ബംഗളൂരു: മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് വാക്സിൻ നൽകിയ ആരോഗ്യവകുപ്പ് ജീവനക്കാരെ സസ്പെന്റ് ചെയ്തു. കർണാടക കൃഷിമന്ത്രി ബിസി പാട്ടീലിനും ഭാര്യയ്ക്കുമാണ് മാനദണ്ഡങ്ങൾ പാലിക്കാതെ ആരോഗ്യജീവനക്കാർ വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകിയത്. ഇത് ചട്ടലംഘനമായി കണ്ടെത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.

മാർച്ച് 26നാണ് നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥർക്ക് ആവർത്തിച്ചുള്ള പരീശീലനവും നിർദേശവും നിൽകിയിട്ടും മന്ത്രിക്ക് വീട്ടിലെത്തി വാക്സിൻ നൽകുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കുന്നതുവരെ ജോലി സ്ഥലത്തുനിന്ന് പുറത്തുപോകരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട. മാർച്ച് രണ്ടിനാണ് മന്ത്രിയുടെ വീട്ടിലെത്തി 60നും 45 വയസിനും മുകളിലുള്ളവർക്ക് വാക്സിൻ നൽകിയത്.

വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ച മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ആരോഗ്യമന്ത്രി കെ സുധാകറും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.