- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ വിരോധം തീർക്കുന്നു എന്ന പ്രതിരോധം തീർന്നു; സ്പീക്കറെ എട്ടു മണിക്കൂർ ചോദ്യം ചെയ്തിട്ടും കൊടി പിടിക്കാതെ സിപിഎം കേന്ദ്രങ്ങൾ; കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയിലും ഇടതു മുന്നണിയിൽ പുകച്ചിൽ; ഇ പിക്ക് നൽകാത്ത പരിഗണന എന്തിന് കെ ടി ജലീലിനു നൽകുന്നുവെന്ന് പൊതുവികാരം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ഏജൻസികളെ വരുതിയിൽ നിർത്താൻ സിപിഎമ്മും സംസ്ഥാന സർക്കാറും കൂടുതൽ പരിശ്രമങ്ങൾ നടത്തിയിരുന്നു. കേന്ദ്ര ഏജൻസികളുടെ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തിയും പ്രതിരോധം തീർത്തു. എന്നാൽ, തെരഞ്ഞെടുപ്പു കഴിഞ്ഞു വോട്ടു പെട്ടിയിലായതോടെ ഈ ആവേശമെല്ലാം ചോർന്ന മട്ടിലാണ് സിപിഎം. ഇപ്പോൾ സ്പീക്കറെ എട്ടു മണിക്കൂർ ചോദ്യം ചെയ്തിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയ വിരോധം തീർക്കുന്നു എന്നു പറയാൻ സിപിഎം തയ്യാറായിട്ടില്ല. സാധാരണ ഗതിയിൽ ഇത്തര സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ കൊടിപിടിച്ചു രംഗത്തുവരേണ്ടവരാണ് സിപിഎമ്മുകാർ. എന്നാൽ, വോട്ടു പെട്ടിയിൽ ആയതോടെ ഇപ്പോൾ പഴയ ഊർജ്ജമില്ലെന്നതാണ് വസ്തുത.
ജനവിധി എന്താകുമെന്ന ഉദ്വേഗത്തിന് ഇടയിലും ജലീൽ ശ്രീരാമകൃഷ്ണൻ വിവാദങ്ങൾ ഇടതുമുന്നണിയെ പിന്തുടരുന്നു. ജലീലിനെതിരെയുള്ള ലോകായുക്ത വിധി പാർട്ടിക്ക് തീർത്തും അപ്രതീക്ഷിതമാണ്. ലോകയുക്ത വിധിയും ഇടതു മുന്നണിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. പി.ശ്രീരാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയത് പ്രതീക്ഷിക്കാത്തത് അല്ലെങ്കിലും നിയമസഭാ സ്പീക്കർ പദവിയുടെ പാവനത ചോദ്യം ചെയ്യപ്പെട്ടതിന്റെ ഖിന്നത ഇടതു നേതൃത്വത്തിൽ ഉണ്ട്.
ലോകായുക്ത വിധിയുടെ ഗൗരവ സ്വഭാവം നേതൃത്വം കാണാതിരിക്കുന്നില്ല. നിയമപരമായി അതു നടപ്പാക്കാൻ ബാധ്യസ്ഥവുമാണ്. എങ്കിലും സർക്കാരിന്റെ ആയുസ്സ് തീരുന്ന ഈ സമയത്ത് രാജി ഒഴിവാക്കണമെന്നാണ് പാർട്ടി കാണുന്നത്. അങ്ങനെ വന്നാൽ ഇതുവരെ ജലീലിനെ സംരക്ഷിച്ചു വന്നതെല്ലാം വെള്ളത്തിലാകുന്ന അവസ്ഥ വരും. അതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാൻ നിശ്ചയിച്ചത്. അവിടെ സ്റ്റേ ലഭിച്ചാൽ അതിനു ശേഷം രാജി എന്ന ആലോചന വരെ നേതൃത്വത്തിൽ ഉണ്ട്.
ധാർമികത ചൂണ്ടിക്കാട്ടിയുള്ള പ്രതിച്ഛായ നീക്കമായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഇപ്പോൾ രാജിവച്ചാലും വീണ്ടും മന്ത്രിസഭ വന്നാൽ അതിൽ ജലീലിന് അംഗമാകാൻ തടസ്സമില്ലെന്നും പാർട്ടി കരുതുന്നു. പക്ഷേ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുക എന്ന ഔചിത്യം പുലർത്തുന്നതിൽ അത്ര ശ്രദ്ധ പാലിക്കാത്ത ജലീലിനെ മന്ത്രിയാക്കണോ എന്നതു മറ്റൊരു ചോദ്യമാണ്.
എന്തായാലും ഈ പോരാട്ടത്തിൽ ജലീലിന് കിട്ടുന്ന വിധി സർക്കാർ വന്നാൽ അദ്ദേഹം വീണ്ടും മന്ത്രിയാകുമോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇങ്ങനെ ഒരു ഗൗരവമുള്ള കേസ് ലോകായുക്തയ്ക്കു മുന്നിൽ ഉണ്ടെന്ന സൂചന പാർട്ടിക്കു മന്ത്രി നേരത്തെ നൽകിയിരുന്നില്ല. അതേസമയം ബന്ധു നിയമന വിവാദത്തിൽ രാജിവെക്കേണ്ടി വന്ന ഇ പി ജയരാജന് പാർട്ടി നൽകാത്ത പരിഗണന കെ ടി ജലീലിന് നൽകുന്നതിലും സിപിഎമ്മിനുള്ളിൽ അസ്വസ്ഥത പുകയുന്നുണ്ട്. കെ ടി ജലീലുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നൽ സിപിഎമ്മിനുള്ളിൽ അതൃപ്തിയുണ്ട്.
സ്പീക്കറുടെ കാര്യത്തിൽ കസ്റ്റംസിന്റെ സമീപനത്തിൽ മാറ്റം വന്നതായാണ് സിപിഎം വിലയിരുത്തുന്നത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന രീതിക്കു പകരം സമയം ചോദിച്ചു വന്നു മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. അതുകൊണ്ടാണ് പ്രതിഷേധം ഉണ്ടാകാത്തത് എന്നു പറയുമ്പോഴും തെരഞ്ഞെടുപ്പു കഴിഞ്ഞു എന്നതു തന്നെയാണ് ഇവിടെ നിലപാട് മാറ്റത്തിന് കാരണവും. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു മുന്നിൽ ചോദ്യം ചെയ്യാനായി പോകുന്നതിനോടു നിയമസഭാ സ്പീക്കർമാരുടെ അനൗപചാരിക ഫോറം ശക്തമായ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പാർട്ടിയും ഇതു കഴിയുന്നതും ഒഴിവാക്കണമെന്നാണ് ആഗ്രഹിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് സ്പീക്കറുടെ വസതിയിൽ കസ്റ്റംസ് എത്തിയെങ്കിലും അന്വേഷണത്തിന്റെ തുടർ സ്വഭാവത്തെക്കുറിച്ച് ആശങ്കകൾ തുടരുന്നു.
അതേസമയം കെ ടി ജലീൽ രാജിവെക്കാത്തത് പ്രതിപക്ഷ ആയുധമാക്കുന്നുണ്ട്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിലാണ് എതിർപ്പുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി ജലീലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ ആരോപണം ഉന്നയിച്ചു കഴിഞ്ഞു.. അതിനാലാണ് മറ്റ് മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും കിട്ടാത്ത പ്രിവിലേജ് ജലീലിന് കിട്ടുന്നത്. മുഖ്യമന്ത്രിയുടെ എന്തെങ്കിലും ഇടപാടുകളിൽ ജലീൽ കൂട്ടുകക്ഷിയായതിനാലാണ് ഈ പ്രിവിലേജ് ലഭിക്കുന്നത്. ലോകായുക്ത പറഞ്ഞിട്ടും മുഖ്യമന്ത്രി ജലീലിനെ പുറത്താക്കാത്തതും അക്കാരണത്താലാണെന്നും അദ്ദേഹം ആരോപിച്ചു.
സത്യപ്രതിജ്ഞ ലംഘനം നടത്തിയതിന് പുറത്താക്കണമെന്ന് ലോകായുക്ത ഉത്തരവിറക്കിയിട്ടും നിയമപോരാട്ടം നടത്തുമെന്ന് വെല്ലുവിളിക്കുന്ന കെ.ടി. ജലീലിന്റെ നിലപാട് തന്റെ അനുവാദത്തോടെയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നൽകുന്നത്. അങ്ങേയറ്റം ഗുരുതരമായ കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട ശേഷമാണ് ലോകായുക്തയുടെ ഉത്തരവ്. എന്നാൽ ജലീലിന്റെ രാജി ചോദിച്ചുവാങ്ങാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണ്. പിണറായി വിജയൻ എന്തിനാണ് കെ.ടി. ജലീലിനെ പേടിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ