- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കും; പൊതുപരിപാടികളിൽ ശാരീരിക അകലവും മാസ്‌ക്കും നിർബന്ധമാക്കും; വിവാഹ ചടങ്ങുകളിൽ ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല; ടെസ്റ്റ് എണ്ണം പ്രതിദിനം ഒരു ലക്ഷമായി കൂട്ടുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളിൽ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.
പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിർബന്ധമാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറൽ മജിസ്ട്രേറ്റുമാരാണ് ഇപ്പോൾ നിരീക്ഷണ ചുമതല നിർവഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പൊലീസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം വർധിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കണ്ടെയിന്റ്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്.
വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിൽ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികൾ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവരേയും ടെസ്റ്റ് ചെയ്യണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാർഡുതല സമിതികൾ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. ബോധവൽക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങൾ കർക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും തടസ്സമുണ്ടാകില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്, 56 ശതമാനം പേർക്ക് രോഗം ബാധിക്കുന്നത് വീടുകൾക്ക് അകത്തുനിന്നു തന്നെയാണ്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടിൽ കഴിയുന്നവർക്ക് രോഗം നൽകുന്നത്. 20 ശതമാനം പേർക്ക് രോഗം പകരുന്നത് മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറണ്ടുകൾ എന്നിവിടങ്ങളിൽ നിന്നും യോഗസ്ഥലങ്ങളിൽ നിന്നുമാണ്. തൊഴിലിടങ്ങളിൽ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേർക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവർ. രോഗലക്ഷണമൊന്നുമില്ലാത്തവരിൽ നിന്ന് 30 ശതമാനത്തോളം പേർക്ക് രോഗം പകരുന്നുണ്ട്. കുട്ടികളിൽ 5 ശതമാനം പേർക്ക് വിദ്യാലയങ്ങളിൽ നിന്ന് രോഗം പകരുന്നു. എന്നാൽ 47 ശതമാനം കുട്ടികൾക്കും രോഗം പകരുന്നത് വീടുകളിൽ നിന്നു തന്നെയാണ്.
യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും വിദഗ്ധ സമിതി അംഗങ്ങളും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ