ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിൽ രണ്ടാം ഡോസ് എടുക്കാനുള്ളവർക്കു മുൻഗണന നൽകാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര നിർദ്ദേശം. കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന വാക്സിനിൽ എഴുപതു ശതമാനവും രണ്ടാം ഡോസുകാർക്കായി മാറ്റിവയ്ക്കാൻ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദ്ദേശം നല്കി.

വാക്സിൻ പാഴാക്കുന്നതു പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ശരാശരിയേക്കാൾ കൂടുതൽ വാക്സിൻ പാഴാക്കുന്നവർ ലഭിക്കുന്ന ഡോസിൽ അത് കണ്ടെത്തേണ്ടി വരും.

രണ്ടാം ഡോസുകാർക്ക് കൃത്യസമയത്ത് വാക്സിൻ കൊടുക്കുക എന്നതു പ്രധാനമാണെന്ന്, സംസ്ഥാന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യമന്ത്രലയം വ്യക്തമാക്കി. അതിനായി കേന്ദ്രത്തിൽനിന്നു കിട്ടുന്നതിൽ എഴുപതു ശതമാനമെങ്കിലും മാറ്റിവയ്ക്കണം. ശേഷിക്കുന്നതു മാത്രമേ ഒന്നാം ഡോസ് സ്വീകരിക്കുന്നവർക്കു നൽകാവൂ. എഴുപതു ശതമാനം എന്നത് നൂറു ശതമാനം വരെയാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

ഓരോ സംസ്ഥാനത്തിനും അടുത്ത രണ്ടാഴ്ചത്തേക്കുള്ള വാക്സിൻ വിവരങ്ങൾ മുൻകൂട്ടി നൽകും. ഇതനുസരിച്ച് സംസ്ഥാനങ്ങൾക്കു ബുക്കിങ് നടത്താനാവും. മെയ് 15 മുതൽ 31 വരെയുള്ള വാക്സിൻ വിതരണ വിവരങ്ങൾ 14ന് നൽകുമെന്ന് കേന്ദ്രം അറിയിച്ചു.

റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും അനുവദിക്കാമെന്ന് ഐസിഎംആർ ഡിജി ഡോ.ബൽറാം ഭാർഗവ അറിയിച്ചു. ഇതിനായി അക്രഡിറ്റേഷൻ ആവശ്യമില്ല. ഏപ്രിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ രാജ്യത്ത് നടത്തി. 19,45,299 ടെസ്റ്റുകൾ. ആർടി-പിസിആർ കോവിഡ് പോസിറ്റീവായവരിൽ ആവർത്തിക്കേണ്ടതില്ല. അന്തർ സംസ്ഥാന യാത്രയ്ക്ക് ആരോഗ്യമുള്ള ആളുകൾ പരിശോധന നടത്തേണ്ടതില്ല. ദേശീയ പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണെന്നും ഡോ.ബൽറാം ഭാർഗവ പറഞ്ഞു. ഏപ്രിൽ 27 ന് സേഷം ദേശീയ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെന്നും കേന്ദ്രസർക്കാർ അവകാശപ്പെട്ടു.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ

1. ആദ്യ ഡോസ് എടുത്ത എല്ലാ ഗുണഭോക്താക്കൾക്കും രണ്ടാമത്തെ ഡോസ് എടുക്കുന്നതിൽ മുൻഗണന നൽകുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം.

കേന്ദ്ര സർക്കാർ സൗജന്യമായി അനുവദിക്കുന്ന വാക്‌സിൻ ഡോസുകളിൽ 70 ശതമാനമെങ്കിലും രണ്ടാമത്തെ ഡോസ് എടുക്കുന്നതിനായി സംസ്ഥാനങ്ങൾ മാറ്റി വയ്ക്കണം. ബാക്കി 30% ആദ്യ ഡോസിനായി നീക്കിവയ്ക്കാം. ഇതൊരു നിർദ്ദേശം മാത്രമാണ്. 100% വരെ ഡോസുകൾ രണ്ടാം ഡോസ് വാക്‌സിനേഷനായി മാറ്റിവയ്ക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ട്.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് വാക്‌സിനേഷൻ പൂർണ്ണമാക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവൽക്കരണം ഊർജ്ജിതമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

2. മെച്ചപ്പെട്ട ആസൂത്രണം സാധ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന കോവിഡ് വാക്‌സിനുകളുടെ വിഹിതം സംബന്ധിച്ച് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. മെയ് 15 മുതൽ 31 വരെയുള്ള കാലയളവിലേക്ക് അനുവദിക്കുന്ന അടുത്ത വിഹിതത്തെ കുറിച്ചുള്ള വിവരങ്ങൾ മെയ് 14 ന് സംസ്ഥാനങ്ങളെ അറിയിക്കും.

3. വാക്‌സിൻ പാഴാക്കുന്നത് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

4. ഉദാരവൽക്കരിച്ച മൂന്നാം ഘട്ട പ്രതിരോധ കുത്തിവയ്‌പ്പ് ആരംഭിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നുള്ള സൗജന്യ വാക്സിന് (ഒ.ജി.ഒ.ഐ) പുറമെയുള്ള സംഭരണത്തെക്കുറിച്ചും സംസ്ഥാനങ്ങളോട് വിശദീകരിച്ചു. വാക്‌സിൻ നിർമ്മാതാക്കളുമായുള്ള ഏകോപനത്തിനും, കാര്യക്ഷമമായ സംഭരണത്തിനും സംസ്ഥാന തലത്തിൽ 2 അല്ലെങ്കിൽ 3 മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘം രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളുമായുള്ള ഏകോപനം സുഗമമാക്കുന്നതിനും ഈ സംഘം പ്രവർത്തിക്കും.

5. വാക്‌സിനേഷൻ യജ്ഞത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ ഫലപ്രദമായി നേരിടാൻ കോവിൻ പ്ലാറ്റ്‌ഫോമും പരിഷ്‌കരിക്കുന്നുണ്ട്. നന്നായി ആസൂത്രണം ചെയ്ത് പ്രതിരോധ കുത്തിവയ്‌പ്പ് പൂർത്തിയാക്കുന്നതിന്, രണ്ടാമത്തെ ഡോസ് എടുക്കേണ്ടവരുടെ പട്ടിക സംസ്ഥാനങ്ങൾക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഡിസ്ട്രിക്റ്റ് ഇമ്മ്യൂണൈസേഷൻ ഓഫീസർ (ഡിഐഒ), കോവിഡ് വാക്‌സിനേഷൻ സെന്റർ (സിവിസി) മാനേജർ എന്നിവർക്ക് ആവശ്യാനുസരണം ഓരോ സെഷനിലും ശേഷി വർദ്ധിപ്പിക്കാൻ കഴിയും (നേരത്തെ ഇത് 100 ആയി പരിമിതപ്പെടുത്തിയിരുന്നു). കൂടാതെ വരാനിരിക്കുന്ന സെഷനുകളിൽ ലക്ഷ്യമിടുന്നവരെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും കഴിയും. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളില്ലാത്ത വൃദ്ധ സദനങ്ങളിലെ മുതിർന്ന പൗരന്മാരായ ഗുണഭോക്താക്കൾക്കും ഇനിമേൽ രജിസ്റ്റർ ചെയ്യാം.