- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കേരളത്തിൽ ദേശീയ അടച്ചിടൽ? ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ രണ്ട് മാസത്തേക്ക് ലോക്ഡൗൺ തുടരണമെന്ന നിർദ്ദേശവുമായി ഐസിഎംആർ; സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും രോഗ വ്യാപനം പത്തിന് മുകളിൽ; രാജ്യത്തെ 718 ജില്ലകളിൽ നാലിലൊന്നും അടച്ചിടേണ്ടി വരും; കരുതലോടെ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ ആറ് മുതൽ എട്ട് ആഴ്ചകൾ വരെ അടച്ചിടണമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ. നിലവിൽ രാജ്യത്ത് ആകെയുള്ള 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡൽഹി. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും.
ഇത്തരം ജില്ലകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്ന് ഐസിഎംആർ ഡയറക്ടർ അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബൽറാം ഭാർഗവയുടെ പ്രതികരണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതൽ പത്ത് ശതമാനം ഉള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം. എന്നാൽ കർശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ നിലനിർത്താൻ സാധിക്കുയുള്ളൂ. ആറ്-എട്ട് ആഴ്ച ലോക്ക്ഡൗണിലൂടെ ഇത് സാധ്യമല്ല. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതായും വരാം.- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തെ രാജ്യത്തിന്റെ പേര് ചേർത്ത് വിളിക്കില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. പ്രതിദിന മരണനിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തി. വാക്സീൻ നിർമ്മാതാക്കളുമായി ദിവസവും ആശയവിനിമയം നടത്താൻ പ്രത്യേക സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.
ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാൽ നാളെ മുതൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വലിയ ദുരന്തമാവും തലസ്ഥാനത്ത് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ചെറിയ കാലതാസമുണ്ടായെന്നും ആളുകൾ ഒത്തുകൂടിയ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബൽറാം ഭാർഗവ അഭിപ്രായപ്പെട്ടു.
കോവിഡിന്റെ രണ്ടാംതരംഗം ഇന്ത്യയുടെ ഗ്രാമങ്ങളെ പിടിച്ചുലയ്ക്കുകയാണ്. 533 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതൽ. 13 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകളുണ്ട്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ മൂന്ന് ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ ഓക്സിജനുൾപ്പെടെ ചികിത്സാ സൗകര്യങ്ങൾക്കും ദൗർലഭ്യം നേരിടുന്നു. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ അഞ്ചോ പത്ത് മടങ്ങ് മരണങ്ങൾ പ്രതിദിനം സംഭവിക്കുന്നുണ്ടാവാം എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
24 മണിക്കൂറിനിടെ 3,48,421 രോഗികൾ. 3,55,338 രോഗമുക്തർ. 4,205 മരണം. കഴിഞ്ഞ 14 ദിവസത്തിനിടെ അരലക്ഷത്തോളം ജീവൻ നഷ്ടമായി.
കൊറോണ വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വൈറസിനെ രാജ്യങ്ങളുടെ പേര് ചേർത്തുവിളിക്കാറില്ലെന്നും ശാസ്ത്രനാമം മാത്രമാണ് നൽകാറെന്നും ലോകാരോഗ്യസംഘടനയും വിശദീകരിച്ചു. ഇന്ത്യയിൽ രണ്ട് മുതൽ 18 വയസുവരെയുള്ളവരിൽ കോവാക്സീന്റെ പരീക്ഷണത്തിന് അനുമതി ലഭിച്ചു.
വാക്സീൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ പത്തോളം സംസ്ഥാനങ്ങൾ നീക്കം തുടങ്ങി. കോവാക്സീൻ ഉൽപാദന സാങ്കേതികവിദ്യ കൈമാറണമെന്ന് അഭ്യർത്ഥിച്ച് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്മോഹൻ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് മരണം ഉയരുന്നതിനിടെ മധ്യപ്രദേശിലെ റുഞ്ജ് നദിയിലും മൃതദേഹങ്ങൾ കണ്ടെത്തി. യുപിയിലും ബിഹാറിലും മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയിരുന്നു.