- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
14 നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ലയിൽ സിപിഎമ്മിന് 20 ഏരിയാ കമ്മിറ്റികൾ; ഒരു മണ്ഡലത്തിൽ തന്നെ രണ്ടും മൂന്നും ഏരിയകൾ; ഏകോപനം ബുദ്ധിമുട്ടായതോടെ ഏരിയകൾ ലയിപ്പിക്കാൻ ഒരുങ്ങി എറണാകുളത്തെ സിപിഎം; നിഷ്ക്രിയരായവർക്കെതിരെ നടപടി വരും
കൊച്ചി: എറണാകുളം ജില്ലയിൽ സിപിഎമ്മിന് മുൻ തെരഞ്ഞെടുപ്പുകളേക്കാൾ മികച്ച വിജയമാണ് ഇക്കുറി ഉണ്ടായത്. എന്നാൽ, തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങളിൽ അപ്രതീക്ഷിതമായി തിരിച്ചടി നേരിടേണ്ടി വരികയുമുണ്ടായി. ഈ സാഹചര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റി നടത്തിയ അവലോകനത്തിൽ കണ്ടെത്തിയത് ഏരിയാ കമ്മിറ്റികൾ ബാധ്യതയായി എന്നാണ്. ഇതോട പല ഏരിയാ കമ്മിറ്റികളുടെയും ആവശ്യമില്ലെന്ന് മനസ്സിലാക്കി അതിന് അനുസൃതമായ നടപടികളിലേക്കാണ് സിപിഎം കടക്കുന്നത്.
14 നിയമസഭാ മണ്ഡലങ്ങളേ ഉള്ളൂവെങ്കിലും സിപിഎമ്മിന് 20 ഏരിയ കമ്മിറ്റികൾ ഉണ്ട്. ഒരു മണ്ഡലത്തിൽ രണ്ടും മൂന്നും ഏരിയ കമ്മിറ്റികൾ കേറിവരുമ്പോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തന്നെ പ്രയാസം. തിരഞ്ഞെടുപ്പാകുമ്പോൾ അതിനായി മണ്ഡലം കമ്മിറ്റികൾ പ്രത്യേകം രൂപവത്കരിക്കാറുണ്ടെങ്കിലും ഏരിയ നേതാക്കളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത് പാർട്ടിക്ക് വലിയ ബാധ്യതയായിരുന്നു. ഒടുവിൽ ഏരിയ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതിനായി ജോൺ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ പാർട്ടി കമ്മിറ്റിയെ വെച്ചു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ നാല് ഏരിയ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ ആലോചിക്കുകയാണ് സിപിഎം.
ജില്ലാ നേതൃത്വം ഏകകണ്ഠമായി തീരുമാനിച്ച് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം തേടിയിരിക്കുകയാണ്. ആലങ്ങാട്, നെടുമ്പാശ്ശേരി, കാലടി, വൈറ്റില കമ്മിറ്റികൾ പുതിയ നിർദേശപ്രകാരം ഇല്ലാതാകും. ആലങ്ങാട്, നെടുമ്പാശ്ശേരി, കാലടി കമ്മിറ്റികൾ വിഭജിച്ച് അടുത്ത കമ്മിറ്റികളിലേക്കു ലയിപ്പിക്കും. വൈറ്റില ഏരിയ കമ്മിറ്റി തൃക്കാക്കരയായി മാറും. അവശേഷിക്കുന്ന 16 കമ്മിറ്റികളിൽ പലതും രണ്ടും മൂന്നും മണ്ഡലങ്ങളിലായാണ് കിടക്കുന്നതെങ്കിലും അവിടെയൊന്നും പ്രവർത്തനത്തിന് അത്ര പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം പുനഃസംഘടിപ്പിച്ച് ഒഴിവാക്കുന്ന കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ചും പാർട്ടിക്കുള്ളിൽ അതിശക്തമായ വിമർശനങ്ങളുണ്ട്. ആലങ്ങാട്, വൈറ്റില കമ്മിറ്റികൾക്കെതിരേ തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെടുത്തി പാർട്ടി അന്വേഷണം നടക്കുന്നുണ്ട്. ആലങ്ങാട് ഏരിയ നേതൃത്വത്തിനെതിരേ ശക്തമായ നടപടി വന്നേക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടിയിൽ നിലനിൽക്കുമ്പോഴാണ് കമ്മിറ്റിതന്നെ ഇല്ലാതാക്കുന്നത്.
നേരത്തെ തൃപ്പൂണിത്തുറിയിൽ എം.സ്വരാജ് തോറ്റത് പാർട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിിയിട്ടുണ്ട്. കെ.ബാബുവിനോട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകൾക്കാണ് തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ടത്. കൂടാതെ തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ തോൽവി പഠിക്കാനും അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു.
സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകൾ ലഭിച്ചു. എന്നാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. ഇതാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഏരൂർ, തെക്കുംഭാഗം,ഉദയംപേരൂർ പഞ്ചായത്തുകളിൽ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി. മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർത്ഥി മോഹമുണ്ടായിരുന്നു. ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷൻ.
മറുനാടന് ഡെസ്ക്