ന്യൂഡൽഹി: ബ്രിട്ടിനിൽ നിന്നെത്തുന്നവർക്ക് ഡൽഹി സർക്കാർ ഏർപ്പെടുത്തിയ കോവിഡ് പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശക്കുഴപ്പവുംമൂലം വലച്ചത് മലയാളികൾ അടക്കമുള്ള നിരവധി യാത്രക്കാരെ. ബ്രിട്ടനിൽ നിന്നുള്ള 250 യാത്രക്കാരുമായി ആദ്യ വിമാനം ഡൽഹിയിൽ എത്തിയപ്പോൾ മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. യാത്രക്കാരുടെ പ്രതിഷേധം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾക്കിടയാക്കി.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനിൽ നിന്നുള്ള വിമാന യാത്രയ്ക്ക് വിലക്ക് വന്നതിനുശേഷമുള്ള ആദ്യ വിമാനമാണ് വെള്ളിയാഴ്ച രാവിലെ ന്യൂഡൽഹിയിലെത്തിയത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യു.കെയിൽനിന്ന് യാത്ര തുടങ്ങവർക്കാണ് ദുരിതം നേരിട്ടത്.

അതിനിടെ, ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാരെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായാലും ഹോം ഐസൊലേഷനിൽ പോകുന്നതിനു മുമ്പ് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ അയയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച രാവിലെ പറഞ്ഞിരുന്നു.

ഡൽഹി സ്വദേശികളെ കോവിഡിന്റെ പുതിയ വകഭേദത്തിൽനിന്ന് സംരക്ഷിക്കാനാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. യു.കെയിൽനിന്ന് എത്തുന്നവരിൽ കോവിഡ് പോസിറ്റീവ് ആയവരെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. പരിശോധനാ ഫലം നെഗറ്റീവ് ആയവരെ ഏഴ് ദിവസത്തേക്ക് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും പിന്നീട് ഹോം ക്വാറന്റീനിൽ വിടുമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ലണ്ടനിൽ നിന്നുള്ള എയർഇന്ത്യ വിമാനം ഡൽഹിയിൽ ലാൻഡുചെയ്ത് കഴിഞ്ഞാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

വ്യവസ്ഥകൾ മാറിയത് അറിയാതെ എത്തിയ യാത്രക്കാർ കടുത്ത ദുരിതത്തിലായി. ഏഴ് ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമെ നാട്ടിലേക്ക് മടങ്ങാൻ കഴിയൂവെന്ന് മലയാളികൾ അടക്കമുള്ള യാത്രക്കാരോട് അധികൃതർ പറഞ്ഞു.

എന്നാൽ രാവിലെ 10.30 ന് ഡൽഹിയിൽ എത്തുന്നതുവരെ ക്വാറന്റൈൻ വ്യവസ്ഥകളിൽ മാറ്റംവന്നകാര്യം അറിഞ്ഞിരുന്നില്ലെന്ന് മലയാളി യാത്രക്കാരി പ്രതികരിച്ചു. ക്വാറന്റൈൻ ഒഴിവാക്കുന്നത് സംബന്ധിച്ച ഫോം പൂരിപ്പിച്ച് നൽകിയശേഷം കേരളത്തിലേക്കുള്ള വിമാനം കയറാമെന്നും നാട്ടിലെത്തി ക്വാറന്റീനിൽ ഇരുന്നാൽ മതിയെന്നുമാണ് യു.കെയിൽനിന്ന് യാത്രതിരിക്കുമ്പോൾ അധികൃതർ പറഞ്ഞിരുന്നത്.

@HardeepSPuri @ArvindKejriwal @DGCAIndia @airindiain
No official guidelines and this is the current situation.@HardeepSPuri please take some actions pic.twitter.com/ZolAlAWQ6Z

- Harprit Takkar (@HarpritTakkar) January 8, 2021

എന്നാൽ ഡൽഹിയിൽ എത്തിയതിന് പിന്നാലെ അധികൃതർ തടഞ്ഞുവച്ചു. പരിശോധന നടത്തുകയും ക്വാറന്റീനിൽ പോകുകയും വേണമെന്ന് നിർദ്ദേശിച്ചു. ബ്രിട്ടീഷ് പാസ്പോർട്ടുകളെല്ലാം അധികൃതർ പിടിച്ചുവെക്കുകയും പരിശോധനയും ക്വാറന്റീനും കഴിഞ്ഞ് തിരിച്ചുനൽകാമെന്ന് പറയുകയും ചെയ്തുവെന്നും യാത്രക്കാർ പറഞ്ഞു. നിരവധി യാത്രക്കാർ തങ്ങൾക്ക് നേരിട്ട ദുരിതം വീഡിയോ ദൃശ്യങ്ങളടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യു.കെയിൽ നിന്നുള്ള വിമാന സർവീസുകൾ കേന്ദ്ര സർക്കാർ ഡിസംബർ 23 ന് നിർത്തിവച്ചിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണം പിൻവലിച്ചു. ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീട്ടുകയാണ് ഉണ്ടായത്.

ഡിസംബർ 23 നാണ് അതിതീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസ് നിർത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്.

ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർടി പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.