- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനെ നാറ്റോയിൽ ചേർക്കാനുള്ള ശ്രമങ്ങൾ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും; യുക്രൈനെതിരായ റഷ്യൻ സൈനിക നടപടി നിർഭാഗ്യകരം; ഇന്ത്യക്കാരുടെ സുരക്ഷ കേന്ദ്രം ഉറപ്പുവരുത്തണം; റഷ്യയുടെ സൈനിക നടപടിയിൽ സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രതികരണം
ന്യൂഡൽഹി: യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിർഭാഗ്യകരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും സായുധ പോരാട്ടത്തിൽ കടുത്ത ആശങ്കയുള്ളതായും പിബി പ്രസ്താവനയിൽ അറിയിച്ചു. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ റഷ്യയ്ക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായി കിഴക്കൻ അതർത്തിയിലേക്ക് ക്രമാനുഗതമായി വികസിച്ചു കൊണ്ടിരിക്കുകയാണ്.
യുക്രെയ്നെ നാറ്റോയിൽ ചേർക്കാനുള്ള ശ്രമങ്ങൾ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും. കിഴക്കൻ യൂറോപ്പിലെ അതിർത്തികളിലുള്ള നാറ്റോ സേനയുടെയും മിസൈലുകളുടെയും ഭീഷണി കാരണം റഷ്യയുടെ സുരക്ഷയിലും ആശങ്കയുണ്ട്. അതിനാൽ തന്നെ റഷ്യൻ സുരക്ഷയിൽ ഉറപ്പ് വേണമെന്നും ഒപ്പം യുക്രെയ്നെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവ്വകമാണ്.
അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതൽ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. സമാധാനം സ്ഥാപിക്കപ്പെടുന്നതിന്, കിഴക്കൻ ഉക്രെയ്നിലെ ഡോൺബാസ് മേഖല ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും യഥാർത്ഥ ആശങ്കകൾ പരിഹരിക്കപ്പെടണം. ചർച്ചകൾ പുനരാരംഭിക്കുകയും ഇരുകക്ഷികളും നേരത്തെ ഉണ്ടാക്കിയ കരാറുകൾ പാലിക്കുകയും വേണം.
അതേസമയം ഉക്രയ്നിലെ വിദ്യാർത്ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയിൽ നിന്നുമൊഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്