- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാപം സൃഷ്ടിക്കാൻ യുഡിഎഫ് ശ്രമം; രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് ഉദ്യോഗാർത്ഥികൾ ചിന്തിക്കണം; സമരത്തിനെതിരെ സിപിഎം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ് സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തെ ഉപയോഗിച്ചു കലാപം സൃഷ്ടിക്കാൻ യുഡിഎഫ് ശ്രമിക്കുന്നതായി സിപിഎം സംസഥാന സെക്രട്ടറിയേറ്റ്. പ്രസ്താവനയിലാണ് സിപിഎം സെക്രട്ടറിയേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാവധി കഴിഞ്ഞ പി.എസ്.സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ഒരുനിലയിലും നിയമപരമായി നിലനിൽക്കാത്ത കാര്യത്തെ മുൻനിർത്തിയാണ് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ ഈ സമരം നടത്തുന്നതെന്ന് വ്യക്തമാക്കപ്പെട്ടതാണ്. മുഖ്യമന്ത്രി കാര്യങ്ങൾ വിശദമാക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥികളിൽ ഭൂരിപക്ഷവും ഇതിൽ നിന്ന് പിൻവാങ്ങുകയുണ്ടായി. യു.ഡി.എഫിന്റെ രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് അവശേഷിക്കുന്ന ഉദ്യോഗാർത്ഥികൾ ചിന്തിക്കണമെന്ന് സിപിഐഎം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ അടുത്ത ദിവസങ്ങളിലായി പതിനായിരക്കണക്കിന് പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ ആളുകൾക്ക് ഇതുവഴി തൊഴിലവസരം ലഭിക്കും. തൊഴിൽരഹിതരായ യുവതീ-യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കരുതലും നടപടികളുമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. അഞ്ചു വർഷം കൊണ്ട് 1,57,909 പേർക്ക് പി.എസ്.സി വഴി നിയമനം നൽകി.
സർക്കാരിന്റെ 100 ദിന പ്രഖ്യാപനത്തിലൂടെ 50,000 പേർക്കാണ് വിവിധ മേഖലകളിലായി തൊഴിൽ ലഭ്യമാക്കിയത്. ഇരുപതു ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിലൂടെ സർക്കാർ വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സർക്കാരിന്റെ സമീപനം വ്യക്തമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതിരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
സർക്കാരിന്റെ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ എൽ.ഡി.എഫിന് അനുകൂലമാകുമെന്ന് കണ്ടാണ് യു.ഡി.എഫ്, സർക്കാരിനെതിരെ കുപ്രചരണങ്ങളും, കലാപങ്ങളും സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിന്റെ തുടർഭരണം യാഥാർത്ഥ്യമാകാൻ പോകുന്നൂവെന്ന കാര്യം മനസ്സിലാക്കി ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിക്കാനാണ് യു.ഡി.എഫ് പരിശ്രമിക്കുന്നത്.
തികച്ചും രാഷ്ട്രീയപ്രേരിതമായി യു.ഡി.എഫ് നടത്തുന്ന ഇത്തരം ശ്രമങ്ങളെ തുറന്നു കാണിക്കുകയും ജാഗ്രത പാലിക്കുകയും വേണം. യു.ഡി.എഫിന്റെ കലാപനീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി ജില്ലാ-ഏരിയാ കേന്ദ്രങ്ങളിൽ ഇന്നും നാളെയുമായി വൈകുന്നേരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.