- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ട പട്ടികജാതി വീട്ടമ്മയുടെ ഭവന പുനരുദ്ധാരണ ഫണ്ടിലും കൈയിട്ടു വാരി സിപിഎം നേതാക്കൾ; 20 കമിഴ്ത്തോടും ഒരു പുകയില്ലാത്ത അടുപ്പും വച്ച് അടിച്ചു മാറ്റിയത് 59,000 രൂപ; പഞ്ചായത്തംഗങ്ങളായ സിപിഎം അംഗങ്ങൾക്കെതിരേ ഓംബുഡ്സ്മാനിൽ പരാതി; അടിച്ചു മാറ്റിയതിൽ സ്വകാര്യ ട്രസ്റ്റ് നൽകിയ ഫണ്ടും
പത്തനംതിട്ട: പാവപ്പെട്ട പട്ടികജാതി വീട്ടമ്മയ്ക്ക് ഭവന പുനരുദ്ധാരണത്തിന് സ്വകാര്യ ട്രസ്റ്റ് അടക്കം നൽകിയ പണം അടിച്ചു മാറ്റി പഞ്ചായത്തംഗങ്ങൾ കൂടിയായ സിപിഎം നേതാക്കൾ.നക്കാപ്പിച്ച പോലെ ആസ്ബസ്റ്റോസിന് മുകളിൽ 20 കമിഴ്‌ത്തോട് സ്ഥാപിച്ചും അടുക്കളയിൽ ആലുവ പുകയില്ലാത്ത അടുപ്പും വച്ച് തട്ടിയെടുത്തത് 59,000 രൂപയാണ്. കഷ്ടിച്ച് പതിനായിരം രൂപയുടെ പണി പോലും നടത്താതെ ഇത്രയും തുക അടിച്ചു മാറ്റിയതിൽ യഥാക്രമം സിപിഎം ഏരിയാകമ്മറ്റിയവും ലോക്കൽ കമ്മറ്റിയംഗവുമായ രണ്ടു പഞ്ചായത്തംഗങ്ങൾ, വീടിന്റെ പണി കഴിഞ്ഞുവെന്ന് വ്യാജറിപ്പോർട്ട് നൽകിയ പഞ്ചായത്തിലെ അസി. എൻജിനീയർ എന്നിവരെ പ്രതികളാക്കി വീട്ടമ്മ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാന് പരാതി നൽകി.
നാരങ്ങാനം നോർത്ത് പെരുമ്പാറ ചരിവുകാലായിൽ സരസമ്മയാണ് നാരങ്ങാനം പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സണുമായ അബിതാ ഭായി, സിപിഎം ഏരിയാ കമ്മറ്റിയംഗവും പഞ്ചായത്ത് 14-ാംവാർഡ് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റിയംഗവുമായ ബെന്നി ദേവസ്യ, പഞ്ചായത്തിലെ അസി.എൻജിനീയർ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ എതിർകക്ഷികളാക്കി ഓംബുഡ്സ്മാനെ സമീപിച്ചിരിക്കുന്നത്.
രണ്ടാം വാർഡിൽ താമസിച്ചു കൊണ്ടിരുന്ന സരസമ്മ, മകൻ കണ്ണൻ എന്നിവരടങ്ങുന്ന കുടുംബത്തെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് അബിതയ്ക്ക് വോട്ടു കിട്ടുന്നതിന് വേണ്ടി അഞ്ചാം വാർഡിൽ കൊണ്ടു വന്ന് താമസിപ്പിക്കുകയായിരുന്നു. സരസമ്മയ്ക്ക് 2021-22 സാമ്പത്തിക വർഷം പട്ടികജാതി ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ക്രമനമ്പർ ഒന്ന് ആയി 35,000 രൂപ പഞ്ചായത്തിൽ നിന്ന് അനുവദിച്ചിരുന്നു. എസ്.ബി.ഐയുടെ നാരങ്ങാനം ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് പണമെത്തിയത്.
വീടിന്റെ പുനരുദ്ധാരണം നടത്താൻ സരസമ്മയുടെ അപേക്ഷ പ്രകാരം നാരങ്ങാനത്ത് പ്രവർത്തിക്കുന്ന മലനാട് മിൽക്ക് സൊസൈറ്റി പ്ലാന്റ് അധികൃതർ 25,000 രൂപ സരസമ്മയ്ക്ക് അനുവദിച്ചിരുന്നു. ഈ പണം യൂക്കോ ബാങ്ക് നെല്ലിക്കാല ശാഖ വഴിയാണ് കൊടുത്തത്. ഇതോടെ വാർഡ് മെമ്പർ അബിതാ ഭായി രംഗത്തു വന്നു.
വീടിന്റെ പ്ലാസ്റ്ററിങ് ഉൾപ്പെടെ എല്ലാ അറ്റകുറ്റപ്പണിയും ചെയ്തു നൽകാമെന്ന് പറഞ്ഞ് രണ്ടു ബാങ്കുകളിലായി ഉണ്ടായിരുന്ന 59,000 രൂപ വാർഡ് മെമ്പർ അബിതാ ഭായി സരസമ്മയെ കൊണ്ട് പിൻവലിപ്പിച്ച് സ്വന്തം കൈയിലാക്കി. അമ്മയെ വിളിച്ചു കൊണ്ടു പോയി പണം വാങ്ങിയെടുത്തിട്ട് ഓട്ടോയിൽ തിരിച്ചു കൊണ്ടു വിടുമ്പോഴാണ് വിവരം അറിയുന്നതെന്ന് സരസമ്മയുടെ മകൻ കണ്ണൻ പറയുന്നു.
ഇതിന് ശേഷം വീടിന്റെ പുനരുദ്ധാരണം മെമ്പറുടെ നേതൃത്വത്തിൽ ആരംഭിച്ചു. നേരത്തേ ഇട്ടിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾക്ക് മുകളിൽ 20 കമിഴ്‌ത്തോടുകൾ വച്ചു. അടുക്കളയിൽ ആലുവ പുകയില്ലാത്ത അടുപ്പും വച്ചു കൊടുത്തു. ഇതിന് ശേഷം അബിതയുടെ അനക്കമില്ലാതായി. ശേഷിച്ച പണം വീട്ടുകാർ ചോദിച്ചപ്പോൾ അത് നിങ്ങളുടെ കൈയിലിരുന്നാൽ ഭക്ഷണം കഴിച്ചു തീർക്കുമെന്നും വേണ്ട പണികൾ താൻ ചെയ്തോളാമെന്ന് വാർഡ് മെമ്പർ പറഞ്ഞുവെന്നും കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
സരസമ്മ ഫോൺ വിളിച്ചപ്പോൾ പിന്നെ അബിത എടുക്കാറില്ലായിരുന്നു. നേരിൽ ചെന്നിട്ടും കാണാൻ കൂട്ടാക്കിയില്ല. വീടു പണി തീർക്കാമെന്ന് പറഞ്ഞ് പിന്നീട് ബന്ധപ്പെട്ടത് 14-ാം വാർഡ് മെമ്പർ ബെന്നിയാണ്. ഇത് അബിതയുടെ നിർദ്ദേശ പ്രകാരമായിരുന്നുവത്രേ. ഇയാൾ രംഗത്തു വന്നതല്ലാതെ പണിയൊന്നും നടന്നില്ല. ഇതിനിടെ വീടിന്റെ പണി പൂർത്തിയായെന്ന് പറഞ്ഞ് അസി. എൻജിനീയർ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയെന്ന് സരസമ്മ പരാതിയിൽ പറയുന്നു.
ആ സ്ഥിതിക്ക് ശേഷിച്ച പണം മെമ്പർമാരുടെ കൈവശമായി. അത് നിർധന കുടുംബത്തിന് തിരിച്ചു നൽകാനോ വീടുപണി പൂർത്തീകരിക്കാനോ മെമ്പർമാർ തയാറായില്ല. സരസമ്മയെ കാണാൻ പോലും ഇവർ കൂട്ടാക്കുന്നില്ലത്രേ. എൻജിനീയർ നാളിതുവരെ തന്റെ വീട്ടിലെത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ആസൂത്രിതമായ തട്ടിപ്പാണ് സിപിഎം നേതാക്കൾ നടത്തിയത്. ഇതിനെതിരേ പരാതി നൽകുമെന്ന് പറഞ്ഞിട്ടും ഇവർക്ക് കൂസലില്ലായിരുന്നു. ഒടുവിൽ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് സരസമ്മ ഓംബുഡ്സ്മാനെ സമീപിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്