- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രി ജീവനക്കാരൻ ആംബുലൻസിൽ പീഡിപ്പിച്ചത് സ്കാനിങ് സെന്ററിലേക്ക് പോകും വഴി; യുവതി തീരെ അവശയായതിനാൽ തന്നെ തടയാനോ ശബ്ദമുയർത്താനോ സാധിച്ചില്ല; ചികിത്സക്കെത്തിയപ്പോൾ വിവരം പറഞ്ഞു; അറസ്റ്റിലായ പ്രശാന്ത് റിമാന്റിൽ
മലപ്പുറം: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലെ പ്രതി റിമാന്റിൽ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പുലാമന്തോൾ കരുവമ്പലം സ്വദേശിയുമായ പ്രശാന്തിനെയാണ് പെരിന്തൽമണ്ണ കോടതി റിമാന്റ് ചെയ്തത്.
ഏപ്രിൽ 27നാണ് കേസിനാസ്പതമായ സംഭവം നടന്നത്. മലപ്പുറം വണ്ടൂർ സ്വദേശിയായ യുവതി കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്കാനിംഗിന് വേണ്ടി ആശുപത്രിയുടെ മുൻവശത്തുള്ള കെട്ടിടത്തിലേക്ക് ആംബുലൻസിൽ കൊണ്ടുപോകും വഴിയാണ് പ്രശാന്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
സാധാരണ നടന്ന് പോകാൻ മാത്രം ദൂരമുള്ള കെട്ടിടത്തിലേക്ക് ആംബുലൻസിൽ രോഗിയെ പറഞ്ഞയച്ചത് രോഗി കോവിഡ് പോസിറ്റീവായിരുന്നതിനാലും തീരെ അവശയായതിനാലുമാണ്. ആംബുലൻസിൽ സഹായിയായി കയറിയതായിരുന്നു പ്രശാന്ത്. സ്കാനിങ് സെന്ററിലേക്ക് പോകും വഴിയാണ് പ്രശാന്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി തീരെ അവശയായതിനാൽ തന്നെ തടയാനോ ശബ്ദമുയർത്താനോ സാധിച്ചില്ല.
എന്നാൽ പ്രശാന്ത് കൂടുതൽ അക്രമകാരിയാകും മുമ്പ് തന്നെ സ്കാനിങ് സെന്റിലെത്തിയതുകൊണ്ട് യുവതി രക്ഷപ്പെടുകയായിരുന്നു. കോവിഡ് നെഗറ്റീവായതിന് ശേഷം യുവതി ഈ മാസം 7ന് ആശുപത്രി വിട്ടിരുന്നു. പിന്നീട് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് വണ്ടൂർ സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് യുവതി താൻ നേരത്തെ ആംബുലൻസിൽ വെച്ച് ആക്രമിക്കപ്പെട്ട വിവരം പുറത്ത് പറയുന്നത്.
വണ്ടൂർ ആശുപത്രിയിൽ തന്നെ പരിശോധിച്ച ഡോക്ടറോടാണ് യുവതി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഡോക്ടർ ഉടൻ തന്നെ വണ്ടൂർ പൊലീസിനെ വിവരം അറിയിക്കുകയും വണ്ടൂർ പൊലീസ് കേസ് പെരിന്തൽമണ്ണ പൊലീസ് കൈമാറുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പ്രശാന്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു.
എന്നാൽ പ്രശാന്ത് ആശുപത്രിയിലെ ജീവനക്കാരനല്ലെന്നും സ്വകാര്യ ഏജൻസി വഴിയെത്തിയ താത്കാലിക ജീവനക്കാരനാണെന്നുമാണ് ആശുപത്രി നൽകിയ വിശദീകരണം. പരാതി ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഇയാളെ സ്വകാര്യ ഏജൻസിയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്ന് പുറത്താക്കിയിരുന്നു എന്നും ആശുപത്രി അധികൃതർ അറിയിച്ചു.