ഭരത്പൂർ: അഞ്ച് മാസത്തിനിടയിൽ കോവിഡ് പോസിറ്റീവായത് 31 തവണ. രോഗലക്ഷണങ്ങളില്ല, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമില്ല. ആരോഗ്യ പ്രവർത്തകർക്ക് പോലും ഞെട്ടൽ സമ്മാനിച്ച്
രാജസ്ഥാൻ സ്വദേശിനിയെയാണ് വിട്ടുമാറാതെ കോവിഡ് വൈറസ് പിന്തുടരുന്നത്.

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള ശാരദ എന്ന യുവതിക്കാണ് 31 തവണ കോവിഡ് പോസിറ്റീവായത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അപ്നാ ഘർ എന്ന ആശ്രമത്തിലെ അന്തേവാസിയായ ശാരദ.

ഒരുപക്ഷേ ഇവർക്ക് പ്രതിരോധശേഷി കുറവായതുകൊണ്ടായിരിക്കാം തുടർച്ചയായി കോവിഡ് പോസിറ്റീവ് ആകുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

2020 ഓഗസ്റ്റ് 28നാണ് ശാരദയ്ക്ക് ആദ്യമായി കോവിഡ് പോസിറ്റീവാകുന്നത്. ഇതോടെ ഇവരെ ആർബിഎം ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ആശുപത്രിയിൽ കൂട്ടിനായി ഒരാളെയും അനുവദിച്ചു.

കോവിഡ് ബാധിതയായപ്പോൾ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നീ മൂന്ന് തരത്തിലുള്ള ചികിത്സകൾ അവർക്ക് നൽകി. എല്ലാ ചികിത്സകളും നൽകിയിട്ടും, ഓരോ തവണയും ശാരദയുടെ റിപ്പോർട്ട് പോസിറ്റീവ് ആയി തന്നെ വരുന്നു. കോവിഡ് പോസിറ്റീവാണെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇവർക്കില്ല. രോഗലക്ഷണങ്ങളൊന്നും ഇവർ പ്രകടിപ്പിക്കുന്നില്ലെന്നും പൂർണ്ണ ആരോഗ്യവതിയാണെന്നും ആശ്രമം അധികൃതർ വ്യക്തമാക്കി.

ഇവരിപ്പോൾ ക്വാറന്റെയ്നിൽ കഴിയുകയാണ്. പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം മാത്രമേ ഇവരെ ക്വാറന്റെയ്നിൽ നിന്നും മാറ്റുകയുള്ളൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.