- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണ കക്ഷിക്ക് എന്ത് കോവിഡ് മാനദണ്ഡം? കോവിഡ് വ്യാപനത്തിനിടെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തിരുവനന്തപുരത്ത് സിപിഎമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 550 പേർ; സാക്ഷികളായി എം എ ബേബി അടക്കമുള്ള മുതിർന്ന നേതാക്കളും
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ കേരളത്തിലെ സാധാരണക്കാർക്ക് മാത്രമുള്ളതാണെന്ന വിമർശനം കടുക്കുന്നതിനിടെ ഭരണകക്ഷിയായ സിപിഎമ്മിൽ നിന്നും വീണ്ടും തോന്നുംപടി കാര്യങ്ങൾ. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര വിവാദത്തിലായത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിന്റെ പേരിലാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 550-ലേറെ പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുപരിപാടിയിൽ 150 പേരിൽ കൂടരുതെന്ന സർക്കാർ നിയന്ത്രണം നിലനിൽക്കേയാണ് ഇത്രയധികം പേർ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്.
ജനാധിപത്യ മഹിള അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.രതീന്ദ്രൻ, പുത്തൻകട വിജയൻ എന്നിവർ അടക്കമുള്ള നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു.
ഓരോ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് തിരുവാതിരയുടെ പരിശീലനം കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരികയായിരുന്നു. ജില്ലാസമ്മേളനവും സമ്മേളന നഗരിയായ പാറശ്ശാലയും സംസ്ഥാന സർക്കാരിന്റെ വിജയങ്ങളും വിഷയമാക്കിയായിരുന്നു തിരുവാതിരഗാനം. മരണാനന്തര, വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേർ അണിനിരന്ന തിരുവാതിര നടന്നത്. ഇതിനെതിരേ നടപടിയെടുക്കാൻ സർക്കാർ സംവിധാനങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കയാണ്. തിരുവനന്തപുരത്ത് രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 22 പിന്നിട്ടു. എറണാകുളത്തും കോഴിക്കോടും തൃശൂരും 15ന് മുകളിലാണ് ടിപിആർ. രോഗവ്യാപനം ഉയരുമ്പോഴും സർക്കാർരാഷ്ട്രീയ പരിപാടികളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല. നിയന്ത്രണ ലംഘനങ്ങളിൽ പൊലീസും കണ്ണടയ്ക്കുകയാണ്.
സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറുകയാണ് തലസ്ഥാന ജില്ല. ഇന്നലെ 2200 പേർക്ക് രോഗം ബാധിച്ചപ്പോൾ ടിപിആർ 22.4 ശതമാനമാണ്. മൂന്ന് ദിവസം കൊണ്ട് 200 ശതമാനം വർധനയാണ് ടിപിആറിലുണ്ടായത്. അതനുസരിച്ച് മെഡിക്കൽ കോളജിലും രോഗികൾ കൂടിത്തുടങ്ങി. തലസ്ഥാനം കഴിഞ്ഞാൽ എറണാകുളത്താണ് രോഗവ്യാപനം കൂടുതൽ. ടിപിആർ 17.11 ആണ്.
ടിപിആർ 15 പിന്നിട്ട കോഴിക്കോടും തൃശൂരും അതിജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. രോഗവ്യാപനം ഏറ്റവും കൂടിയ തിരുവനന്തപുരത്ത് ഇന്നലെ മൂന്ന് മന്ത്രിമാർ പങ്കെടുത്ത് നടത്തിയ സർക്കാർ പരിപാടികളിൽ അകലമോ നിയന്ത്രണമോ പേരിന് പോലുമുണ്ടായിരുന്നില്ല. തീവശ്രദ്ധ വേണ്ട ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ച് സാമൂഹ്യനീതി വകുപ്പ് നടത്തിയ പരിപാടിയിലും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി. ഇവിടെയെല്ലാം നോക്കുകുത്തിയായി പൊലീസുമുണ്ട്. അവലോകന യോഗങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കാൻ നിർദ്ദേശം കിട്ടിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ