കാസർകോട്: പ്രതിസന്ധികളിൽ ബുദ്ധിമുട്ടി ജീവിതം കരുപ്പിടിപ്പിക്കാനായി ഉദാരമതികളുടെ കനിവ് തേടുന്ന സാധാരണക്കാരെക്കുറിച്ച് ദിനംപ്രതി നമ്മൾ കേൾക്കാറുണ്ട്.എന്നാൽ അതേ അവസ്ഥയിൽ ഒരു ജനപ്രതിനിധി എത്തിയാലോ..തന്റെ ജീവിതം തിരിച്ചുപിടിക്കാൻ ഉദാരമനസ്സുകൾ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഒരു ജനപ്രതിനിധി നമുക് മുൻപിലെത്തിയാൽ. ഒരു പക്ഷെ നമ്മൾക്ക് അത്രകണ്ട് ഉൾക്കൊള്ളനായെന്ന് വരില്ല ആ കാഴ്‌ച്ച.സുഖലോലുപതിയിൽ മാത്രം ജനപ്രതിനിധികളെക്കണ്ട് പരിചയിച്ച ഒരു സമൂഹത്തിലേക്കാണ് പത്ത് വർഷക്കാലത്തോളം ഒരു മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന മുൻ എംഎൽഎ തന്റെ ജീവൻ രക്ഷിക്കാനാവശ്യമായ ചികിത്സയ്ക്കായി പണത്തിന് വേണ്ടി ജനങ്ങളുടെ കാരുണ്യം തേടുന്നത്.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് സിപിഐ നേതാവും 10 വർഷം ഹൊസ്ദുർഗ് (ഇപ്പോഴത്തെ കാഞ്ഞങ്ങാട്) മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ എംഎൽഎ എം.നാരായണൻ. എംഎൽഎ പെൻഷനായി ലഭിക്കുന്ന ചെറിയ തുകകൊണ്ടു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇദ്ദേഹം ഇപ്പോൾ ഹൃദയ വാൽവ് മാറ്റിവയ്ക്കാൻ പണമില്ലാതെ നിസ്സഹായനാവുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ 5 ലക്ഷം രൂപ ആദ്യം കെട്ടിവയ്ക്കണം.

മുൻ എംഎൽഎ എന്ന നിലയിൽ സർക്കാരിൽനിന്ന് ഈ തുക പിന്നീടു നാരായണനു കിട്ടുമെങ്കിലും അതിനു ചികിത്സ കഴിഞ്ഞു രേഖകൾ നൽകണം. ഈ സാഹചര്യത്തിൽ ഉദാരമതികളുടെ കനിവു തേടുകയാണു നാരായണൻ.'ആരോടാണു പണത്തിനു വേണ്ടി കൈനീട്ടേണ്ടത്. ഒരു വഴിയും മുന്നിലില്ല' കണ്ണീരണിഞ്ഞുകൊണ്ട് നാരായണൻ പറയുന്നു.അധികദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇദ്ദേഹം. സംസാരിക്കാനും ബുദ്ധിമുട്ട്. ശസ്ത്രക്രിയ മാത്രമാണു പരിഹാരമെന്നാണു ഡോക്ടറുടെ നിർദ്ദേശം.

എംഎൽഎ ആയിരുന്ന കാലത്ത് തന്നെ പ്രവർത്തന രീതികൊണ്ട് ഏവരെയും വിസ്മയിപ്പിച്ചതായിരുന്നു നാരായണൻ.നാരായണൻ നിസ്വാർഥമായ പൊതുജീവിതത്തിനിടയിൽ ഒന്നും നേടാതിരുന്ന നേതാവായിരുന്നു. എംഎൽഎയായിരുന്നപ്പോഴും ബസിലും മറ്റും സഞ്ചരിച്ചു പരിപാടികളിൽ പങ്കെടുക്കാൻ എത്തിയിരുന്ന നാരായണന്റെ രീതി മണ്ഡലത്തിന്റെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. കെഎസ്ആർടിസിയിൽ നിന്നു സൗജന്യ യാത്രാ പാസ് ലഭിക്കുന്നതുകൊണ്ടു മാത്രമാണു തനിക്കു പുറത്തിറങ്ങി പൊതുപ്രവർത്തനം നടത്താൻ കഴിയുന്നതെന്നു നാരായണൻ പറയുന്നു.

കഷ്ടപ്പാട് നിറഞ്ഞ ജിവിതത്തിനിടെ ഇപ്പോൾ പ്രതീക്ഷിക്കാതെ എത്തിയ അസുഖം അദ്ദേഹത്തെ ആകെ തളർത്തിയിരിക്കുകയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം ഇടപെട്ടാണു നാരായണനെ ശ്രീചിത്രയിലേക്ക് എത്തിച്ചത്. അവിടെ പരിശോധനയിലാണ് എത്രയും പെട്ടെന്നു വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചത്.ഈ സഹചര്യത്തിലാണ് ശസ്ത്രക്രിയക്കാവശ്യമായ പണം കണ്ടെത്താൻ മുൻജനപ്രതിനിധി കനിവ് തേടുന്നത്.