ന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യത്തിൽ സിപിഎമ്മിൽ തർക്കം മൂക്കുന്നു. കോൺഗ്രസുമായി ഭാവിയിൽ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ചാണ് പിബിയിൽ ഭിന്നത രൂക്ഷമായത്. കേരള നേതാക്കളുടെ നിലപാടും മറ്റിടങ്ങളിലെ നേതാക്കളുടെ നിലപാടും വ്യത്യസ്തമായതോടെ സംഭവത്തിൽ തർക്കം കടുക്കുകയാണ്.

കോൺഗ്രസ് സഖ്യത്തെ കേരളത്തിൽ നിന്നുള്ള നേതാക്കൾ എതിർത്തപ്പോൾ, കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ ഐക്യം സാധ്യമാവില്ലെന്നു ബംഗാൾ ഘടകം വാദിച്ചു. അടുത്ത വർഷം കണ്ണൂരിൽ ചേരുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്ത യോഗത്തിലാണു സഖ്യം സംബന്ധിച്ച് ഭിന്നതയുയർന്നത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഈ മാസം 22 മുതൽ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിക്കു വിട്ടു.

വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസ് പരാജയമാണെന്നു കേരളത്തിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. കോൺഗ്രസുമായി കൈകോർക്കുന്നതു ഗുണം ചെയ്യില്ലെന്നും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയവും ചൂണ്ടിക്കാട്ടി.

എന്നാൽ, പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ സഖ്യം ഫലം ചെയ്യില്ലെന്നും കോൺഗ്രസിനെ അകറ്റി നിർത്തിയുള്ള മൂന്നാം മുന്നണി പ്രായോഗികമല്ലെന്നും മറുഭാഗം വാദിച്ചു. അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ കരട് യോഗം ചർച്ച ചെയ്യാൻ ചേർന്ന പിബി യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയർന്നത്.

ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. സിപിഎം ബംഗാൾ ഘടകത്തിന്റെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. ഈ അനുഭവം മുൻനിർത്തി കോൺഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. കേരളത്തിൽ നിന്നുള്ള സിപിഎം പ്രതിനിധികളും കോൺഗ്രസ് സഖ്യത്തെ ശക്തമായി എതിർത്തുവെന്നാണ് സൂചനകൾ.

ഇടതുപക്ഷ ആശയത്തിലുള്ള പ്രതിപക്ഷ ഐക്യം വേണമെന്നും സിപിഎം. അതിൽ മുഖ്യപങ്കാളിയാവണമെന്നുമുള്ള യെച്ചൂരിയുടെ വാദം പി.ബി. അംഗീകരിച്ചതായും അറിയുന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്കു സ്വതന്ത്രമായ ശക്തി ഇല്ലാത്തതിനാൽ ബിജെപി. വിരുദ്ധ വിശാല ഐക്യം വേണമെന്നാണ് പി.ബി. വിലയിരുത്തൽ. ഒപ്പം പ്രാദേശിക തിരഞ്ഞെടുപ്പു സഖ്യങ്ങളും പുനഃപരിശോധിക്കും.

പ്രതിപക്ഷ ഐക്യത്തിനു പകരം ദളിത്-ന്യൂനപക്ഷ-സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള ബദൽ മുന്നണി വേണമെന്നും ആവശ്യമുയർന്നു. പി.ബി.യിൽ ഇതു ചർച്ചയായില്ലെങ്കിലും സി.സി. ഇക്കാര്യം പരിശോധിച്ചു നിലപാട് വ്യക്തമാക്കും.