തിരുവനന്തപുരം: കോൺഗ്രസിലെയും ബിജെപിയിലേയും അസംതൃപ്തരെ സ്വീകരിക്കാനാണ് സിപിഎം തീരുമാനം. കോൺഗ്രസ് മുക്ത ഭാരതം നടപ്പാക്കാൻ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കുകയെന്ന തന്ത്രം അവതരിപ്പിച്ചത് മോദിയാണ്. ഇതേ തന്ത്രത്തിലൂടെ കേരളത്തിൽ കോൺഗ്രസിന്റെ അന്തകനാകാനാണ് സിപിഎം തീരുമാനം. ആരേയും സിപിഎം ഇനി കേരളത്തിൽ ഇരുകൈയും നീട്ടി സ്വീകരിക്കും. അതിന് തെളിവാണ് കോൺഗ്രസ് വിട്ടെത്തിയ കെപി അനിൽകുമാറിന് എകെജി സെന്ററിൽ നൽകിയ സ്വീകരണം.

മൂന്നാം ടേമിലേക്ക് ഭരണം എത്തിക്കാൻ കോൺഗ്രസിന്റേയും ബിജെപിയുടേയും അടിത്തറ തകർക്കാനാണ് സിപിഎം തീരുമാനം. കോൺഗ്രസിനെ കേഡർ സ്വഭാവ പാർട്ടിയാക്കാനുള്ള കെ സുധാകരന്റെ തീരുമാനവും ഗൗരവത്തോടെ എടുക്കുന്നു. കേരളത്തിൽ സിപിഎം ഭരണം ഉറപ്പിക്കാനാണ് കോൺഗ്രസിനേയും യുഡിഎഫിനേയും പൂർണ്ണമായും തകർക്കാനുള്ള സിപിഎം പദ്ധതി. നെടുമങ്ങാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രശാന്തിനെ സിപിഎമ്മിലേക്ക് എടുത്തത് ഇതിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറിയായ കെപി അനിൽകുമാറിനേയും എത്തിച്ചു. സുധാകരന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് പുറത്തേക്ക് വരുന്ന എല്ലാവർക്കും അർഹമായ സ്ഥാനം നൽകാനാണ് സിപിഎം തീരുമാനം.

സിപിഎം സംസ്ഥാന കമ്മറ്റിയിൽ തന്നെ കോൺഗ്രസുകാരെ ആകർഷിക്കാനുള്ള ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് അനിൽകുമാറിനെ പാർട്ടിയിലേക്ക് കൊണ്ടു വന്നത്. മുസ്ലിം ലീഗിലെ ഹരിത വിഷയത്തിൽ വിവാദമാക്കിയ ഫാത്തിമ തെഹ്ലിയയെ പാർട്ടിയുമായി അടുപ്പിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഫാത്തിമയെ മത്സരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാനും നീക്കമുണ്ട്. ഇതെല്ലാം യുഡിഎഫ് ഘടകക്ഷികളിലെ അസംതൃപ്തരേയും സിപിഎമ്മിലേക്ക് അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കോൺഗ്രസിലെ അസംതൃപ്തരം എൻസിപി ചാക്കിട്ട് പിടിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് ഇടതു മുന്നണിയിലെ ഘടക കക്ഷികളിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ സിപിഎം നേരിട്ട് രംഗത്തിറങ്ങുന്നത്.

മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്ന് കൂടുതൽപ്പേരെ പാർട്ടിയിലെത്തിക്കാൻ ശ്രദ്ധപതിപ്പിക്കാനാണ് നീക്കം. മുസ്ലിം ഇടത്തരക്കാർ ഉൾപ്പെടെ പുതിയവിഭാഗങ്ങളാണ് ലക്ഷ്യം. അവരെ പാർട്ടി അംഗങ്ങളാക്കി മാറ്റാൻ നടപടി കൈക്കൊള്ളണമെന്നും ക്രൈസ്തവ സമുദായത്തിൽനിന്ന് കൂടുതൽപ്പേരെ ഒപ്പംകൊണ്ടുവരണമെന്നും കീഴ്ഘടകങ്ങളോട് സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ഇടതു മുന്നണിയുടെ വിപുലീകരണം ഉൾപ്പെടെയുള്ള ചർച്ചകളും സിപിഎമ്മിൽ സജീവമാണ്. ആർ എസ് പിയിലെ അസംതൃപ്തരെ മുന്നണിയിലെത്തിക്കാനാണ് ശ്രമം.

പിണറായിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫിന് തുടർഭരണം കിട്ടിയെന്നു കരുതി കേരളത്തിൽ യു.ഡി.എഫും ബിജെപി.യും ദുർബലമായെന്ന നിഗമനം പാടില്ലെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടു വിഭാഗങ്ങളിലെ നേതാക്കളേയും അണികളേയും പാർട്ടിയിലേക്ക് അടുപ്പിക്കണമെന്നും കീഴ്ഘടകങ്ങളോട് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസിലെ പുനഃസംഘടനയിൽ നിരവധി പേർ നിരാശയിലാണ്. കെപിസിസി ഭാരവാഹി പട്ടിക കൂടി പുറത്തു വരുമ്പോൾ പല നേതാക്കളും കോൺഗ്രസ് വിടും. ബിജെപിയിലും ഇത് സംഭവിക്കും. ഇവരെ എല്ലാം സ്വാഗതം ചെയ്യാനാണ് സിപിഎം തീരുമാനം.

പാലക്കാട് എവി ഗോപിനാഥിനെ കൂടെ കൂട്ടാനുള്ള ശ്രമം സിപിഎം തുടരും. തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പ്രശാന്ത് സിപിഎമ്മിൽ എത്തി. സമാന ഇടപെടലുകൾ ഇനിയും ഉണ്ടാകുമെന്നതിന് തെളിവാണ് അനിൽകുമാറിന്റെ വരവ്. എല്ലാ ജില്ലകളിലും കോൺഗ്രസിൽ നിന്ന് പ്രമുഖരെ അടർത്തി എടുക്കും. ഗ്രൂപ്പുകളെ തകർക്കാൻ സുധാകരൻ ശ്രമിക്കുമ്പോൾ കൂടുതൽ പേർ കോൺഗ്രസിൽ നിരാശരാകും. അവരെ എല്ലാം ഒപ്പം കൂട്ടാനാണ് സിപിഎം തീരുമാനം. ഇങ്ങനെ കോൺഗ്രസിനെ തകർത്ത് സിപിഎം അടിത്തറ വിപുലമാക്കുകയാണ് ലക്ഷ്യം.

തിരഞ്ഞെടുപ്പിൽ മുന്നേറാൻ സാധിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ശക്തി അംഗീകരിക്കണം. യു.ഡി.എഫിന്റെ വോട്ട് പങ്ക് 2016-ലേതിനെ അപേക്ഷിച്ച് അല്പം വർദ്ധിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിൽ വലിയ സ്വാധീനമുള്ള മുസ്ലിം ലീഗ് യു.ഡി.എഫിലാണ്. യു.ഡി.എഫിനെ അനുകൂലിക്കുന്ന വിഭാഗങ്ങളെ ആകർഷിച്ച്, പാർട്ടിയുടെ അടിത്തറ വിപുലമാക്കണമെന്നാണ് സിപിഎം. അണികളോട് പറയുന്നത്. മുസ്ലിം ലീഗിനോടുള്ള സമീപനം സിപിഎം വിശദീകരിച്ചിട്ടില്ല. എന്നാൽ ലീഗ് പോലും മുന്നണി മാറാൻ തയ്യാറായാൽ സ്വീകരിക്കും. കോൺഗ്രസിനെ അടിമുടി ദുർബ്ബലപ്പെടുത്തുകയാണ് ലക്ഷ്യം.

വർഗീയ ധ്രുവീകരണത്തിലൂടെയും കേന്ദ്രത്തിലെ അധികാരവും പണവും ഉപയോഗിച്ചും കേരളത്തിൽ ചുവടുറപ്പിക്കാൻ ബിജെപി. ശ്രമിക്കുന്നുണ്ട്. എന്നാൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവരുടെ വോട്ടുപങ്ക് കുറയുകയും ഏക സീറ്റ് നഷ്ടമാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി. കാര്യമായി ദുർബലപ്പെട്ടു എന്ന നിഗമനത്തിലെത്തരുതെന്നും സിപിഎം. മുന്നറിയിപ്പുനൽകി. കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യതയുണ്ട്. പുതിയ നേതൃത്വത്തെ എത്തിക്കും. അപ്പോൾ ബിജെപിയിലും കൊഴിഞ്ഞു പോക്കുണ്ടാകും. ഇത് മുതൽകൂട്ടാക്കണമെന്നാണ് ആവശ്യം.

ഹിന്ദുമതത്തിലെ ചില സാമൂഹികശക്തികൾ തങ്ങളുടെകൂറ് ബിജെപി.യിലേക്ക് മാറ്റുകയാണെന്നും പാർട്ടി വിലയിരുത്തുന്നു. ബിജെപി.യെ അനുകൂലിച്ചുകൊണ്ടിരുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർ അവരിൽനിന്ന് അകലുകയാണ്. ഇത്തരം വിഭാഗങ്ങൾ യു.ഡി.എഫിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം. ബിജെപി.യുടെ പുതിയ സ്വാധീനമേഖലകളെ ശ്രദ്ധയോടെ പരിശോധിക്കണമെന്നും അത് തടയാനുള്ള നടപടി കൈക്കൊള്ളണമെന്നും സിപിഎം. നിർദ്ദേശിക്കുന്നു.