ലണ്ടൻ: മഹാമാരികൾക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്പുകൾ ആദ്യമായല്ല. ഒരു കുട്ടി ജനിക്കുന്നതു മുതൽ പല കാലഘട്ടങ്ങളിലായി പലതരം രോഗ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് പദ്ധതിയായി മാറുകയാണ് കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് പദ്ധതി. ഒരുപക്ഷെ, സമാധാനകാലത്ത് ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന പദ്ധതി കൂടിയാകാം ഇത്. പക്ഷെ, അതിന്നർത്ഥം ഇത് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ലഭിക്കും എന്നാണോ ?

ഫൈസർ/ബയോൺടെക് വാക്സിൻ ബ്രിട്ടനിൽ ലഭ്യമാകുവാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അത് ആർക്കൊക്കെ ലഭിക്കും? എപ്പോൾ ലഭിക്കും തുടങ്ങിയ വിശദാംശങ്ങളും പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തിനു മുൻപായി ദശലക്ഷക്കണക്കിന് പ്രതിരോധ മരുന്നു ഡോസുകൾ ലഭ്യമാക്കാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥർ. ഓരോരുത്തർക്കും രണ്ട് ഡോസ് മരുന്നാണ് വേണ്ടത് എന്നതിനാൽ ഈ വർഷം അവസാനിക്കുന്നതിനു മുൻപ് ലക്ഷക്കണക്കിന് ആളുകൾക്ക് ഈ വാക്സിൻ നൽകാൻ കഴിയും.

അതേസമയം, എൻ എച്ച് എസ്സിലെ മുൻനിര ആരോഗ്യ പ്രവർത്തകർ, രോഗവ്യാപന സാധ്യത അധികമായി ഉള്ളവർ, പ്രായമായവർ, കെയർ ഹോം അന്തേവാസികൾ എന്നിവർക്ക് അടുത്ത ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ഈ വാക്സിൻ ലഭ്യമാക്കുക എന്നത് അനിതരസാധാരണമായ സംഘാടനം ആവശ്യമായതും അതീവ സങ്കീർണ്ണമായതുമായ ഒരു പ്രക്രിയയാണ്. ഇതിനു ശേഷം, അടുത്ത വർഷം ആരംഭത്തോടെ ആയിരിക്കും രാജ്യത്തെ മറ്റുള്ളവർക്ക് ഇത് ലഭ്യമാക്കുക. ഈ വാക്സിന്റെ വഴികളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം, ഇതിനെ കൂടുതൽ അടുത്തറിയാം.

ബെൽജിയത്തിലെ പൂഴ്സിലുള്ള ഫൈസർ കമ്പനിയിൽ നിന്നാണ് യാത്ര തുടരുന്നത്. ഓരോ സ്യുട്ട്കേസിന്റെ വലിപ്പത്തിലുള്ള പ്രത്യേകം നിർമ്മിച്ച കൺടെയ്നറുകളിലായിരിക്കും ഈ വാക്സിൻ ട്രക്കുകളിൽ കയറ്റുക. വളരെ താഴ്ന്ന താപനിലയിൽ സംരക്ഷിക്കേണ്ടതിനാൽ, ഡ്രൈ ഐസ് നിറച്ചായിരിക്കും പാക്കിങ്. വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷന്റെ ജോയിന്റ് കമ്മിറ്റിയുടെ ഉപദേശപ്രകാരം കെയർ ഹോം അന്തേവാസികൾക്കും ജീവനക്കാർക്കും ആയിരിക്കും ആദ്യം വാക്സിൻ ലഭ്യമാക്കുക.

അതേസമയം ഇത്തരം ഉദ്പന്നങ്ങൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്ന തവണകളുടെ എണ്ണത്തിൽ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ പ്രക്രിയ അതീവ സങ്കീർണ്ണമായിരിക്കും എന്നാണ് അധികൃതർ പറയുന്നത്. 975 ഡോസുകൾ അടങ്ങിയ ഒരു പാക്കറ്റ്, ഒട്ടു പാഴാകാതെ എവിടേയ്ക്കൊക്കെ ഉപയോഗിക്കണം എന്നതിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയും. അതായത്, അടുത്ത ആഴ്‌ച്ച എത്തുന്ന ആദ്യ ബാച്ചുകൾ സംഭരണ സൗകര്യമുള്ള 50 ഹോസ്പിറ്റൽ ഫെസിലിറ്റികളിലേക്ക് പോകും.

പിന്നീട് ഇവ കെയർ ഹോമുകളിലെ അന്തേവാസികൾ, കെയർ ഹോമിലേയും എൻ എച്ച് എസിലേയും ജീവനക്കാർ, അടുത്ത് ആശുപത്രികൾ സന്ദർശിക്കാനിരിക്കുന്ന മുതിർന്നവർ എന്ന മുൻഗണനാ ക്രമത്തിൽ കൊടുത്തു തുടങ്ങും. വാക്സിൻ തെല്ലും പാഴാകരുത് എന്ന ഉദ്ദേശത്തിലാണ് ഇത്തരത്തിൽ ഒരു മുൻഗണനാ ക്രമം നിശ്ചയിച്ചിട്ടുള്ളത്. അടുത്ത വർഷം ആരംഭത്തോടെ കൂടുതൽ വാക്സിൻ ഡോസുകൾ ലഭ്യമാകുമ്പോൾ, പ്രാദേശിക വാക്സിനേഷൻ സെന്ററുകളിൽ ഇവ നൽകുവാനായി ആളുകളെ കത്ത് മുഖാന്തിരമോ ടെക്സ്റ്റ് മെസേജ് മുഖാന്തിരമോ ക്ഷണിക്കും.

ഇത്തരം സെന്ററുകളിൽ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്സ്, പ്രത്യേക പരിശീലനം സിദ്ധിച്ചമറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ലഭ്യമാകും. ഫാർമസിസ്റ്റുമാർ, സൈക്കോതെറാപിസ്റ്റുമാർ, ദന്ത ചികിത്സകർ തുടങ്ങിയവർ ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. സന്നദ്ധ പ്രവർത്തകർ, സെയിന്റ് ജോൺസ് ആംബുലൻസ് മെംബർമാർ, വിദ്യാർത്ഥികൾ, ലൈഫ്ഗാർഡുകൾ, അഗ്‌നിശമന സേനാ പ്രവർത്തകർ, എയർലൈൻ ജീവനക്കാർ എന്നിവർക്കും പ്രതിരോധ കുത്തിവയ്പ് നടത്തുവാനുള്ള പരിശീലനം നൽകും.

ജി പി മാർക്ക് കെയർ ഹോമുകളിലും വീടുകളിലും പോയി വാക്സിൻ നൽകുവാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. എന്നാൽ, ഇത്തരം ഉദ്പന്നങ്ങൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീക്കം ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങൾ മൂലം ഇത് എത്രമാത്രം പ്രാവർത്തികമാകുമെന്ന് പറയുവാൻ കഴിയില്ല. മുൻഗണനാ പ്രകാരമുള്ളവർക്ക് നൽകിക്കഴിഞ്ഞാൽ പിന്നെ വ്യാപകമായ രീതിയിൽ വാക്സിൻ നൽകാൻ ആരംഭിക്കും. ഫുട്ബോൾ ഗ്രൗണ്ട് പോലുള്ള വേദികളിലായിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക.ആഴ്‌ച്ചയിൽ ഏഴു ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ പ്രവർത്തിക്കുന്നവയായിരിക്കും ഇത്തരം വാക്സിനേഷൻ കേന്ദ്രങ്ങൾ.

വാക്സിൻ എടുത്തുകഴിഞ്ഞാൽ പിന്നെ അതിന്റെ പാർശ്വഫലങ്ങൾ നിരീക്ഷിക്കുന്ന പദ്ധതിയിൽ ചേരുവാൻ ആളുകളോട് ആവശ്യപ്പെടും. ഇതുവരെയും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്താനായിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.