കണ്ണൂർ: പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസെറ്റിയുമായി ബന്ധപ്പെട്ട നാലു കോടി ചിട്ടി തട്ടിപ്പ് സിപിഎമ്മിൽ ഗ്രൂപ്പ് പോരിനും കളമൊരുങ്ങുന്നു. ഈ വിഷയം ജില്ലാ നേതൃത്വത്തിൽ തന്നെ കടുത്ത ഭിന്നതയക്കിടയാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് സൊസെറ്റിക്ക് ക്രമവിരുദ്ധമായ ചിട്ടി നടത്താൻ അനുമതി നൽകിയതെന്ന ആരോപണമാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. നേരത്തെ അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും പാർട്ടിക്കുള്ളിൽ വളർത്തിയത് പി.ജയരാജനാണെന്ന ആരോപണമുയർത്തിയവർ തന്നെയാണ് പേരാവൂർ ചിട്ടി തട്ടിപ്പു കേസിലും പി.ജയരാജനെതിരെ ഒളിയമ്പ് എയ്യുന്നത്. ഇതോടെ പാർട്ടി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സിപിഎമ്മിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.

എന്നാൽ പി.ജയരാജൻ ക്രമവിരുദ്ധമായ ചിട്ടി നടത്താൻ അനുമതി നൽകിയെന്ന സൊ സെറ്റി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ വിവാദമായതിനെ തുടർന്ന് പിന്നീട് പാർട്ടി നേതൃത്വം ഇടപെട്ട് തിരുത്തിച്ചിരുന്നു. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് ചിട്ടിയോ മറ്റു പദ്ധതികളോ തുടങ്ങാൻ അനുമതി നൽകേണ്ടത് സഹകരണ വകുപ്പാണെന്നും അല്ലാതെ പാർട്ടിയല്ലെന്നുമായിരുന്നു സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വിശദീകരണം ചിട്ടി ആരംഭിച്ചു ഒരു മാസത്തിനകം തന്നെ സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ ചിട്ടി നടത്തുന്നത് ശരിയല്ലെന്നും ബന്ധപ്പെട്ടവർക്ക് പണം തിരിച്ചുനൽകണമെന്ന് പാർട്ടി പറഞ്ഞിരുന്നതായും ജയരാജൻ വ്യക്തമാക്കി. ഇപ്പോൾ കാലാവധി കഴിഞ്ഞ് പണമടച്ചവരുടെ തുക നൽകാൻ കാശില്ലെന്ന വിവരം പുറത്തു വന്നപ്പോഴാണ് പാർട്ടി ഈക്കാര്യം ശ്രദ്ധിക്കുന്നതെന്നും ജയരാജൻ വെളിപ്പെടുത്തി.

അനുമതിയില്ലാതെ ചിട്ടി തുടങ്ങിയതും ജനങ്ങളുടെ നിക്ഷേപം സഹകരണ രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി തുക മാറ്റി ചെലവഴിച്ചതുമാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾക്ക് കാരണം ഈക്കാര്യം മുഴുവനായും സഹകരണ വകുപ്പ് പരിശോധിക്കണം. വകുപ്പിന്റെ പരിശോധന നടക്കുന്ന ഈ ഘട്ടത്തിൽ തന്നെ നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ നടപടിയുണ്ടാകുമെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടി നിയന്ത്രിത സ്ഥാപനം സാമ്പത്തിക കുരുക്കിൽ അകപ്പെട്ടതോടെ സൊ സെറ്റിയുടെ വസ്തുവകകൾ വിറ്റഴിച്ചും ആരോപണ വിധേയരായ സെക്രട്ടറിയിൽ നിന്നും മറ്റുള്ളവരിൽ നിന്നും പണം വസുലാക്കിയും പിരിഞ്ഞു കിട്ടാനുള്ള തുക പിരിച്ചെടുത്തും ഏകദേശം നാലു കോടി രൂപയുടെ കടബാധ്യത തിരിച്ചു കൊടുക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

ഇതു കൂടാതെ സാമ്പത്തിക ആരോപണത്തിന് വിധേയമായ പേരാവൂർ ഏരിയാ കമ്മിറ്റിയിലെ മുഴുവൻ നേതാക്കളെയും നീക്കം ചെയ്യും. ഇവരെ സംഘടനാപരമായി തരം താഴ്‌ത്താനോ പാർട്ടിയുടെ ഉന്നത കമ്മിറ്റികളിൽ നിന്നും അംഗത്വത്തിൽ നിന്നും ഒഴിവാക്കാനുമാണ് തീരുമാനം.സിപിഎം ഏരിയാ സമ്മേളനം നടക്കാനിരിക്കെ കളങ്കിതരായവരെ ഒഴിവാക്കി കൊണ്ടുള്ള പുതിയ ഏരിയാ നേതൃത്വമാണ് പകരം വരിക. ഇതു കൂടാതെ കോൺഗ്രസും ബിജെപിയുമുയർത്തുന്ന രാഷ്ട്രീയ ആരോപണങ്ങളും സമരങ്ങളും പ്രതിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പേരാവൂർ ഏരിയാ കമ്മിറ്റിയിൽ നാല് ഗ്രൂപ്പുകൾ പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ കമ്മിറ്റി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഗ്രൂപ്പുകളിക്കുന്ന നേതാക്കളെ ഒഴിവാക്കി പകരം വനിതകളെയും പുതുമുഖങ്ങളെയും കൊണ്ടുവന്ന് മലയോര മേഖലയായ പേരാവൂരിൽ പാർട്ടിയുടെ മുഖച്ഛായ തന്നെ മാറ്റണമെന്ന ആവശ്യവും അണികൾക്കുള്ളിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്.

ഇതിനിടെ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പുകേസിൽ കൂടുതൽ സി.പി. എം നേതാക്കൾ കുരുങ്ങുമെന്നുറപ്പായതോടെ കടുത്ത നടപടികൾ ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നേതാക്കൾക്കെതിരെ ബിനാമി ഇടപാടുകളുടെ വ്യക്തമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഇവർ പറയുന്നത്.പാർട്ടി ജില്ലാ നേതൃത്വം നിഷ്പക്ഷ അന്വേഷണം നടത്തിയാൽ ജില്ലാ ഏരിയാ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന വ്യക്തമായ തെളിവുകൾ ഹാജരാക്കാമെന്നും ഇവർ പറയുന്നു.

ചിട്ടിതട്ടിപ്പുകേസിനെയും പാർട്ടിക്കാരനായ സെക്രട്ടറിയെയും മറ്റുള്ളവരെയും പാർട്ടി പരസ്യമായി തളിപ്പറയുന്നുണ്ടെങ്കിലും ചെറുവത്തൂർ ഫാഷൻ ഗോൾഡിന്റെ ചെറുപതിപ്പായ അഴിമിതിയിൽ അതിന്റെ ഉത്തരവാദിത്വം മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തലയിൽ കെട്ടിവയ്ക്കാൻ കിണഞ്ഞു ശ്രമിച്ച സി.പി. എം പേരാവൂരിന്റെ കാര്യംവരുമ്പോൾ തങ്ങൾക്കു സാമ്പത്തിക ബാധ്യതയൊന്നും ഏറ്റെടുക്കാനാവില്ലെന്നു പറഞ്ഞു തകിടം മറിയുകയാണെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയുമുയർത്തുന്നത്.

പാർട്ടിയെ വിശ്വസിക്കുകയും കൂടെ നിൽക്കുകയും കൊടിപിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന പട്ടിണി പാവങ്ങളായ തൊഴിലുറപ്പു തൊഴിലാളികളും കർഷക തൊഴിലാളികളും മുണ്ടുമുറുക്കിയുടുത്ത് സമ്പാദിച്ച നാലുകോടിരൂപയാണ് സെക്രട്ടറിയും മറ്റു ഭരണസമിതിയംഗങ്ങളും ബിനാമി ചിട്ടിയിലൂടെ അടിച്ചുമാറ്റിയതെന്ന് കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി ചുണ്ടിക്കാട്ടി. എന്നാൽ നാലുകോടിയുടെ കുംഭകോണം നടന്നന്നെന്നു പകൽ പോലെ വ്യക്തമായിട്ടും നടപടിയെടുക്കാത്ത സി.പി. എം നേതൃത്വം ഒട്ടകപക്ഷി നയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസും കുറ്റപ്പെടുത്തി.