- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനുകൾക്ക് ഉയർന്ന വില ഈടാക്കി കൊള്ളലാഭം കൊയ്യുന്നുവെന്ന് വിമർശനം; വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഇടപെടൽ; സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും വില താഴ്ത്തണമെന്ന് കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ കത്ത്
ന്യൂഡൽഹി: രാജ്യത്ത് ഉയർന്ന വാക്‌സിൻ വില ഈടാക്കി കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണെന്ന പരാതികളും വിമർശനങ്ങളും ഉയർന്നതോടെ, കേന്ദ്രസർക്കാരിന്റെ ഇടപെടൽ. പ്രമുഖ മരുന്ന് കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കോവിഡ് വാക്സിന്റെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇരു മരുന്ന് കമ്പനികൾക്കും കേന്ദ്രസർക്കാർ കത്തയച്ചതായാണ് വിവരം.
മെയ് ഒന്നുമുതലാണ് 18നും 45നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്. ഈ പ്രായപരിധിയിലുള്ളവർക്കുള്ള വാക്സിനേഷൻ സൗജന്യമായിരിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും പൊതുവിപണിയിൽ വിൽക്കേണ്ട വാക്സിനുകളുടെ നിരക്ക് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിന് സർക്കാർ തലത്തിൽ 400 രൂപയാണ് ഈടാക്കുക. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഡോസിന് 600 രൂപ ഈടാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് സർക്കാർ തലത്തിൽ ഡോസിന് 600 രൂപയാണ് വില. സ്വകാര്യ ആശുപത്രികളിൽ 1200 രൂപയ്ക്കാണ് വാക്സിൻ ലഭ്യമാക്കുക.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഷീൽഡിന് പൊതുവിപണിയിൽ ഉയർന്ന വിലയാണ് ഈടാക്കുന്നത് എന്ന് ആരോപിച്ച് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പങ്കാളിത്തതോടെ വികസിപ്പെടുത്ത കോവാക്സിന് കോവിഷീൽഡിനേക്കാൾ വില നിശ്ചയിച്ചതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
പുതിയ വാക്സിൻ നയം അനുസരിച്ച് പകുതി കേന്ദ്രസർക്കാരിന് അവകാശപ്പെട്ടതാണ്. കേന്ദ്രസർക്കാരിന് ഡോസിന് 150 രൂപയ്ക്കാണ് വാക്സിൻ നൽകുന്നത്. ഈ പശ്ചാത്തലത്തിൽ പൊതുവിപണിയിൽ വാക്സിന്റെ ഉയർന്ന വില വർധനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ്, കേന്ദ്രസർക്കാരിന്റെ ഇടപെടൽ. വാക്സിന്റെ വില കുറയ്ക്കാൻ ഇരു കമ്പനികളോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്
മറുനാടന് മലയാളി ബ്യൂറോ