- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ മോഷ്ടിക്കപ്പെടുമെന്ന് ഭയന്ന് കേന്ദ്രം; വാക്സിൻ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് അനിവാര്യം; വാക്സിൻ കിട്ടണമെങ്കിൽ ആധാർ ഉൾപ്പടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി; രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വാക്സിൻ കുത്തിവെപ്പു സമയം
ന്യൂഡൽഹി: ജനുവരിയോടെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് ഉറപ്പാണ്. തുടക്കത്തിൽ വാക്‌സിന്റെ ലഭ്യത അടക്കം വളരെ കുറവായിരിക്കും. ഈ സാഹചര്യത്തിൽ കോവിഡ് വാക്‌സിൻ മോഷ്ടിക്കപ്പെടുമോ എന്നു പോലും കേന്ദ്രസർക്കാർ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വിതരണത്തിന് അടക്കം കൃത്യമാ മാനദണ്ഡം തയ്യാറാക്കാനാണ് ഒരുങ്ങുന്നത്. വാക്‌സിൻ മോഷണം തടയാൻ വേണ്ട നടപടികൾ അടക്കം എടുക്കണമെന്നാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച മാർഗനിർദ്ദേങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോഷണം നടന്നു എന്ന പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കുകയും കുറ്റക്കാർക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും മാർഗ്ഗ രേഖയിൽ വിശദീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കാൻ ആധാർ കാർഡ് ഉൾപ്പടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. വാക്സിൻ വിതരണത്തിന്റെ ഏകോപനം കേന്ദ്ര സർക്കാരിന്റെ 20 മന്ത്രാലയങ്ങൾ വഹിക്കുമെന്നും സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയ മാർഗ്ഗരേഖയിൽ കേന്ദ്ര സർക്കാർ വിശദീകരിച്ചിട്ടുണ്ട്.
ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസെൻസ്, ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസിലെ പാസ് ബുക്ക്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വാക്സിൻ കുത്തിവെപ്പിനായി ഹാജരാക്കണം. ഇവ ഇല്ലെങ്കിൽ പെൻഷൻ കാർഡ്, തൊഴിൽ മന്ത്രാലയം നൽകുന്ന ഇൻഷുറൻസ് കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴിൽ കാർഡ്, ദേശിയ ജനസംഖ്യ രജിസ്റ്ററിന്റെ ഭാഗമായി ലഭിക്കുന്ന സ്മാർട്ട് കാർഡ് എന്നിവയിൽ ഒന്ന് ഹാജരാക്കിയാലും മതിയാകും.
കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്കും പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ മതിയാകും. എംപിമാർ, എംഎൽ എമാർ തുടങ്ങിയവർ ജനപ്രതിനിധികൾ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വാക്സിൻ കുത്തിവയ്‌പ്പ് ലഭിക്കും.
ആരോഗ്യ പ്രവർത്തകർ, കോവിഡിന് എതിരായ മുന്നണി പോരാളികൾ, അമ്പത് വയസ്സിന് മുകളിൽ ഉള്ളവർ തുടങ്ങിയവർക്ക് ആണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഇവർക്ക് പുറമെ പ്രമേഹം, ഹൈപ്പർ ടെൻഷൻ, ശ്വാസകോശ അസുഖങ്ങൾ ഉള്ളവർ എന്നിവർക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കും. അമ്പത് വയസ്സിന് മുകളിൽ ഉള്ളവരെ ഏറ്റവും പുതിയ വോട്ടർ പട്ടിക ഉപയോഗിച്ചാകും കണ്ടെത്തുക എന്നും മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലഭ്യത കുറവായതിനാൽ വാക്സിന്റെ ചെറിയ മോഷണം പോലും തടയാൻ ഉള്ള കർശന നടപടി സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച മാർഗ്ഗ രേഖയിൽ നിർദ്ദേശിച്ചിട്ടുണ്ട്. മോഷണം നടന്നു എന്ന പരാതി ലഭിച്ചാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും, പൊലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും മാർഗ്ഗ രേഖയിൽ വിശദീകരിച്ചിട്ടുണ്ട്.
രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വാക്സിൻ കുത്തിവയ്ക്കുക. ഒരു കുത്തിവെപ്പ് കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പടെ അഞ്ച് ജീവനക്കാർ ആകും ഉണ്ടാകുക. ഡോക്ടർക്ക് പുറമെ നഴ്സ്, ഫർമസിസ്റ്റ്, പൊലീസ്, ഗാർഡ് എന്നിവർ വാക്സിൻ കുത്തിവയ്‌പ്പ് കേന്ദ്രത്തിൽ ഉണ്ടാകും. ഒരേ സ്ഥലത്ത് ഒന്നിലധികം വാക്സിൻ കുത്തിവയ്‌പ്പ് കേന്ദ്രങ്ങൾ ഉണ്ടാകാം. പക്ഷേ ഒരു ജില്ലയിൽ ഒരു കമ്പനിയുടെ വാക്സിൻ മാത്രമേ ഉപയോഗിക്കാവു എന്നും മാർഗ്ഗരേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആഭ്യന്തരം, പ്രതിരോധം, റെയിൽവെ, വ്യോമയാനം, ഊർജ്ജം, തൊഴിൽ, സ്പോർട്ട്സ്, ന്യൂനപക്ഷ ക്ഷേമം, വനിത - ശിക്ഷു ക്ഷേമം തുടങ്ങി 20 കേന്ദ്ര മന്ത്രാലയങ്ങൾ ആണ് വാക്സിൻ വിതരണം ഏകോപിപ്പിക്കുക. നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ അധ്യക്ഷനായ ദേശിയ വിദഗ്ധ സംഘത്തിനാണ് വാക്സിൻ വിതരണത്തിന്റെ ഏകോപന പ്രവർത്തനങ്ങളുടെ ചുമതല.
സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന ഓക്സ്ഫോർഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഈ മാസം അവസാനത്തോടെ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. ഫൈസർ വാക്സിനും ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിനും വിതരണത്തിന് അനുമതി തേടിയെങ്കിലും അന്തിമ വിതരണാനവുമതി ലഭിച്ചിട്ടില്ല.
ഒക്ടോബറാകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും ഇന്ത്യ സാധാരണ ജീവിതത്തിലേക്കു മടങ്ങുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനവാലെ പറഞ്ഞു. അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, വിപുലമായ ഉപയോഗത്തിനുള്ള ലൈസൻസ് ലഭിക്കാൻ പിന്നെയും സമയമെടുക്കും. എങ്കിലും ജനുവരിയിൽ കുത്തിവയ്‌പ്പ് നൽകാനാകുമെന്നു കരുതുന്നു. രാജ്യത്തെ 20 ശതമാനം പേർക്ക് കുത്തിവയ്‌പ്പ് നൽകാനായാൽ ആളുകളിൽ ആത്മവിശ്വാസം തിരികെവരും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാകുമെന്നും അതോടെ രാജ്യം കോവിഡിനു മുൻപുള്ള ജീവിതത്തിലേക്കു തിരികെയെത്തും.
ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്ര സെനേകയും സീറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വികസിപ്പിക്കുന്ന വാക്സിനായ കൊവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കൊവാക്സിനും അടിയന്തര ഉപയോഗാനുമതി തേടിയിട്ടുണ്ട്. എന്നാൽ, ഇരുവാക്സിനുകളുടെയും സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിദഗ്ധ സമിതിക്കു സമർപ്പിക്കാനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ നിർദ്ദേശം.
മറുനാടന് ഡെസ്ക്