- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഇതിനോടകം വാക്സിൻ കയറ്റുമതി ചെയ്തത് എൺപതിൽ അധികം രാജ്യങ്ങളിലേക്ക്; 6.44 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു; 1.82 കോടി ഡോസ് വാക്സിനുകൾ സൗജന്യമായി വിതരണം ചെയ്യാനും നൽകി
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കോവിഡ് വാക്സിൻ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 80-ൽ അധികം രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകിയെന്നും വാക്സിൻ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ രാജ്യങ്ങൾക്ക് 6.44 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു. 1.82 കോടി ഡോസ് വാക്സിനുകൾ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അന്താരാഷ്ട്രപദ്ധതിയായ കോവാക്സിന്റെ ഭാഗമായും നൽകി. വാക്സിന്റെ ആഭ്യന്തര ആവശ്യം കണക്കിലെടുത്തുകൊണ്ട് വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതായി വാർത്തകളുണ്ടായിരുന്നു. കാനഡയിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ നിർത്തിവെച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,097 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ബ്രസീലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. അമേരിക്കയിൽ ഏപ്രിൽ ഒന്നിന് റിപ്പോർട്ട് ചെയ്യപ്പെട്ടതാകട്ടെ 77,718 പുതിയ കേസുകളുമാണ്.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. അന്നു മുതൽ ഇന്നേവരെ 1,23,03,131 പേർക്ക് കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയിൽ ആദ്യ കേസ് റിപ്പോർട്ടു ചെയ്യപ്പെട്ടത് കഴിഞ്ഞ വർഷം ജനുവരി 22-നാണ്. പിന്നീട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,538,427 ആയി വർധിച്ചു. എന്നാൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ബ്രസീലിനും അമേരിക്കയ്ക്കും പിന്നിൽ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ആകെ കോവിഡ് മരണങ്ങളുടെ കാര്യത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും മെക്സിക്കോയ്ക്കും പിന്നാലെ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.
പ്രതിദിന കോവിഡ് മരണങ്ങളിൽ 83.16 ശതമാനവും രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. അതിനിടെ, രാജ്യത്തെ സജീവ കേസുകൾ 6,14,696 ആയി വർധിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ അഞ്ച് ശതമാനമാണിത്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഢ്, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആക്ടീവ് കേസുകളിൽ 77.91 ശതമാനവും. രാജ്യത്തെ ആക്ടീവ് കേസുകളിൽ 59.84 ശതമാനവും മഹാരാഷ്ട്രയിൽ മാത്രമാണ്.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ മോശം അവസ്ഥയിൽനിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും വൈറസ് ഇപ്പോഴും സജീവമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും നീതി ആയോഗ് അംഗം വി.കെ പോൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ