പത്തനംതിട്ട: കോവിഡിലും കേരളവും പ്രതിസന്ധിയിലേക്ക്. പ്രതിദിന രോഗബാധിതരുടെ എണ്ണം 40000 കടന്നത് വമ്പൻ പ്രതിസന്ധിയാണ്. ഇതോടെ മരണങ്ങളും ഉയരുന്നു. കോവിഡ് പോസ്റ്റീവായിരിക്കുമ്പോൾ മരിക്കുന്നവർ മാത്രമാണ് കേരളത്തിൽ കൊറോണ മരണ കണക്കിൽ വരുന്നത്. കൊറോണയിൽ രോഗമെത്തിയ ശേഷം നെഗറ്റീവായി മറ്റ് അസുഖങ്ങൾ കാരണം മരിച്ചാലും അത് കണക്കിൽ വരില്ല. അതുകൊണ്ട് തന്നെ പ്രശ്‌നം അതീവ ഗുരുതരമാണ്.

തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിൽ ഐസിയുവിൽ അടക്കം രോഗികൾ നിറഞ്ഞു കവിയുകയാണ്. ഓക്‌സിജൻ ക്ഷാമവും കൂടിയായതോടെ ചികിത്സയെപ്പറ്റി ആശങ്ക.ജില്ലയിലെ ആശുപത്രികളിൽ ആകെയുള്ള 396 ഐസിയുവിൽ 11 എണ്ണം മാത്രമാണ് ഒഴിവുള്ളത്. 128 വെന്റിലേറ്ററിൽ ഒഴിവുള്ളത് 12 എണ്ണം മാത്രം. 939 ഓക്‌സിജൻ കിടക്കകളിൽ 178 മാത്രമാണ് ഒഴിവുള്ളത്. ഐസിയു ഉൾപ്പെടെ ജില്ലയിൽ 6603 കിടക്കകളിൽ 2272 എണ്ണമാണ് അവശേഷിക്കുന്നത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ 3 സർക്കാർ ആശുപത്രികളിലും 7 സ്വകാര്യ ആശുപത്രികളിലും ഓക്‌സിജൻ ക്ഷാമം ഉണ്ടായി.

ഐസിയുവും വെന്റിലേറ്ററുകളും നിറഞ്ഞതോടെ മിക്ക മെഡിക്കൽകോളജ് ആശുപത്രിയിലും കോവിഡ് ചികിത്സ പ്രതിസന്ധിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 138 വെന്റിലേറ്ററുകളിൽ 4 എണ്ണം മാത്രമാണ് ഒഴിവുള്ളത്. 161 ഐസിയു കിടക്കകളിൽ മിക്കതിലും രോഗികളായി. 429 ഓക്‌സിജൻ കിടക്കകളിൽ 90%വും നിറഞ്ഞു. നിലവിൽ 775 പേരാണ് ഇവിടെ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. തിരുവനന്തപുരം കലക്ടറും സംഘവും ഇന്നലെ നേരിട്ടെത്തി 15നു മുൻപ് 50 ഐസിയു കിടക്കകൾ കൂടി ക്രമീകരിക്കാൻ തീരുമാനിച്ചു.

ജനറൽ ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽക്കൂടി ഐസിയു, ഓക്‌സിജൻ കിടക്കകളും വെന്റിലേറ്ററുകളും ക്രമീകരിച്ചാൽ പ്രതിസന്ധി നേരിടാമെന്ന നിർദ്ദേശം ആരോഗ്യ പ്രവർത്തകർ മുന്നോട്ടുവച്ചു. ഗുരുതരാവസ്ഥാ(സി കാറ്റഗറി)വിഭാഗത്തിലെ 350ലധികം രോഗികൾ ഓക്‌സിജൻ ബെഡിലാണ്. ഇവർക്കായി പ്രതിദിനം 15 കിലോ ലീറ്റർ ഓക്‌സിജൻ വേണം. ആശുപത്രിയിലെ ആകെ സംഭരണം 40 കിലോ ലീറ്ററാണ്. ആശുപത്രിയിൽ 20 കിലോ ലീറ്റർ സംഭരണ ശേഷിയുള്ള ഓക്‌സിജൻ ടാങ്ക് പുതുതായി സ്ഥാപിച്ചെങ്കിലും ഇതു തികയില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ഇതേ പ്രതിസന്ധി മറ്റ് ആശുപത്രികളിലും ഉണ്ട്.

കൊവിഡിന്റെ തീവ്രവ്യാപനമുള്ള എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു, വെന്റിലേറ്ററർ കിടക്കകൾ കിട്ടാനില്ല. കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളും ഒരൊറ്റ ഐസിയു കിടക്ക പോലും ലഭ്യമാക്കാൻ കഴിയില്ലെന്നാണ് മറുപടി നൽകിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആവശ്യത്തിന് ഐസിയു കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും നേരിട്ട് ആശുപത്രികളെ സമീപിക്കുന്ന രീതി ഒഴിവാക്കി സർക്കാർ സംവിധാനങ്ങൾ വഴി ബന്ധപ്പെടണമെന്നുമാണ് ജില്ല ഭരണകൂടത്തിന്റെ വിശദീകരണം.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഒഴിവില്ലാത്തതിനാൽ ചികിത്സ വൈകിയ കോവിഡ് ബാധിതൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് ശ്രീധനിയിൽ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ എം.കെ.ശശിധരന്റെ മകൻ ധനീഷ് കുമാർ (38) ആണ് മരിച്ചത്. 8 ദിവസം മുൻപ് പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി. ഒരാഴ്ചയായി വീട്ടിൽ കഴിയുകയായിരുന്നു.

ഇന്നലെ പുലർച്ചെ 4 മണിയോടെ സ്ഥിതി വഷളായി. ഓക്‌സിജൻ അളവ് 80ന് താഴെയെത്തി. പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കോവിഡ് കൺട്രോൾ സെല്ലിൽ അറിയിച്ചെങ്കിലും കോവിഡ് ചികിത്സയുള്ള 2 സർക്കാർ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിക്കാനുമാണ് അവർ നിർദ്ദേശിച്ചത്. എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ അവിടെ ഐസിയു ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്.

സ്ഥിതി വഷളാകുന്നതായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അറിയിച്ചപ്പോൾ വേഗം കൊണ്ടുവന്നാൽ ഓക്‌സിജൻ നൽകാമെന്ന് മറുപടി ലഭിച്ചു. ആംബുലൻസ് വരാൻ താമസിക്കുമെന്നതിനാൽ വീട്ടുകാർ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എറണാകുളം ജില്ലയിൽ വെന്റിലേറ്ററിനായി രോഗികൾക്ക് ദിവസങ്ങൾ കാത്തിരുന്ന് ഒടുവിൽ തൃശൂർ, കോട്ടയം ജില്ലകളിലേക്ക് മാറേണ്ട അവസ്ഥയുമുണ്ടായി. രണ്ട് ദിവസമായി ഈ സാഹചര്യം അതിസങ്കീർണമാകുന്നു.

എന്നാൽ ഐസിയു കിടക്കകളിൽ പകുതി ഇനിയും ലഭ്യമെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. ഐസിയു, വെന്റിലേറ്റർ സൗകര്യം വേണ്ടാത്ത രോഗികൾക്കായി പോലും പലയിടത്തും ഇത് മാറ്റി വയ്ക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാനാണ് കേന്ദ്രീകൃത സംവിധാനത്തിലൂടെ ശ്രമിക്കുന്നത്. അടിന്തര ചികിത്സ ആവശ്യമുള്ളവർ ആശ പ്രവർത്തകർ, കൗൺസിലർമാർ, ഹെൽത്ത് ഓഫീസർമാർ വഴി മാത്രം ബന്ധപ്പെടണം.

വരും ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ശതമാനം ചികിത്സ സൗകര്യങ്ങൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുമെന്നാണ് വിവരം. കൊച്ചി നഗരത്തിലെ ഉൾപ്പടെ വലിയ ഹോട്ടലുകളും, കെട്ടിടങ്ങളും ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമങ്ങൾ ജില്ല ഭരണകൂടവും തുടങ്ങി.