- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചേർത്തലയിൽ തോൽവി മണത്ത് സിപിഐ! മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്ന് പുറത്താക്കി; സ്ഥാനാർത്ഥി പി പ്രസാദിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രദ്യുതിനെ പുറത്താക്കൽ നടപടി തിലോത്തമൻ പങ്കെടുത്ത കരുവ ലോക്കൽ കമ്മിറ്റി യോഗത്തിൽ
ചേർത്തല: സിപിഐയുടെ സിറ്റിങ് സീറ്റായ ചേർത്തലയിൽ തോൽവി മണത്ത് സിപിഐ സ്ഥാനാർത്ഥി. മണ്ഡലത്തിൽ വലിയ തോതിൽ അടിയൊഴുക്കുകൾ നടന്നിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്ന് പുറത്താക്കി. ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പുറത്താക്കിയത്.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി. തിലോത്തമന് സീറ്റുനൽകാത്തതിനെ തുടർന്ന് മണ്ഡലത്തിലെ സിപിഐ കേന്ദ്രങ്ങളിൽ പലതും നിശബ്ദമായിരുന്നു. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി പ്രസാദിനെ തോൽപ്പിക്കണമെന്നുള്ള പ്രചരണങ്ങളും പ്രദ്യുത് നടത്തിയെന്ന് പാർട്ടിക്ക് വിവരം ലഭിച്ചിരുന്നു. പി പ്രസാദിനെതിരെയുള്ള പ്രദ്യുതിന്റെ ഇടപെടലിനെക്കുറിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് കരുവ ലോക്കൽ കമ്മിറ്റി കൂടി പ്രദ്യുതിനെ പുറത്താക്കാൻ തീരുമാനിച്ചത്. മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്.
പി തിലോത്തമന്റെ മറ്റ് പേഴ്സണൽ അംഗങ്ങൾക്കെതിരേയും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മന്ത്രി പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എംഎൽഎ ആയിരിക്കെ രണ്ട് വർഷം തുടർച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. മന്ത്രി ആയിരിക്കെ ഒരു ലക്ഷം രൂപ ശമ്പളത്തിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചു. പാർട്ടി നിരന്തരം പരിഗണിച്ച ഒരാൾ തിരഞ്ഞെടുപ്പിൽ പി പ്രസാദിനെതിരെ പ്രവർത്തിച്ചത് നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.
സീറ്റു നിർണായ വേളയിൽ തന്നെ തിലോത്തമനെ മാറ്റാനുള്ള നീക്കത്തിൽ എതിർപ്പ് ഉയർന്നിരുന്നു. 60 ശതമാനം ഈഴവുള്ള മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന് വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ എതിർപ്പു വകവെക്കാതെയാണ് തിലോത്തമനെ മാറ്റാൻ സിപിഐ തീരുമാനം കൈക്കൊണ്ടത്. സിപിഐയുടെ ചേർത്തല മണ്ഡലം കമ്മിറ്റി തിലോത്തമനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു. എ്ന്നാൽ, പാർട്ടി യാതൊരു ഇളവും നൽകിയില്ല.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണപ്രസാദ, എഐവൈഎഫ് നേതാവ് ടി ടി ജിസ്മോൻ എന്നിവരുടെ പേരും മണ്ഡലത്തിൽ ഉയർന്നു കേട്ടിരുന്നു. ഇതിനിടെയാണ് പാർട്ടിയുടെ ഉറച്ച സീറ്റിൽ പ്രസാദിനെ സ്ഥാനാർത്ഥിയാക്കിയത്. അതേസമയം ബിഡിജെഎസിനും മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥി ഉണ്ടായിരുന്നു. കോൺഗ്രസിലെ ശരത്തായിരുന്നു യുഡിഎഫ് പക്ഷത്ത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയപ്രതീക്ഷയിലാണ്.
മറുനാടന് മലയാളി ബ്യൂറോ