തിരുവല്ല: പെരിങ്ങരയിൽ ഗുണ്ടാസംഘം കൊലപ്പെടുത്തിയ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി സിപിഎം സമാഹരിച്ചത് 2.05 കോടി രൂപ. സഹായ ധനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബത്തിന് കൈമാറി.

സന്ദീപിന്റെ ഭാര്യ സുനിത, മകൻ നിഹാൽ (മൂന്ന്), നാലുമാസം പ്രായമായ മകൾ ഇസ എന്നിവരുടെ പേരിൽ 25 ലക്ഷം രൂപ വീതവും സന്ദീപിന്റെ പിതാവ് രാജപ്പൻ, മാതാവ് ഓമന എന്നിവരുടെ പേരിൽ 10 ലക്ഷം രൂപ വീതവും കേരള ബാങ്കിൽ നിക്ഷേപിച്ചതിന്റെ സർട്ടിഫിക്കറ്റ് പെരിങ്ങരയിൽ നടന്ന സമ്മേളനത്തിൽ കൈമാറി. കുടുംബത്തിന് 95 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിന് പുറമെ വീട് നിർമ്മിച്ച് നൽകുമെന്നും പെരിങ്ങരയിൽ സന്ദീപിന് ഉചിതമായ സ്മാരക മന്ദിരം നിർമ്മിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്മാരക നിർമ്മാണത്തിനായി 55 ലക്ഷം വിനിയോഗിക്കുമെന്നാണ് പറയപ്പെടുന്നത്.

കേരളത്തിൽ അരാജകത്വം സൃഷ്ടിച്ച് കലാപ ഭൂമിയാക്കി മാറ്റാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് സിപിഎം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പെരിങ്ങരയിൽ സന്ദീപ് കുമാറിന്റെ കുടുംബസഹായ നിധി കൈമാറാൻ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത 25 വർഷത്തെ വികസനം മുൻകൂട്ടി കണ്ടാണ് എൽ.ഡി.എഫ് സർക്കാർ പ്രവർത്തിക്കുന്നത്. സമാധാനമുള്ള സംസ്ഥാനങ്ങളിൽ മാത്രമേ വികസനം സാധ്യമാകൂ.

കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതിനായി നാടിന്റെ പലഭാഗത്തും കൊലപാതക പാരമ്പരകളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമം കൊണ്ട് സിപിഎമ്മിനെ തകർക്കാനാവില്ലെന്നും ജനങ്ങളെ മുൻ നിർത്തി ആർ.എസ്.എസിനെ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അന്തഗോപൻ, മുതിർന്ന നേതാവ് ആർ.ഉണ്ണികൃഷ്ണപിള്ള, മുൻ എംഎ‍ൽഎമാരായ എ.പത്മകുമാർ, രാജു എബ്രഹാം, ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നേതാക്കളായ അഡ്വ.ആർ.സനൽകുമാർ, പി.ജെ.അജയകുമാർ, പി.ബി.ഹർഷകുമാർ, പി.ആർ.പ്രസാദ്, നിർമ്മല, പ്രമോദ് ഇളമൺ, സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.