- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തൂ എന്ന അഭ്യാർഥനയുമായി എത്തിയത് പ്രധാനമന്ത്രി; അക്ഷരംപ്രതി അനുസരിക്കാൻ കേരള സർക്കാറും; കുടുംബശ്രീ വഴി ദേശീയ പതാകകൾ നിർമ്മിക്കും; എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തും; ഭരണഘടനാ പ്രതിജ്ഞ എടുത്തു സജി ചെറിയാൻ വിഷയത്തിന് പ്രായശ്ചിത്തവും; സിപിഎം അടിമുടി മാറുന്നു
തിരുവനന്തപുരം: 2021 മുതലാണ് സിപിഎം പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു തുടങ്ങിയത്. ഇതിന് കാരണം ദേശീയതയുടെ മൊത്തക്കച്ചവടക്കാരായി ബിജെപി എല്ലാ മേഖലയിലും കടന്നു കയറുന്നതു കൊണ്ടാണ്. എന്നാൽ, ഇപ്പോൾ ബിജെപിയുടെ ദേശീയതയെ നേരിടാൻ വേണ്ടി അതേലൈൻ സ്വീകരിക്കുകയാണ് സിപിഎം. അതിനായി പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തുന്നതിനൊപ്പം വീടുകളിലും സ്വാതന്ത്ര്യദിനത്തിൽ വ്യാപകമായി ദേശീയപതാക ഉയർത്താനുള്ള നീക്കം തുടങ്ങി.
ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി രംഗത്തുവന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സംസ്ഥാന സർക്കാറും വിപുലമായ പരിപാടികളുമായി മുന്നോട്ടു പോകുന്നത്. എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയത്തിന് ശക്തിപകരാനും മോദി ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.
എല്ലാ വീടുകളിലും ദേശീയ പതാകയെന്ന ലക്ഷ്യം ത്രിവർണ പതാകയോടുള്ള നമ്മുടെ ആത്മബന്ധം ദൃഢമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളനി ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയും ദേശീയ പതാകയും സ്വപ്നം കണ്ടവരുടെ ധൈര്യവും പരിശ്രമങ്ങളും നാം അനുസ്മരിക്കേണ്ടതുണ്ട്. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർഥ്യമാക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റഎ 75-ാം വാർഷിക ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്ന വേളയിൽ എല്ലാ വീടുകളിലും ത്രിവർണ പതാക എന്ന ആശയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
മോദിയുടെ ആശയം നടപ്പിലാക്കാൻ കേരള സർക്കാർ വിപുലമായ ശ്രമങ്ങൾ തന്നെയാണ് നടത്തുന്നത്. ഇതിനായി കുടുംബശ്രീയും തദ്ദേശവകുപ്പുംചേർന്ന് ദേശീയപതാകകൾ നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും പതാക ഉയർത്തുന്ന 'ഹർ ഘർ തിരംഗ' നടപ്പാക്കണമെന്ന കേന്ദ്രം സാംസ്‌കാരികവകുപ്പിന്റെ നിർദ്ദേശത്തിന്റെ ചുവുടുപിടിച്ചാണ് ഈ തീരുമാനം. ഓഗസ്റ്റ് 13 മുതൽ 15 വരെ വിദ്യാലയങ്ങൾ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ, വീടുകൾ തുടങ്ങി എല്ലായിടത്തും ത്രിവർണപതാക ഉയർത്തണമെന്നാണ് നിർദ്ദേശം. ഇത് അനുസരിക്കാനാണ് കേരളം ഒരുങ്ങുന്നത്.
കുടുംബശ്രീക്കുപുറമെ സ്‌കൂൾ എൻ.എസ്.എസ്., എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എസ്‌പി.സി., കരിയർ ഗൈഡൻസ് വിഭാഗം എന്നിവയുടെയും മറ്റു ക്ലബ്ബുകളുടെയും സഹകരണവും തേടുന്നുണ്ട്. വിവിധ വലിപ്പത്തിലുള്ള പതാകകളുടെ നിരക്കും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
അതേമയം സിപിഎം പാർട്ടി തലത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം. സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കാൻ സിപിഎം തയ്യാറെടുക്കുന്നുണ്ട്. ദേശീയ പതാക ഉയർത്തുന്നതിന് ഒപ്പമാണ് ഭരണഘടനയോടുള്ള പ്രതിബദ്ധത ഇങ്ങനെ വ്യക്തമാക്കുന്നത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. സജി ചെറിയാന്റെ നിലപാടല്ല പാർട്ടിക്ക് എന്ന് വ്യക്തമാക്കാൻ കൂടിയാണ് ഈ പരിപാടി നടത്തുന്നത്.
പാർട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാന പ്രകാരം ഓഗസ്റ്റ് ഒന്നു മുതൽ 15 വരെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ നടത്തും. സിപിഐയും സമാനമായ തീരുമാനം എടുത്തിട്ടുള്ളതിനാൽ വിശദാംശങ്ങൾ അവരുമായി ആലോചിച്ചു തീരുമാനിക്കും. കഴിഞ്ഞ വർഷമാണ് സിപിഎം സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു തുടങ്ങിയത്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് നേരിട്ട കനത്ത പരാജയത്തിന്റെ കൂടി പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലാണ് സിപിഎം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു തുടങ്ങിയത്. ദേശീയതയുമായി ബന്ധപ്പെട്ട് എതിർകക്ഷികൾ നിരന്തരം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതിനും ഇതുവഴി പരിഹാരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ ലൈനിലാണ് സിപിഎം കേരളാ ഘടകവും നീങ്ങുന്നത്.
ചൈന, ക്യൂബ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളോട് പലപ്പോഴും കൂടുതൽ സഹാനുഭൂതി പ്രകടിപ്പിച്ച മാർക്‌സിസ്റ്റ് പാർട്ടി, രാജ്യത്തിന്റെ ദേശീയത ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന ആരോപങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ കൂടിയാണ് ഈ തീരുമാനം. സിപിഐയിൽ നിന്ന് പിളർന്ന് സിപിഎം രൂപീകരിച്ച സമയം മുതൽ 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യമാണ് സ്വാതന്ത്ര്യ ദിനത്തിൽ സിപിഎം ഉയർത്തിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ