ന്യഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്രസർക്കാറിനെതിരെ സമരത്തിന് ഒരുങ്ങി സിപിഎം. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടിൽ അടുത്ത ആറ് മാസത്തേയ്ക്ക് ഓരോ മാസവും 7,500 രൂപ വീതം നിക്ഷേപിക്കണം. ആവശ്യക്കാരായ എല്ലാവർക്കും ഓരോ മാസവും 10 കിലോഗ്രാം വീതം വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകണം. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരം പ്രതിവർഷം 200 തൊഴിൽ ദിനമെങ്കിലും ഉയർന്ന വേതനത്തിൽ ലഭ്യമാക്കണം. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ നിയമം കൊണ്ടുവരണം. എല്ലാ തൊഴിൽരഹിതർക്കും വേതനം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 17 മുതൽ 22 വരെ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ സിപിഎം തീരുമാനം.

ഭരണഘടനയെ സംരക്ഷിക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങൾ എല്ലാ പൗരന്മാർക്കും ഉറപ്പാക്കുകയും ചെയ്യണം. രാജ്യത്ത് വർഗീയധ്രുവീകരണം വളർത്തുന്ന നയങ്ങളാണ് ബിജെപി സർക്കാർ നടപ്പാക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജനങ്ങളുടെ ജനാധിപത്യഅവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനും എതിരായി വലിയ ആക്രമണം നടക്കുന്നു. സ്ത്രീകൾ, ദളിതർ, ആദിവാസികൾ, പാർശ്വവൽക്കരിക്കപ്പട്ട വിഭാഗങ്ങൾ എന്നിവർക്കുനേരെ ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നു. സ്വകാര്യവൽക്കരണം വഴി രാജ്യത്തിന്റെ ആസ്തി ദേശീയ--വിദേശ കുത്തകകൾക്ക് കൈമാറുന്നു. തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്നു. അംബാനിമാർക്കും അദാനിമാർക്കും മാത്രമാണ് മോദിസർക്കാർ വഴി നേട്ടങ്ങൾ ലഭിക്കുന്നത് യെച്ചൂരി പറഞ്ഞു.

സ്വർണകള്ളക്കടത്ത് കേസ് കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നതെന്നും ശരിയായ അന്വേഷണം വഴി കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കട്ടേയെന്നും യെച്ചൂരി പ്രതികരിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാരും പാർട്ടി സംസ്ഥാന ഘടകവും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.