- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചായത്ത് പ്രസിഡന്റിനെ നിരന്തരം അവഗണിക്കുന്നു; ചെറുവണ്ണൂരിൽ സിപിഐ- സിപിഎം പോര് രൂക്ഷമാകുന്നു; പ്രസിഡന്റിനോടുള്ള നിരന്തര അവഗണന അവസാനിപ്പിക്കണമെന്ന് സിപിഐ; പൊതുപരിപാടികളിലെ ബോർഡിന്റെ പേരിലും തർക്കം
കോഴിക്കോട്: ഇടതു മുന്നണി ധാരണ പ്രകാരം കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ പഞ്ചായത്തിൽ പ്രസിഡന്റ് പദവി ലഭിച്ച സിപിഐ പ്രസിഡന്റിനെ സി പി എം നിരന്തരം സി പി എം അവഗണിക്കുന്നുവെന്ന ആക്ഷേപവുമായി സിപിഐ രംഗത്ത്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പൊതുപരിപാടികളിൽ അവഗണിക്കുന്നുവെന്നാണ് സിപിഐയുടെ ആക്ഷേപം. ഇതോടെ സി പി എം- സിപിഐ പ്രവർത്തകർക്കിടയിൽ ശക്തമായ പോരും രൂപപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പല പൊതുപരിപാടികളുടെ ബോർഡുകളിൽ മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുടെയും പേര് ചേർത്തപ്പോൾ പ്രസിഡന്റിന്റെ പേര് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. ചെറുവണ്ണൂർ ഹൈസ്‌കൂളിൽ എം എൽ എ പങ്കെടുത്ത പരിപാടിയിൽ മുൻ പ്രസിഡന്റിന്റെയും മറ്റു ജനപ്രതിനിധികളുടെയും പേര് നൽകിയപ്പോൾ പ്രസിഡന്റിനെ അവഗണിച്ചു. ഇതോടെ സിപിഐ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ഇത് തിരുത്തി. എന്നാൽ പിന്നീട് ചെറുവണ്ണൂർ എൽ പി സ്‌കൂൾ ഉദ്ഘാടന ചടങ്ങിന്റെ ശിലാഫലകത്തിൽ നിന്നും പ്രസിഡന്റിന്റെ പേര് ഒഴിവാക്കി.
പ്രതിഷേധം ശക്തമായതോടെ മാനേജർ ക്ഷമാപണം നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാൽ ഇന്നു നടന്ന ചെറുവണ്ണൂർ ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രസിഡന്റിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെയാണ് ബോധപൂർവ്വം അവഗണിക്കുകയാണെന്ന ആക്ഷേപവുമായി സിപിഐ രംഗത്തെത്തിയത്. പൊതുപരിപാടികളിൽ നിന്ന് പ്രസിഡന്റ് അവഗണിക്കപ്പെടുന്നത് ആവർത്തിക്കാതിരിക്കാന് ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമന്ന് സിപിഐ ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ ആവശ്യപ്പെട്ടു.
ഇടതു മുന്നണി ധാരണപ്രകാരമാണ് ചെറുവണ്ണൂരിൽ പ്രസിഡന്റ് പദവി സി പിഐയ്ക്ക് ലഭിച്ചത്. അങ്ങിനെ പതിനഞ്ചാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇടി രാധയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. എന്നാൽ പ്രസിഡന്റ് നിരന്തരം അപമാനിക്കപ്പെടുന്ന സ്ഥിതിയാണ് പഞ്ചായത്തിൽ ഉള്ളതെന്നാണ് സിപിഐ പ്രവർത്തകർ പറയുന്നത്. രണ്ട് സ്‌കൂളുകളിലെ ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടതിന് ശേഷമാണ് ഹോമിയോ ആശുപത്രിയുടെ പരിപാടിയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടത്.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെയെല്ലാം പേരും ഫോട്ടോയും പോസ്റ്ററിലുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ മാത്രം അവഗണിച്ചു. പോസ്റ്ററിന്റെ കോപ്പി ഫെയ്‌സ് ബുക്കിലൂടെ പ്രചരിക്കപ്പെട്ടപ്പോൾ വിവാദവും ഉടലെടുത്തു. എന്തിന് വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ പ്രവൃത്തികളെന്നാണ് സിപിഐ പ്രവർത്തകരുടെ ചോദ്യം.
ഇതിലൂടെ രാധയെന്ന വ്യക്തിയെയല്ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയെ തന്നെയാണ് അവഗണിക്കുന്നത്. ജനപ്രതിനിധികൾ ഏത് പാർട്ടിക്കാരായാലും അവരെ മാനിക്കാനും അർഹമായ പരിഗണന നൽകാനും എല്ലാവരും പഠിക്കണം. അവഹേളിച്ചും അവഗണിച്ചും മുന്നോട്ടുപോകാനാണ് ശ്രമമെങ്കിൽ അത് വിലപ്പോകില്ലെന്നും പ്രവർത്തകർ വ്യക്തമാക്കുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.