- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലപ്പുഴയിലെ സിപിഎമ്മിന് ഗ്രൂപ്പില്ലാതെ ഭാവിയില്ലേ? മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നിന്നും പി.പി.ചിത്തരഞ്ജൻ എംഎൽഎയെ ഒഴിവാക്കി; വിവാദമായപ്പോൾ മുഖ്യാതിഥിയാക്കി; ജില്ലാ സിപിഎമ്മിലെ വിഭാഗീയത കീഴ് ഘടകങ്ങളിലേക്കും; സമ്മേളനങ്ങളിൽ ചേരി തിരിഞ്ഞുള്ള പോരാട്ടം ഉറപ്പ്
ആലപ്പുഴ: ആലപ്പുഴയിലെ സിപിഎമ്മുകാർക്ക് ഗ്രൂപ്പില്ലാതെ പറ്റില്ലേ? കാലങ്ങളായി ജില്ലയിൽ ഗ്രൂപ്പിസം നിലനിൽക്കുന്നുണ്ട്. അടുത്തകാലത്തു വരെ പ്രബലരായിരുന്നത് ജി സുധാകരൻ നയിക്കുന്ന ഗ്രൂപ്പും തോമസ് ഐസക്ക് നയിക്കുന്ന മറ്റൊരു ഗ്രൂപ്പും ആയിരുന്നു. എന്നാൽ, ഇരുവരെയും പിണറായി വെട്ടി നിരത്തിയതോടെ ആരിഫിന്റെയും സജി ചെറിയാന്റെയും ചിത്തരഞ്ജന്റെയും നേതൃത്വത്തിൽ പുതിയ ഗ്രൂപ്പുകൾ ഉദയം ചെയ്തു കഴിഞ്ഞു. പാർ്ട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി ഈ ഗ്രൂപ്പുകൾ സജീവമാകാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ സ്ഥലം എംഎൽഎയെ ഒഴിവാക്കി സിപിഎം ലോക്കൽ കമ്മിറ്റിയിത് വിഭാഗീയത് അടിത്തട്ടിലേക്കും പോകുന്നു എന്നതിന്റെ സൂചനയായി വിലയിരുത്തുന്നു. ആലപ്പുഴ കൊമ്മാടി ലോക്കൽ കമ്മിറ്റി വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും സംഘടിപ്പിക്കുന്ന പരിപാടിയിൽനിന്നാണ് പി.പി.ചിത്തരഞ്ജൻ എംഎൽഎയെ ഒഴിവാക്കിയത്. വിവാദമായതോടെ എംഎൽഎയെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി തലയൂരാൻ ശ്രമം തുടങ്ങി.
ഇന്നു വൈകിട്ട് 4.30ന് കൊമ്മാടി യുവജന വായനശാലയിലാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി. ചിത്തരഞ്ജനെ ഒഴിവാക്കിയ സംഭവം ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിച്ചു. പ്രശ്‌നം പരിഹരിക്കാൻ ജില്ലാ കമ്മിറ്റി ലോക്കൽ കമ്മിറ്റിയോടു നിർദേശിച്ചു.
ലോക്കൽ സെക്രട്ടറി എംഎൽഎയെ ബന്ധപ്പെട്ടെങ്കിലും മുൻപ് ഏറ്റിരുന്ന ചില പരിപാടികൾ ഇതേസമയം ഉള്ളതിനാൽ മുൻകൂട്ടി അറിയിക്കാത്ത പരിപാടിയിൽ പങ്കെടുക്കാനാകുമോയെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം അറിയിച്ചതായാണു വിവരം. എങ്കിലും എംഎൽഎയെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി ലോക്കൽ കമ്മിറ്റി സമൂഹമാധ്യമ പോസ്റ്ററുകൾ തയാറാക്കിയിട്ടുണ്ട്.
എംഎൽഎക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ലോക്കൽ സെക്രട്ടറി കെ.ജെ.പ്രവീൺ പറഞ്ഞു. അതേസമയം, പരിപാടിക്കു നേരത്തേ ക്ഷണിച്ചുവെന്ന ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം എംഎൽഎയുമായി അടുത്ത കേന്ദ്രങ്ങൾ നിഷേധിച്ചിട്ടുണ്ട്.
പാർട്ടി സംഘടനാ സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കേ വിഭാഗീയത താഴേത്തട്ടിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ മറ്റെല്ലാ ലോക്കൽ കമ്മിറ്റി പരിധിയിലും പി.പി. ചിത്തരഞ്ജന് നല്ല ലീഡ് ലഭിച്ചപ്പോൾ കൊമ്മാടിയിൽ ലീഡ് കുത്തനെ കുറഞ്ഞത് വിവാദമായിരുന്നു. 15 അംഗങ്ങളുള്ള ലോക്കൽ കമ്മിറ്റി കൂടിയിട്ട് മാസങ്ങളായെന്നും ആരോപണമുണ്ട്. സിപിഎം എംഎൽഎയെ പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
നേരത്തെ അരൂർ-ചേർത്തല ദേശീയപാതയുടെ പേരിൽ ജി സുധാകരന്റെ കാലത്തിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ സിപിഎമ്മിലെ ഉൾപോരു ശക്തമായിരുന്നു. ഈ ദേശീയ പാത തകരുന്നതു തടയാൻ മീഡിയൻ പൊളിച്ചുപണിയണമെന്നു 2012-ൽത്തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ഈ റോഡിന്റെ ഉത്തരവാദിത്തമാണ് മുൻ പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ തലയിൽ കെട്ടി വയ്ക്കാൻ ആരിഫ് എംപി ശ്രമിച്ചതോടെ മറുവിഭാഗം തിരിച്ചടിയുമായി രംഗത്തുവന്നിരുന്നു.
ചേർത്തല-അരൂർ ദേശീയപാത പുനർനിർമ്മാണത്തിലെ അപാകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട എ.എം. ആരിഫ് എംപി.യുടെ നിലപാടിനെ പാർട്ടിയും തള്ളിയതോടെ അദ്ദേഹം പ്രതിരോധത്തിലായി. സുധാകരനെ അഴിമതിക്കാരനാക്കാനുള്ള അതിബുദ്ധി ആരിഫിന് വിനയായുകയാണ്. അമ്പലപ്പുഴയിലെ അന്വേഷണത്തിൽ സുധാകരനെ തളയ്ക്കാനുള്ള നീക്കത്തിനും ഇത് തിരിച്ചടിയായി.
മറുനാടന് മലയാളി ബ്യൂറോ