- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഎസ്എസ് വേദിയിൽ സിപിഎം നേതാവ്; സംഘപരിവാർ നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ ഉത്ഘാടനം നിർവഹിച്ചത് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ്; രാഷ്ട്രീയ ചേരിതിരിവ് മൂലം യുഡിഎഫ് പരിപാടി ബഹിഷ്കരിച്ച എസ്. ഷാജി ആർഎസ്എസ് വേദിയിലെത്തിയത് അണിയറ നീക്കങ്ങളുടെ ഭാഗമെന്ന് കോൺഗ്രസ്
കോട്ടയം: ആർഎസ്എസിന്റെ നിയന്ത്രണത്തിൽ ആരംഭിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ഉത്ഘാടനത്തിന് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് വിവാദമാകുന്നു. കോട്ടയം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എസ് ഷാജിയാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ശ്രീ ധർമ്മ ശാസ്താ ചാരിറ്റബിൾ സൊസൈറ്റിയുടെ ശിലാസ്ഥാപന ചടങ്ങ് ഉത്ഘാടനം ചെയ്തത്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണി സി കാപ്പൻ എംഎൽഎ എലിക്കുളം പഞ്ചായത്തിൽ മെരിറ്റ് അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചപ്പോൾ രാഷ്ട്രീയ ചേരിതിരിവ് വ്യക്തമാക്കി ചടങ്ങിൽ നിന്ന് വിട്ടുനിന്ന ആളാണ് എസ്. ഷാജി. അങ്ങനെയുള്ള പഞ്ചായത്ത് പ്രസിഡന്റിന് യുഡിഎഫിനോടുള്ള രാഷ്ട്രീയവിരോധം ബിജെപി -ആർഎസ്എസ് സംഘടനകളോട് ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
ഒക്ടോബർ 27ന് എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നത്താണ് സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, നിലവിലെ ഏരിയാ കമ്മിറ്റി അംഗവും കൂടിയായ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ആർഎസ്എസ് പരിപാടി ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ പെട്ടിരിക്കുന്നത്. പാർട്ടി സമ്മേളന കാലത്ത് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഷാജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് യുഡിഎഫിന് പാർട്ടിയെ അടിക്കാനുള്ള വടി നൽകിയതിൽ പാർട്ടി കേഡർമാർക്കിടയിൽ എതിർപ്പുണ്ട്.
ഷാജിയെ കൂടാതെ ബിജെപി -ആർഎസ്എസ് നേതാക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എൻ ഹരിയും ആർഎസ്എസ് കാര്യവാഹകരുമായിരുന്നു പരിപാടിയിൽ പങ്കെടുത്ത മറ്റുള്ളവർ. യുഡിഎഫിനോട് പുലർത്തുന്ന അയിത്തം പഞ്ചായത്ത് പ്രസിഡന്റിന് ബിജെപിയോടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങൾക്ക് ഭരണ സമിതിയുടെ കീഴിൽ വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു. അത് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള അണിയറ നീക്കങ്ങളുടെ ഭാഗമാണോ എന്നാണ് പ്രതിപക്ഷത്തിന്റെ സംശയം.
മറുനാടന് മലയാളി ബ്യൂറോ