- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിൻ ഒരു ഡോസ് എടുത്തവരുടെ എണ്ണത്തിൽ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ; 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു; രാജ്യത്ത് 377 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. കോവിഡ് പ്രതിരോധ വാക്സിൻ 22 കോടി 41 ലക്ഷം പേർക്ക് ഇതുവരെ നൽകിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് രോഗമുക്തി നിരക്ക് 93 ശതമാനം പിന്നിട്ടു. രാജ്യത്ത് 377 ജില്ലകളിൽ അഞ്ചുശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 59 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1,20,529 കോവിഡ് കേസുകളാണ് ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്.
3,380 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.ഇതുവരെ 2,86,94,879 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,67,95,549 പേർ രോഗമുക്തി നേടി. 3,44,082 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവിൽ രാജ്യത്തെ സജീവ കേസുകൾ 15,55,248 ആണ്.രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 68 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ കേസുകളിൽ 66 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
ി കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിന്ന് പതിയെ തിരിച്ചുവരുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളത്. പ്രതിദിന കോവിഡ് നിരക്കും, ചികിത്സയിലുള്ള രോഗികളുടെ എണ്ണവുമെല്ലാം കുറഞ്ഞുവരുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളിലായി നാം കണ്ടത്.
ഇതിനിടെ കോവിഡ് വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയെ ഇന്ത്യ പിന്നിലാക്കിയെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അറിയിച്ചു.
'കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും സ്വീകരിച്ചവർ 17.2 കോടി പേരാണ്. എന്നുവച്ചാൽ നമ്മൾ അമേരിക്കയെ മറികടന്നിരിക്കുന്നു. എന്നാൽ ഇതുകൊണ്ട് മാത്രം ഫലമില്ല...'- ഡോ. വി കെ പോൾ പറയുന്നു.
ആദ്യതരംഗത്തിന് അൽപം ശമനം വന്നതോടെ നിയന്ത്രണങ്ങളിൽ അയവ് വരികയും, സാധാരണജീവിതത്തിലേക്ക് ജനം മടങ്ങുകയും ചെയ്തിരുന്നു. ഇതാണ് രണ്ടാം തരംഗം ഇത്രമാത്രം രൂക്ഷമാകാൻ കാരണമായി മാറിയത്. സമാനമായി രണ്ടാം തരംഗത്തിന് ശമനം സംഭവിക്കുമ്പോഴും നിയന്ത്രണണങ്ങൾ പിൻവലിക്കപ്പെടുമെന്നും അതോടെ വീണ്ടും വൈറസ് വ്യാപനം തീവ്രതയാർജ്ജിക്കുമെന്നും ഡോ. പോൾ വിശദമാക്കുന്നു. അതിന് മുമ്പേ പരമാവധി പേരുടെ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
അതേസമയം പ്രതിദിനം നൂറിലധികം കോവിഡ് കേസുകളെങ്കിലും റിപ്പോർട്ട് ചെയ്തിരുന്ന പല ജില്ലകളിലും ഇപ്പോൾ കേസുകൾ നൂറിന് താഴെ എന്ന നിലയിലായതായി കേന്ദ്ര മന്ത്രാലയം അറിയിക്കുന്നു. ഇപ്പോൾ ആകെ 257 ജില്ലകളിലാണ് പ്രതിദിനം നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ചയെ അപേക്ഷിച്ച് വെള്ളിയാഴ്ച ആയപ്പോഴേക്ക് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ 1,790 കേസുകളുടെ കുറവാണ് വന്നിരിക്കുന്നത്. തീർച്ചയായും ഇത് ആശ്വാസം പകരുന്ന വാർത്ത തന്നെയായിട്ടാണ് ആരോഗ്യവിദഗ്ധരും കണക്കാക്കുന്നത്. എന്നാൽ ഇനിയും നാം അലക്ഷ്യമായി മുന്നോട്ടുപോയാൽ വീണ്ടുമൊരു തരംഗം കൂടി കടന്നുപോകേണ്ടതായി വരുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ന്യൂസ് ഡെസ്ക്