തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് തീവ്രവ്യാപന ഘട്ടത്തിൽ എത്തിയതോടെ വലിയ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കിടക്കയും ഐസിയുവിനും അടക്കം ക്ഷാമം ഉണ്ടാകാൻ സാധ്യത വർധിച്ചതോടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്.

കൊറോണ വൈറസിന്റെ അപകടകാരിയായ ദക്ഷിണാഫ്രിക്കൻ വകഭേദം സംസ്ഥാനത്ത് രണ്ടുമാസംമുമ്പേ പിടിമുറുക്കിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പാലക്കാട് അടക്കമുള്ള ജില്ലകളിൽനിന്നുള്ള മാർച്ചിലെ ആർ.ടി.പി.സി.ആർ. പരിശോധനകളുടെ സാംപിളുകളിൽ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. സംസ്ഥാനത്ത് ദക്ഷിണാഫ്രിക്കൻ വകഭേദം 4.38 ശതമാനമാണ്. 10 ജില്ലകളിലാണ് നിലവിൽ ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്.

ഏറ്റവുമധികമുള്ളത് പാലക്കാട്ടാണ് (21.43 ശതമാനം). കാസർകോട് (9.52 ശതമാനം), വയനാട് (8.33 ശതമാനം) ജില്ലകളിലാണ് പാലക്കാട് കഴിഞ്ഞാൽ കൂടുതൽ വ്യാപനമുള്ളത്. വൈറസിന്റെ ഈ വകഭേദം ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയിലാണ്. ഇതിനു വ്യാപനശേഷി കൂടുതലാണ്. വൈറസിനു വീണ്ടും വകഭേദം വന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര തവണ എന്നിവയെല്ലാം തുടർപരിശോധനയിലൂടെയും പഠനത്തിലൂടെയും മാത്രമേ കണ്ടെത്താനാകൂ. ആർ.ടി.പി.സി.ആർ. പരിശോധനാഫലങ്ങൾ വിശദമായി വിലയിരുത്തുകയാണ് ഡോക്ടർമാർ.

ദക്ഷിണാഫ്രിക്കൻ വകഭേദം എന്നാൽ അത് ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയവരിൽനിന്നു പടർന്നതാകണമെന്നില്ല. വൈറസിനു നിരന്തരം ജനിതകമാറ്റം സംഭവിക്കുമ്പോൾ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതിനു സമാനമായ വൈറസ് ഇവിടെയും ഉണ്ടായതാവാൻ സാധ്യതയുണ്ട്. അത്തരത്തിൽ ജനിതകമാറ്റം സംഭവിച്ചതാകും ഇപ്പോൾ കണ്ടെത്തിയ വൈറസുകളെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത പറഞ്ഞു.

രോഗവ്യാപനത്തിന്റെ ആശങ്ക കണക്കിലെടുത്ത് ജില്ലകളിൽ തീവ്രനടപടികളെടുത്ത് സർക്കാർ. പലയിടത്തും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഭീതി കൂട്ടുന്നത്. തൃശ്ശൂർ ജില്ലയിലെ 21 പഞ്ചായത്തുകളിൽ 50 ശതമാനത്തിനു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. ആലപ്പുഴ ജില്ലയിൽ 1527 കിടക്കകൾകൂടി സജ്ജമാക്കി. ഇതോടെ വിവിധ കേന്ദ്രങ്ങളിലായി 4339 കിടക്കകൾ തയ്യാറായി. കോവിഡ് നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ 390 അദ്ധ്യാപകരെക്കൂടി നിയോഗിച്ചു.

പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം കൂടുതലാണ്. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് സി.എഫ്.എൽ.ടി.സികൾകൂടി പ്രവർത്തനം ആരംഭിക്കും. കൊല്ലത്ത് പരിശോധനകൾ കാര്യക്ഷമമാക്കാൻ 93 സെക്ടറൽ ഓഫീസർമാരെക്കൂടി നിയമിച്ചു. വയനാട്ടിൽ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരും. കോട്ടയത്ത് കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

കാസർകോട് ജില്ലയിൽ 59 വെന്റിലേറ്റർ, 114 ഐ.സി.യു. ബെഡ്, 1101 ഓക്‌സിജൻ ബെഡ്, 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കും. ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ആവശ്യമെങ്കിൽ 50 സെന്റ് ഭൂമി റവന്യു വകുപ്പ് അനുവദിക്കും. തിരുവനന്തപുരം ജില്ലയിൽ മാസ് വാക്‌സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ അഞ്ചു സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ പട്ടിക വർഗ കോളനികളിൽ സുരക്ഷയ്ക്ക് ടെസ്റ്റ്, വാക്‌സിനേഷൻ എന്നീ കാര്യങ്ങൾക്ക് പ്രത്യേക സംവിധാനം ഒരുക്കും. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജൻവിതരണ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ ബെഡിനും പ്രത്യേകം സിലിൻഡർ നൽകുന്നതിനുപകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക് ഒരേസമയം പൈപ്പ്ലൈൻ വഴി ഓക്‌സിജൻ നൽകാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ.

പാലക്കാട് ജില്ലയിൽ അഞ്ച് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. 14 സ്വകാര്യ ആശുപത്രികളിലായി 27 വെന്റിലേറ്ററുകൾ, 98 ഐ.സി.യു. ബെഡുകൾ, 203 ഓക്‌സിജൻ ബെഡുകൾ എന്നിവയും സജ്ജമാണ്. എറണാകുളം ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി കൂടുതൽ കോവിഡ് തീവ്രപരിചരണ സൗകര്യങ്ങൾ സജ്ജമാക്കി. സർക്കാർ ആശുപത്രികളിൽ 196 ഐ.സി.യു. കിടക്കകളും സ്വകാര്യാശുപത്രികളിൽ 228 ഐ.സി.യു. കിടക്കകളുമുണ്ട്. സർക്കാർ ആശുപത്രികളിൽ 539, സ്വകാര്യാശുപത്രികളിൽ 3988 ഓക്‌സിജൻ കിടക്കകളുണ്ട്.

കർണാടകയിൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചരക്കുവാഹനങ്ങൾക്ക് മാത്രമാണ് അവിടേക്ക് പ്രവേശനാനുമതി. പൊതു-സ്വകാര്യ വാഹനങ്ങൾക്ക് സംസ്ഥാന അതിർത്തി ചെക്‌പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി വഴി കർണാടകയിലേക്ക് പോകാൻ അനുമതി ഉണ്ടായിരിക്കില്ല.