- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സീതത്തോട്ടിൽ ജനീഷ് കുമാർ എംഎൽഎയുടെ വിശ്വസ്തൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; പകരം പ്രസിഡന്റാകേണ്ട അംഗത്തിനെതിരേ 80 ലക്ഷത്തിന്റെ അഴിമതിയാരോപണം; ക്രമക്കേട് നടന്നത് ഗവി നിവാസികൾക്ക് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയിൽ; സിപിഎം വിഭാഗീയത വീണ്ടും തല പൊക്കുമ്പോൾ
സീതത്തോട്: കെയു ജനീഷ് കുമാർ എംഎൽഎയുടെ വിശ്വസ്തൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പദം ധാരണ പ്രകാരം രാജി വച്ചതിന് പിന്നാലെ ഇനി പ്രസിഡന്റാകേണ്ട സിപിഎം അംഗത്തിനെതിരേ 80 ലക്ഷം രൂപയുടെ അഴിമതിയാരോപണം. വാലുപാറ വാർഡിലെ അംഗവും സിപിഎം പെരുനാട് ഏരിയാ കമ്മറ്റിയംഗവുമായ പിആർ പ്രമോദിനെതിരേയാണ് ഗവി നിവാസികൾക്ക് ലൈഫ് പദ്ധതി പ്രകാരം ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് 80 ലക്ഷം രൂപയുടെ അഴിമതിയാരോപണം ഉയർന്നത്. നേരത്തേ ഉയർന്നിട്ടുള്ള ഈ ആരോപണം ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് ആക്ഷേപം ഉയരുന്നു.
സീതത്തോട് പഞ്ചായത്ത് പ്രസിഡന്റായി വരേണ്ടിയിരുന്നത് പിആർ പ്രമോദാണ്. എന്നാൽ, എംഎൽഎ ഇടപെട്ടാണ് തന്റെ വിശ്വസ്തനായ ജോബി ടി. ഈശോയ്ക്ക് ആദ്യ രണ്ടര വർഷം എന്ന ധാരണ ഉണ്ടാക്കിയത്. ഇത്തരം ധാരണ സിപിഎമ്മിൽ പതിവില്ലാത്തതാണ്. പ്രസിഡന്റ് പദവി വീതം വയ്ക്കാൻ തീരുമാനിച്ചപ്പോഴും പ്രമോദിനെ രണ്ടാം ടേമിലേക്ക് മാറ്റി നിർത്തുകയായിരുന്നു.
ആദ്യ ടേം പൂർത്തിയാക്കി ജോബി ടി. ഈശോ രാജി വച്ചതിന് പിന്നാലെയാണ് പ്രമോദിനെ പ്രതിക്കൂട്ടിലാക്കി വാർത്തകൾ പ്രചരിച്ചത്. ലൈഫ് പദ്ധതി പ്രകാരം ഗവിയിലെ ഭൂരഹിത-ഭവനരഹിത കുടുംബങ്ങൾക്ക് സ്ഥലം വാങ്ങിയതിൽ ഇടനില നിന്ന് പ്രമോദ് 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത, വാസയോഗ്യമെന്ന് പറയാൻ പോലും കഴിയാത്ത സ്ഥലം വൻ വിലയ്ക്ക് നൽകിയായിരുന്നുവത്രേ തട്ടിപ്പ്.
അന്വേഷണംആവശ്യപ്പെട്ട് ഗുണഭോക്താക്കളിൽ ചിലർ നേരത്തേ തന്നെ സിപിഎം നേതൃത്വത്തിന് പരാതി നൽകിയിരുന്നു. അതിന്മേൽ അന്വേഷണമൊന്നും തന്നെ നടന്നില്ല. മാസങ്ങൾ കഴിഞ്ഞിട്ടും ചിലർക്ക് സ്ഥലത്തിന്റെ ആധാരം കിട്ടിയിട്ടില്ല. ഇനി കിട്ടിയവർക്കാകട്ടെ ഭൂമി വീടു നിർമ്മാണത്തിന് അനുയോജ്യമല്ലെന്നും പറയുന്നു.
90 ൽപ്പരം ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 85 പേരും തട്ടിപ്പിന് ഇരയായി.
ഗവിയിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജർക്ക് സ്വന്തം വീടും സ്ഥലവും നൽകുന്നതിനാണ് ലൈഫ് പദ്ധതിയിൽ പണം വകയിരുത്തിയത്. മുൻ പരിചയമില്ലാത്തവർക്ക് സ്ഥലം എഴുതി നൽകാൻ ഉടമകൾ തയാറായിരുന്നില്ല. അപ്പോഴാണ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇടനിലക്കാരായി രക്ഷയ്ക്ക് എത്തിയത്. ആവശ്യമുള്ള സ്ഥലം തരാമെന്നും പണം സർക്കാരിൽ നിന്നും കിട്ടുമ്പോൾ തന്നാൽ മതിയെന്നും പറഞ്ഞ് ഇവരെ വലയിലാക്കുകയായിരുന്നുവെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ അടക്കം ജില്ലാ കലക്ടർക്കും മന്ത്രിതലത്തിലും പരാതി നൽകിയിരുന്നു. ഇതിന്മേൽ തുടരന്വേഷണം ഉണ്ടായില്ല.
സ്ഥലം വാങ്ങാൻ സർക്കാർ രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിച്ചിരുന്നത്. 15,000 മുതൽ 30,000 രൂപ വരെ സെന്റിന് വിലവരുന്ന, അടിസ്ഥാന സൗകര്യം തീരെയില്ലാത്ത സ്ഥലം ഒന്നിച്ചു വാങ്ങി സെന്റിന് അരലക്ഷം മുതൽ 80,000 രൂപ വരെ വിലയ്ക്ക് മറിച്ചു നൽകുകയായിരുന്നുവെന്നാണ് പരാതി. എല്ലാവർക്കും 1.80 കോടി രൂപയാണ് ലഭിച്ചത്. ഇതിന്റെ പകുതിയോളം ഇടനിലക്കാർ കൈക്കലാക്കി. ഇനിയും തുക നൽകണമെന്നാവശ്യപ്പെട്ട് പല ഗുണഭോക്താക്കളെയും വീണ്ടും ഇടനിലക്കാർ സമീപിച്ചിരിക്കുകയാണ്. ഇവിടെയാണ് പ്രമോദിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.
ഇന്നലെയാണ് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ രാജിവച്ചത്. രാജി വാർത്തയ്ക്കൊപ്പം തന്നെ അടുത്ത പ്രസിഡന്റാകാൻ പോകുന്നയാളുടെ അഴിമതിയും ഇന്നത്തെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ജില്ലയിൽ സിപിഎം വിഭാഗീയത രൂക്ഷമായിരിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ സംഭവം.