അടൂർ: ട്രിപ്പിൾ ലോക്ഡൗൺ നില നിൽക്കുന്ന സ്ഥലത്ത് മുന്നൂറോളം പേരെ പങ്കെടുപ്പിച്ച് ക്ഷേത്രത്തിന്റെ കരയിലേക്കുള്ള ഭരണ സമിതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്താൻ നീക്കം. ബിജെപിയുടെ കൈവശമിരിക്കുന്ന ക്ഷേത്രഭരണ സമിതി പിടിച്ചെടുക്കുന്ന നീക്കത്തിന്റെ ഭാഗമായി സിപിഎം നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നത്.

മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രഭരണ സമിതിയിലേക്കുള്ള കരുവാറ്റ കരയുടെ പൊതുയോഗവും തെരഞ്ഞെടുപ്പുമാണ് ഇന്ന് വൈകിട്ട് മൂന്നിന് കരുവാറ്റ ഹൈന്ദവ സേവാ സമിതിയുടെ ഓഫീസിൽ ചേരുന്നത്. കോവിഡ് കാരണം നടക്കാതെ പോയ 2019-20, 20-21 വർഷങ്ങളിലെ പൊതുയോഗത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ക്ഷേത്രത്തിന് 10 കരകളാണുള്ളത്.

അത് അടൂർ നഗരസഭ, പള്ളിക്കൽ പഞ്ചായത്ത്, കടമ്പനാട് പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. ഇതിൽ അടൂർ നഗരസഭയിലും കടമ്പനാട് പഞ്ചായത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയതിനാൽ ട്രിപ്പിൽ ലോക്ഡൗൺ നിലനിൽക്കുകയാണ്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന കരുവാറ്റ കര അടൂർ നഗരസഭയിലാണ്. ഇവിടെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അവശ്യ സർവീസ് മാത്രമേ പാടുള്ളൂ. ആ സ്ഥലത്താണ് 350 പേരെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്താനൊരുങ്ങുന്നത്.

ക്ഷേത്രത്തിന്റെ ഭൂരിഭാഗം കരകളും ബിജെപിയുടെ നിയന്ത്രണത്തിലാണുള്ളത്. കരകളിൽ ഒരോന്നായി സ്വാധീനം ഉറപ്പിച്ച് ക്ഷേത്രഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം മുന്നോട്ടു പോകുന്നത്. കരുവാറ്റ കരയുടെ നിലവിലുള്ള ഭരണ സമിതിയുടെ വൈസ് പ്രസിഡന്റ് മഹേഷ് കുമാർ സിപിഎം ഏരിയാ കമ്മറ്റി അംഗവും അടൂർ നഗരസഭയിലെ കൗൺസിലറുമാണ്.

ഉത്തരവാദിത്തപ്പെട്ട ഈ ജനപ്രതിനിധിയുടെ കൂടി അറിവോടെയാണ് ഇന്ന് കോവിഡ് നിയമലംഘനത്തിന് അരങ്ങൊരുങ്ങുന്നത്. ക്ഷേത്ര ദർശനത്തിനും വിവാഹത്തിനുമൊക്കെ ഒരു സമയം 20 പേർ എന്ന മാനദണ്ഡം ആണ് പൊതുവേയുള്ളത്. അതൊക്കെ കടന്ന് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പ്രദേശത്താണ് ഇപ്പോൾ ആളെക്കൂട്ടാനുള്ള ശ്രമം നടക്കുന്നത്.

പൊലീസും ആരോഗ്യവകുപ്പ് അധികൃതരും വിവരം അറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് മാറ്റി വയ്ക്കാനുള്ള നിർദേശമൊന്നും നൽകിയിട്ടില്ല. കരക്കാർ സ്വമേധയാ പൊതുയോഗം മാറ്റി വച്ചതായും അറിവില്ല. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു നിൽക്കുന്ന ഒരു പ്രദേശത്ത്, ഇത്തരം ആൾക്കൂട്ടങ്ങൾ രോഗവ്യാപനം വർധിപ്പിക്കുമെന്നാണ് നാട്ടുകാരുടെ പരാതി.