ടിച്ച പ്രശ്നങ്ങളെക്കാൾ സങ്കീർണമാണ് ഇപ്പോഴത്തെ സ്ഥിതിയെങ്കിലും നടപ്പു സാമ്പത്തിക വർഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 11 % വളർച്ച നേടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. പുതിയ സാമ്പത്തിക ഉത്തേജന പാക്കേജുകൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, സ്ഥിതി ധനമന്ത്രാലയം വിശകലനം ചെയ്ത ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നായിരുന്നു മറുപടി. റിസർവ് ബാങ്കിന്റെ വിപുലീകരണ നടപടികൾ തുടരുന്നതിനൊപ്പം, ഉചിതമായ സമയത്തു സർക്കാരും പ്രതികരിക്കും. അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്