- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗികളുടെയും മരണത്തിന്റെയും എണ്ണം ഇന്നലെയും കുറഞ്ഞു; കൊറോണ വന്നതോടെ 13 ലക്ഷം അനധികൃത കുടിയേറ്റക്കാർ മുങ്ങിയത് ബ്രിട്ടന്റെ ജനസംഖ്യ കുറയാൻ കാരണമാകും
ലണ്ടൻ: പ്രതിവാരാടിസ്ഥാനത്തിൽ വീണ്ടും കുറഞ്ഞ രോഗവ്യാപന നിരക്കും മരണനിരക്കും രേഖപ്പെടുത്തി ബ്രിട്ടൻ കോവിഡ് യുദ്ധത്തിൽ വിജയത്തോടടുക്കുകയാണെന്ന് വീണ്ടും തെളിയിച്ചു. ഇന്നലെ ,385 പുതിയ കേസുകളും 315 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപന നിരക്കിൽ 36 ശതമാനത്തിന്റെയും മരണനിരക്കിൽ 29 ശതമാനത്തിന്റെയുമാണ് കുറവുണ്ടായിട്ടുള്ളത്. ഇതിനു പുറമേ കൂടുതൽ ആശ്വാസമായി, ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം 10,000 ൽ താഴ്ന്നു എന്നുള്ള റിപ്പോർട്ടുകളും എത്തി.
പ്രതീക്ഷിച്ചതിനേക്കാൾ പുരോഗതിയാണ്‌കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടനു കൈവരിക്കാൻ കഴിഞ്ഞിരിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കർശനമായ നിയന്ത്രണങ്ങൾക്കൊപ്പം, പ്രതീക്ഷിച്ച വേഗതയിൽ മുന്നേറുന്ന വാക്സിൻ പദ്ധതിയും കോവിഡ് ദുരന്തത്തെ തടഞ്ഞു നിർത്താൻ ബ്രിട്ടനെ സഹായിച്ചതായിട്ടാണ് കണക്കാക്കുന്നത്. ഇതുവരെ 21 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ഇന്നലെ മാത്രം 2,25,000 പേർക്കാണ് ആദ്യ ഡോസ് നൽകിയത്.
ബ്രിട്ടനിൽ നടത്തിയ വിവിധ പഠനങ്ങൾ തെളിയിക്കുന്നത് ഓക്സ്ഫോർഡ് വാക്സിനും ഫൈസർ വാക്സിനും പ്രതീക്ഷിച്ചതിലും നല്ല ഫലങ്ങൾ നൽകുന്നു എന്നാണ്. അടുത്ത തിങ്കളാഴ്‌ച്ച സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാനിരിക്കെ, പൊതുവേ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് എങ്ങും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ നീക്കുന്ന പ്രക്രിയയ്ക്ക് വേഗത കൂട്ടണമെന്ന ആവശ്യത്തിനും ശക്തിയാർജ്ജിക്കുകയാണ്.
അതേസമയം, സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെങ്കിൽ പോലും പ്രഖ്യാപിച്ച തീയതികളിൽ ഉറച്ചു നിൽക്കാതെ, സാഹചര്യങ്ങളെ വിലയിരുത്തി മാത്രം ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുക എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. സാവധാനം, കരുതലോടെ നീങ്ങാൻ തന്നെയാണ് ബോറിസ് ജോണസന്റെ തീരുമാനവും
ബ്രിട്ടനിലെ ജനസംഖ്യ കുറയുന്നു
പല ലോകരാജ്യങ്ങളും ജനസംഖ്യാ വിസ്ഫോടനം ഒരു പ്രശ്നമായി കാണുമ്പോൾ കോവിഡാനന്തര കാലഘട്ടത്തിൽ ബ്രിട്ടനിലെ ജനസംഖ്യ കുറയുമെന്ന സൂചനകൾ പുറത്തുവരുന്നു. ബ്രിട്ടനിലുണ്ടായിരുന്ന നിരവധി കുടിയേറ്റ തൊഴിലാളികൾ ഈ പ്രതിസന്ധി കാലഘട്ടത്തിൽ ബ്രിട്ടനുപേക്ഷിച്ചു പോയിരുന്നു. ഇവർ തിരിച്ചുവരികയൊ, ഇവർക്ക് പകരം മറ്റു തൊഴിലാളികൾസം എത്താതിരിക്കുകയോ ചെയ്താൽ ബ്രിട്ടനിലെ ജനസംഖ്യയിൽ കുറവുവരുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
കോവിഡ്-19 പ്രതിസന്ധിയിൽ ബ്രിട്ടനിൽ നിന്നും ഏകദേശം 1.3 മില്യൺ കുടിയേറ്റ തൊഴിലാളികളാണ് തിരിച്ചുപോയിട്ടുള്ളത്. തൊഴിൽ സൈന്യത്തിൽ വന്ന ഈ കുറവ് ദീർഘകാലാടിസ്ഥാനത്തിൽ ബ്രിട്ടന് ദോഷകരമായിരിക്കുമെന്നും ഇവർ പറയുന്നു. തൊഴിൽ മേഖലയിൽ നിന്നും വരുന്ന ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത് നേരത്തേ ഔദ്യോഗിക കണക്കുകളിൽ വെളിപ്പെടുത്തിയതിനേക്കാൾ കുറവാകും ജനസംഖ്യ എന്നാണ്.
ഇതിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളീകളാണ്. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന്റെ കുടിയേറ്റ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ ഇവരുടെ തിരിച്ചുവരവ് കാഠിന്യമേറിയതാക്കുന്നു. മാത്രമല്ല, ഇപ്പോൾ ഇവിടെയുള്ള യൂറോപ്യൻ തൊഴിലാളികൾ തുടർന്ന് ഇവിടെ ജോലിചെയ്യണമെങ്കിൽ തങ്ങളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് സ്ഥിരീകരിക്കേണ്ടതുമുണ്ട്.
മറുനാടന് ഡെസ്ക്