ന്യൂഡൽഹി: ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള വാക്സിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കും വാക്‌സീൻ നൽകും. കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്.

30 കോടി ആളുകൾക്ക് വാക്‌സീൻ നൽകാണ് നടപടി പുരോഗമിക്കുന്നത്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്കാണ് ആദ്യം വാക്‌സീൻ നൽകുന്നത്. മൂന്നു കോടിയിൽ ഒരു കോടി ആരോഗ്യ പ്രവർത്തകരാണ്. ഇവർക്കായിരിക്കും ആദ്യം വാക്‌സീൻ നൽകുന്നത്. അതിന് ശേഷമായിരിക്കും പൊലീസ് അടക്കമുള്ളവർക്ക്.

50 വയസ്സിന് മുകളിലുള്ള ജീവിതശൈലി രോഗങ്ങളുള്ളവർക്കായിരിക്കും മൂന്നാം ഘട്ടത്തിൽ വാക്‌സീൻ നൽകുന്നത്. ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടുതൽ കോവിഡ് വാക്‌സീനുകൾക്ക് ഉടൻ അനുമതി നൽകും. കോവിഷീൽഡ് വാക്‌സീൻ നൽകാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓർഡർ നൽകി. ഒരു കോടി വാക്‌സീനാണ് ഓർഡർ നൽകിയത്. .

ജനുവരി 16 മുതൽ കോവിഡ് -19 ന് എതിരെയുള്ള വാക്സിൻ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി സംസ്ഥാനങ്ങൾ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കുന്നതും ആരോഗ്യപ്രവർത്തകർ, മറ്റ് മുൻനിര പ്രവർത്തകർ തുടങ്ങിയവരുടെ രജിസ്ട്രേഷനും അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു.

സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. 'സംസ്ഥാന സർക്കാരുകൾ സ്വന്തമായി വാങ്ങുകയാണെങ്കിൽ കമ്പനികളുമായി വിലനിർണ്ണയത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. കേന്ദ്ര സർക്കാരിനെ പോലെ ഒരു ഏജൻസി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് നല്ലത്. ഇതായിരിക്കും രാജ്യത്തിന് നല്ലത്', മോദി പറഞ്ഞു.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശാസ്ത്രീയമായ നടപടിക്രമങ്ങളും പാലിച്ചാണ് രണ്ട് വാക്സിനുകൾക്ക് അംഗീകാരം നൽകിയത്. വിശ്വസനീയമായ നടപടികളാണ് ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയിൽ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിച്ചതിൽ സംതൃപ്തിയുണ്ട്. പെട്ടെന്നുള്ള തീരുമാനങ്ങൾ പൂർണ്ണ വിവേകത്തോടുകൂടിയാണ് എടുത്തത്. തത്ഫലമായി, കോവിഡ് ലോകത്ത് എല്ലായിടത്തും വ്യാപിച്ചത് പോലെ ഇന്ത്യയിൽ വ്യാപിച്ചില്ലെന്നും മോദി അവകാശപ്പെട്ടു.

രാജ്യത്ത് അംഗീകരിച്ച രണ്ട് തദ്ദേശീയ വാക്സിനുകളും ചെലവ് കുറഞ്ഞതാണ്. സ്വകാര്യ രംഗത്തേയും സർക്കാർ രംഗത്തേയും കോവിഡ് മുന്നണി പോരാളികൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാകും. വാക്സിൻ കുത്തിവയ്‌പ്പിന്റെ തത്സമയ ഡാറ്റ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും ഡിജിറ്റൽ ജെനറേറ്റഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇത് ഡാറ്റ ഉറപ്പാക്കുകയും രണ്ടാമത്തെ ഡോസിനായി അറിയിപ്പ് നൽകാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അടുത്ത കുറച്ച് മാസങ്ങളിൽ 30 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിടുന്നുവെന്നും മോദി പറഞ്ഞു.