പത്തനംതിട്ട: കോവിഡിന്റെ പേരിൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയിരുന്ന സ്പെഷൽ ലീവ് റദ്ദാക്കിയ നടപടി വിവാദത്തിൽ. സർക്കാർ കോവിഡ് വ്യാപനത്തിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ മുറവിളി കൂട്ടുമ്പോൾ ഇടത് അനുകൂല സംഘടനകൾക്ക് അനക്കമില്ല.

സമ്പർക്ക പട്ടികയിൽ വന്നതിന്റെ പേരിൽ ക്വാറന്റൈനാണെന്ന് പറഞ്ഞ് സ്പെഷൽ കാഷ്വൽ ലീവെടുത്ത് വീട്ടിലിരിക്കുന്നവർക്കിട്ടുള്ള നല്ലൊന്നാന്തരം പണിയാണ് സർക്കാർ നൽകിയിരിക്കുന്നത്. കാഷ്വൽ ലീവിന്റെ ആനുകൂല്യം ദുർവിനിയോഗം ചെയ്യപ്പെടുന്നത് മനസിലാക്കിയാണ് ഉത്തരവ് റദ്ദാക്കിയത്. കോവിഡ് കാലത്ത് സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ കാഷ്വൽ ലീവ് ആനകൂല്യങ്ങളിൽ ചിലത് പിൻവലിച്ചും ശേഷിച്ചത് ഭേദഗതി വരുത്തിയുമാണ് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി കോവിഡ് രോഗികളുമായുള്ള പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വരുന്ന സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷൽ കാഷ്വൽ ലീവ് ആനൂകൂല്യം റദ്ദാക്കുന്നതായി ഉത്തരവിൽ പറയുന്നു.

കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ വരുന്ന ജീവനക്കാർ അക്കാര്യം ഓഫീസിൽ വെളിപ്പെടുത്തുകയും സ്വയം നിരീക്ഷണം നടത്തുകയും സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുകയും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉണ്ടായാൽ ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശ പ്രകാരം നടപടി സ്വീകരിക്കേണ്ടതുമാണെന്ന് ഉത്തരവ് തുടർന്നു പറയുന്നു.

നേരത്തേയുള്ള ഉത്തരവ് പ്രകാരം കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കം വന്നാൽ ക്വാറന്റൈനിൽ കഴിയാമായിരുന്നു. ഈ ചട്ടം പലരും ദുർവിനിയോഗം ചെയ്യാൻ തുടങ്ങി. വീട്ടിൽ രോഗം ബാധിച്ച നാലു പേരുണ്ടെങ്കിൽ അവരിൽ ഒരാൾക്ക് ഒരാഴ്ച എന്ന ക്രമത്തിൽ ഒരു മാസത്തോളം ക്വാറന്റൈനിൽ കഴിഞ്ഞ വിരുതന്മാരുണ്ട്. മാതാപിതാക്കൾ മറ്റു വീടുകളിൽ താമസിക്കുകയും അവർ കോവിഡ് ബാധിതരാവുകയും ചെയ്താൽ അതിന്റെ പേരിൽ കോവിഡ് കാഷ്വൽ ലീവ് എടുക്കും. ഒരു വിധത്തിലുള്ള സമ്പർക്കവും ഇത്തരം കേസുകളിൽ രോഗിയുമായി കാണുകയില്ല.

അയൽപക്കത്തെ ഒരാൾക്ക് കോവിഡ് വന്നുവെന്നിരിക്കട്ടെ ഇതിന്റെ പേരിൽ സ്പെഷൽ ലീവ് എടുത്ത് ക്വാറന്റൈനിൽ പോയവരും കുറവല്ല. ഇത്തരക്കാരുടെ തട്ടിപ്പിന് കൂച്ചുവിലങ്ങ് ഇടുകയാണ് പുതിയ ഉത്തരവിലുടെ ഉണ്ടായിരിക്കുന്നത്.