ന്യൂഡൽഹി: കോവിഡ് വാക്‌സിൻ കയ്യോടെ ലഭ്യമാക്കാൻ കരുതലുമായി ഇന്ത്യയുടെ നീക്കം. പട്ടികയിൽ നിലവിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ് ഉള്ളതെന്നതാണ് ഏക ആശ്വാസം. 3 കമ്പനികളിൽ നിന്നായി 160 കോടി ഡോസ് വാക്‌സീൻ ലഭ്യമാക്കാൻ ഇന്ത്യ ധാരണയിലെത്തിരിക്കുന്നത്. ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണങ്ങൾക്ക് പുറമെയാണ് ഇത്.

പിന്നാക്കരാജ്യങ്ങൾക്കായി ലോകാരോഗ്യ സംഘടന രൂപീകരിച്ച 'കോവാക്‌സ്' സംവിധാനത്തിന് ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞത് 74 കോടി ഡോസ് മാത്രം. 150 രാജ്യങ്ങൾക്കാകെയുള്ള ആശ്രയമാണിത്. പദ്ധതിയിൽ ചേരാതെ യുഎസ് വിട്ടുനിൽക്കുന്നതും ഫണ്ടില്ലാത്തതുമാണു വെല്ലുവിളി.

വാക്‌സീന്റെ ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് ആശങ്കയില്ല. സീറം ഇൻസ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്ഫഡ് വാക്‌സീൻ, റഷ്യയുടെ സ്പുട്‌നിക്, യുഎസ് കമ്പനിയായ നോവാവാക്‌സിന്റെ വാക്‌സീൻ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ കോവാക്‌സീനും സൈഡസ് കാഡിലയും അടക്കമുള്ള തദ്ദേശീയ വാക്‌സീനുകൾ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.

ലോകത്താകെ, 640 കോടി ഡോസ് വാങ്ങാൻ മുൻനിര രാജ്യങ്ങൾ കമ്പനികളുമായി ധാരണയിലെത്തി. 320 കോടി ഡോസിനുള്ള നിരക്കു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. 100 കോടി ഡോസ് വാങ്ങാനാണ് യുഎസ് കരാറിലെത്തിയത്. 150 കോടി ഡോസ് കൂടി വാങ്ങാൻ അവർ ശ്രമിക്കുന്നുണ്ട്.

യൂറോപ്യൻ യൂണിയൻ 150 കോടി ഡോസ് ഉറപ്പാക്കി. കാനഡയും ഓസ്‌ട്രേലിയയും അടക്കം രാജ്യങ്ങൾ ജനസംഖ്യയുടെ അനേകം ഇരട്ടിപ്പേർക്ക് നൽകാനുള്ള വാക്‌സീനാണ് വാങ്ങിക്കൂട്ടുന്നത്. മിക്ക വാക്‌സീനുകളും 2 ഡോസ് വേണമെന്നിരിക്കെ ഇന്ത്യയിൽ മുഴുവൻ പേർക്കും ലഭ്യമാക്കാൻ സമയമെടുക്കും. 'കോവാക്‌സ്' പദ്ധതി പ്രതീക്ഷിച്ച ഫലം നൽകാതെ വന്നാൽ പ്രതിസന്ധി 2024 വരെയെങ്കിലും നീണ്ടേക്കാം.

വാക്‌സീനുകളുടെ കാര്യത്തിൽ പിന്നാക്കരാജ്യങ്ങൾ അവഗണിക്കപ്പെടുന്നത് ഇതാദ്യമല്ല. 1950 കളിലാണ് പോളിയോ വാക്‌സീൻ വികസിപ്പിച്ചതെങ്കിലും 70 വർഷം പിന്നിടുമ്പോഴും പോളിയോ വ്യാപകമായ രാജ്യങ്ങളുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തിൽ പക്ഷിപ്പനി, 2009 ൽ എച്ച്1എൻ1 തുടങ്ങിയ വന്നപ്പോഴും സമാനപ്രതിസന്ധിയുണ്ടായി. എച്ച്1എൻ1 സമയത്തു യുഎന്നിനു വൻശക്തികളുടെ പിന്തുണ ലഭിച്ചില്ല.