- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന സർക്കാർ; റൂമുകളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് ഉത്തരവ്; നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം; റൂം നിരക്ക് ഉയർത്തി കൊള്ളലാഭം ഉണ്ടാക്കാൻ വഴിയൊരുങ്ങുമെന്ന് വിമർശനം
തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന സർക്കാർ. കോവിഡ് ചികിൽസയ്ക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദർശിപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
ചികിത്സയിൽ റൂമുകളുടെയും സ്യൂട്ടുകളുടെയും നിരക്ക് ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാൻ സർക്കാർ അനുമതി നൽകിയത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
നേരത്തെ കോവിഡ് ചികിൽസയ്ക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനറൽ വാർഡ്, ഓക്സിജൻ സംവിധാനമുള്ള വാർഡ്, ഐസിയു, വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു എന്നിവയ്ക്ക് നിരക്ക് നിശ്ചയിച്ചിരുന്നു.
അതിൽ റൂമിന്റെ വാടക എത്ര ഈടാക്കാമെന്ന് വ്യക്തത ഉണ്ടായിരുന്നില്ല. കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ റൂമുകളിലെ നിരക്ക് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സർക്കാരിന് കത്ത് നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതു പരിഗണിച്ചാണ് സ്വകാര്യ ആശുപത്രികൾക്ക് റൂമുകൾക്ക് നിരക്ക് നിശ്ചയിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയത്.
റൂമുകളിലെ സൗകര്യങ്ങളനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് സർക്കാരിന് നിരക്ക് നിർദേശിക്കാൻ അവസരമുണ്ടായിരുന്നിട്ടും ഉപയോഗപ്പെടുത്തിയില്ല. ഇതോടെ ചികിൽസക്ക് സർക്കാർ നിജപ്പെടുത്തിയ നിരക്ക് മാത്രം വാങ്ങിയാലും റൂം നിരക്കായി വൻ തുകവരെ ഈടാക്കാൻ ആശുപത്രികൾക്ക് കഴിയുമെന്നാണ് വിമർശനം.
സ്വകാര്യ ആശുപത്രികളിൽ വാർഡുകളേക്കാൾ കൂടുതലും റൂമുകളാണ് എന്നതിനാൽ രോഗികൾക്ക് പുതിയ ഉത്തരവ് തിരിച്ചടിയാവും. ഇതോടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസയ്ക്ക് ചെലവേറുമെന്ന് ഉറപ്പായി.
അതേസമയം, സ്വകാര്യ ഇൻഷുറൻസ് ഉള്ളവർക്ക് എത്ര നിരക്ക് ഈടാക്കാം എന്നതു സംബന്ധിച്ച മാനേജുമെന്റിന്റെ ആവശ്യത്തിൽ, ഇവർക്കും സർക്കാർ നിരക്ക് ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് വാർഡിലും ഐസിയുവിലും വെന്റിലേറ്റർ സൗകര്യം ഉപയോഗിക്കുമ്പോഴും മാത്രമാണ് ലഭിക്കുക.
ജനറൽ വാർഡുകളിൽ ഒരു ദിവസത്തിന് 2645 രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്.സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്കും, നേരത്തെ മറ്റ് അസുഖങ്ങൾക്കുള്ളവർക്കും കോവിഡ് ചികിത്സക്ക് സർക്കാർ നിരക്കേ ഈടാക്കാവു എന്നും പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ