ന്യൂഡൽഹി: വാക്‌സിൻ വിതരണത്തിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്ത്യയും. കോവിഡ് വാക്‌സീനുകൾക്ക് ഏതാനും ആഴ്ചകൾക്കകം കേന്ദ്രം അനുമതി നൽകിയേക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് അനുമതിക്കായി അപേക്ഷിച്ച ഇന്ത്യൻ കമ്പനികൾ. മൂന്ന് വിഭാഗങ്ങളിലായി 30 കോടി ആളുകൾക്ക് ആദ്യഘട്ടത്തിൽ വാക്‌സീൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.

കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഫൈസർ, ഭാരത് ബയോടെക് എന്നിവ സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി ബുധനാഴ്ച യോഗം ചേരുന്നുണ്ട്.ബ്രിട്ടിഷ് സ്വീഡിഷ് കമ്പനി അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്‌സ്ഫഡ് സർവകലാശാല നിർമ്മിച്ച കോവിഷീൽഡ് വാക്‌സീന്റെ ഇന്ത്യയിലെ ഉൽപാദന പരീക്ഷണ കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കേന്ദ്രത്തെ സമീപിച്ച ആദ്യ ഇന്ത്യൻ സ്ഥാപനം. അധികം താമസിയാതെ തന്നെ ഇന്ത്യയിൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.,

ബോധവൽക്കരണം ആവശ്യം, വെല്ലുവിളികളേറെ

വാക്‌സീൻ വിതരണത്തിന്റെ പ്രധാന ഘട്ടത്തിലേക്കു കടക്കുന്ന ഇന്ത്യയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നചത്. നേരിയ വിപരീതഫലം എല്ലാ വാക്‌സീനുകൾക്കുണ്ടാകാമെന്ന കാര്യം ആളുകളെ ബോധവൽക്കരിക്കുക, വ്യാജപ്രചാരണം തടയുക തുടങ്ങിയ വെല്ലുവിളികൾ ഇനിയുണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

മനുഷ്യരിൽ പരീക്ഷണം നടക്കുന്ന 6 വാക്‌സീനുകളും പ്രീ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലുള്ള 3 വാക്‌സീനുകളും ഇന്ത്യയ്ക്കുണ്ട്. ഇതിൽ 2 ഡോസ് വീതം സ്വീകരിക്കേണ്ടവയാണ് ഏറെയുമെങ്കിലും സൈഡസ് കാഡിലയുടേത് പോലെ 3 ഡോസുകൾ വേണ്ടിവരുന്നവയും ഉണ്ട്. വാക്‌സീൻ കുത്തിവയ്പുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിന്റെ തയ്യാറെടുപ്പും പരിഗണനാ വിഷയങ്ങളും ഇങ്ങനെ:

വിതരണരീതി

ഒരു വർഷത്തോളം നീളുന്ന വിതരണ രീതിയാണ് രാജ്യം പ്ലാൻ ചെയ്യുന്നത്. ഒരാൾക്കു വാക്‌സീൻ കുത്തിവയ്ക്കാൻ 30 മിനിറ്റ് വരെയെടുക്കാം എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വിപരീതഫലങ്ങൾ ഉണ്ടാകുമോയെന്ന് നിരീക്ഷിക്കാൻ കൂടിയാണിത്. വാക്‌സീൻ കേന്ദ്രങ്ങളിലെ ഓരോ സെഷനിലും 100 പേർക്കു വരെ വാക്‌സീൻ നൽകും. സാർവത്രിക പ്രതിരോധ കുത്തിവയ്പു പരിപാടിയിൽ നിലവിൽ 2.39 ലക്ഷം മിഡ്‌വൈഫുമാരുണ്ട്. ഇവരിൽ നിന്ന് 1.54 ലക്ഷം പേരെ കോവിഡ് വാക്‌സീൻ നൽകാൻ നിയോഗിക്കും. കൂടുതൽ ആളുകളെ അതതു സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കും.

ശീതീകരണത്തിനുള്ള കോൾഡ് ചെയിൻ പോയിന്റുകൾ 28,947യാണ് ര്ജായത്തുള്ളത്. കൂടാതെ അനുബന്ധ ഉപകരണങ്ങളുടെ എണ്ണം 85,634 (കൂളറുകൾ, ഫ്രീസറുകൾ, ഡീപ് ഫ്രീസറുകൾ, ഐസ് ലൈൻഡ് റഫ്രിജറേറ്ററുകൾ, കോൾഡ് സ്റ്റോറേജ് ട്രക്കുകൾ തുടങ്ങിയവ അടക്കം) (ഇപ്പോഴത്തെ ശേഷിയനുസരിച്ച് ആദ്യത്തെ 3 കോടി പേർക്ക് വേണ്ട 6 കോടി ഡോസ് ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. നാളെ മുതൽ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സൗകര്യമെത്തും)

സംസ്ഥാന, ജില്ലാ, ബ്ലോക്ക് എന്നിങ്ങനെ ത്രിതല സംവിധാനമുണ്ടാകുമെങ്കിലും വാക്‌സീൻ വിതരണത്തിനുള്ള ദേശീയ വിദഗ്ധ സമിതിക്കു കീഴിലാകും ഇവയുടെ പ്രവർത്തനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സമിതി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കർമ സമിതി, കൺട്രോൾ റൂം എന്നതാണ് സംസ്ഥാനതല ഘടന. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും സമാന രീതിയിൽ സമിതികളുണ്ടാകും. കലക്ടർ, തഹസിൽദാർ എന്നിവർക്കായിരിക്കും ചുമതല. എല്ലാ തലത്തിലും കൺട്രോൾ റൂമുകളും പ്രവർത്തിക്കും.

വിതരണ മാതൃക

വാക്‌സിൻ വിതരത്തിനായി സിറിഞ്ച്, നീഡിലുകൾ എന്നിവയുടെ അധികസംഭരണം തുടങ്ങിയട്ടുണ്ട്. വാക്‌സീൻ വിതരണത്തിനുള്ള നടപടിക്രമങ്ങൾക്ക് അന്തിമരൂപമാകുന്നു. പരിശീലന സാമഗ്രികളും ഉണ്ടാകുമെന്നത് ഉറപ്പാണ്. വാക്‌സീൻ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ കോവിൻ സോഫ്റ്റ്‌വെയറും ആപ്ലിക്കേഷനും സുസജ്ജം. ഓരോ കേന്ദ്രത്തിലും വാക്‌സീൻ സൂക്ഷിച്ചിരിക്കുന്ന താപനിലയിൽ മാറ്റം ഉണ്ടാകുന്നുണ്ടോ എന്നു പോലും വിലയിരുത്താനാകും.

അനുമതി തേടിയത് മൂന്ന് വാക്‌സിനുകൾ

രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണതിന് അനുമതി തേടിയത് മൂന്ന് സ്ഥാപനങ്ങളാണ്. ബ്രിട്ടനിൽ വിതരണം തുടങ്ങിയ ഫൈസർ വാക്‌സീൻ, ഓക്‌സ്ഫഡ് വികസിപ്പിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ്, ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനായ കോവാക്‌സീനു വേണ്ടി ഭാരത് ബയോടെക് എന്നീ കമ്പനികളാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരിക്കുന്നത്.

ഇന്ത്യയിൽ പരീക്ഷണം നടത്താതെ കോവിഡ് വാക്‌സീനുകൾക്ക് അംഗീകാരം നൽകില്ലെന്ന നിലപാട് മയപ്പെടുത്തി കേന്ദ്ര സർക്കാർ. അടിയന്തര അനുമതി നൽകുമ്പോൾ ആവശ്യമെങ്കിൽ മനുഷ്യരിലെ പരീക്ഷണം ഒഴിവാക്കാൻ പോലും നിയമമുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. പരീക്ഷണം പൂർത്തിയാക്കാതെയും ഇന്ത്യയിൽ നടത്താതെയും കമ്പനികൾ അനുമതിക്കായി സമീപിച്ചിരിക്കെയാണു പ്രതികരണം.

ഇന്ത്യയിൽ കോവിഡ് വാക്‌സീന്റെ വില സംബന്ധിച്ച് കമ്പനികളുമായി ചർച്ച തുടങ്ങിയെങ്കിലും തീരുമാനമായില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. വിവിധ കമ്പനികളിൽനിന്നു വാക്‌സീൻ കേന്ദ്ര സർക്കാരായിരിക്കും ശേഖരിക്കുക. സംസ്ഥാനങ്ങൾക്കു കൈമാറുന്നതും കേന്ദ്രമാകും. താങ്ങാവുന്ന വിലയ്ക്ക് കമ്പനികൾ സർക്കാരിന് വാക്‌സീൻ നൽകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം 'മനോരമ'യോട് പറഞ്ഞു.

കോവിഷീൽഡ് കുറച്ചു വാക്‌സീനുകൾ 225 രൂപയ്ക്കു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതൊഴികെ മറ്റു വാക്‌സീൻ 2 ഡോസ് 1000 രൂപയ്ക്കു താഴെ ലഭ്യമാക്കുമെന്ന് സീറം സിഇഒ അദാർ പുനെവാല വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മുതലാണ് കമ്പനി വാക്‌സീൻ സ്വകാര്യ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നത്.

അതിനിടെ, ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ കോവിഡ് വാക്സിന്റെ ലക്ഷക്കണക്കിന് ഡോസുകൾ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള ശീതീകരിച്ച കണ്ടെയ്നറുകളും പ്രത്യേക മേഖലകളും തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ട് വിമാനത്താവളങ്ങളിലും ഇപ്പോൾതന്നെ മരുന്നുകളും വാക്സിനുകളും സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ആധുനിക സംവിധാനങ്ങളുണ്ട്. താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ ക്രമീകരിക്കാവുന്ന കൂൾ ചേംബറുകൾ, വാക്സിൻ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളിൽനിന്ന് കാർഗോ ടെർമിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികൾ എന്നിവ രണ്ടിടത്തും ഉണ്ട്.

കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ലക്ഷക്കണക്കിന് പിപിഇ കിറ്റുകളും, മരുന്നുകളും, പെട്ടെന്ന് കേടുവരുന്ന വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന ഹബ്ബുകളായി രണ്ട് വിമാനത്താവളങ്ങളും പ്രവർത്തിച്ചിരുന്നു. വാക്സിനുകൾ മനുഷ്യ സ്പർശമേൽക്കാതെ തന്നെ കൈകാര്യം ചെയ്യാനും സംഭരിക്കാനും രണ്ടിടത്തും സാധിക്കും. ഓക്സഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര സെനിക്കയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നത്. യു.കെയിലും ബ്രസീലിലും നടത്തിയ പരീക്ഷണങ്ങളിൽ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

ഫൈസറും ജർമൻ പങ്കാളിയായ ബയോൻടെക്കും ചേർന്ന് വികസിപ്പിച്ച വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിലും വ്യക്തമായിട്ടുള്ളത്. യു.കെയിൽ ഫൈസർ/ബയോൺടെക് വാക്സിൻ നൽകാൻ തുടങ്ങിയിട്ടുണ്ട്. കോവാക്സിനാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ. മൂന്നാംഘട്ട പരീക്ഷണ ഘട്ടത്തിലുള്ള ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.