അടൂർ: താലൂക്കിൽ സിപിഎം നേതാക്കക്കൊപ്പം നിൽക്കുകയും അവരിൽ നിന്ന് അകലുകയും ചെയ്തതോടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് രണ്ടു യുവാക്കളാണ്. ഒരു കാലത്ത് സിപിഎം ഗുണ്ടകളും നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരുമായിരുന്നു ഇരുവരും. രണ്ടു പേരുടെയും മരണത്തിന് പിന്നിൽ സിപിഎമ്മിന്റെ ഒരു നേതാവിനെ സംശയ നിഴലിൽ നിർത്തിയിരിക്കുകയാണ് ബന്ധുക്കളും മാതാപിതാക്കളും.

തുവയൂർ സൗത്ത് മാഞ്ഞാലി അരുവാൻകോട്ടു വിളയിൽ വൈക്കം മണിയെന്ന പേരിൽ അറിയപ്പെടുന്ന വിനോദ്കുമാർ(27), ഡിവൈഎഫ്ഐ അടൂർ മേഖലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എംജെ ജോയൽ എന്നിവരാണ് ദൂരൂഹ സാഹചര്യത്തിൽ മരിച്ചത്.

2008 മാർച്ച് 11 ന് പുലർച്ചെ മണ്ണടി താഴത്ത് കോന്നോൻ ഏലായിലാണ് വിനോദ് മരിച്ചു കിടന്നത്. കഴിഞ്ഞ വർഷം മേയിലാണ് ജോയൽ മരിച്ചത്. അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന യു ബിജു ജോയലിനെ മർദിച്ചു കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ വർഷം ജനുവരി ഒന്നിന് കസ്റ്റഡിയിൽ എടുത്ത ജോയലിനെ അതിക്രൂരമായി ബിജു മർദിക്കുകയും അനന്തരഫലമായി അഞ്ചു മാസത്തിന് ശേഷം മരണമടയുകയുമായിരുന്നുവെന്ന് ഇവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയിൽ കേസ് നടത്തുകയാണ്.

വിനോദിന്റെയും ജോയലിന്റെയും മരണത്തിന് പിന്നിൽ ദുരൂഹതകൾ ഒരു പാടുണ്ട്. ഏറെക്കുറെ സാമ്യവും. ഒരു സിപിഎം നേതാവിന്റെ അഴിമതിയും സാമ്പത്തിക ക്രമക്കേടും അവിഹിത ബന്ധങ്ങളുമെല്ലാം അറിയാവുന്നവരാണ് ഇരുവരും. വിനോദ് ഈ നേതാവിന് വേണ്ടി സ്പിരിറ്റ് കടത്തി ജയിലിൽ പോയി. ഇവരുടെ ഗുണ്ടയായും വിനോദിനെ ഉപയോഗിച്ചിരുന്നു. രഹസ്യങ്ങൾ മുഴുവൻ വിളിച്ചു പറയുമെന്ന് വിനോദ് ഭീഷണിപ്പെടുത്തിയതോടെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു.

ഒരു പോസ്റ്റിൽ കെട്ടിയിട്ട ശേഷമായിരുന്നു മർദനം. ഇതു കൊണ്ടൊന്നും വിനോദ് തളർന്നില്ല. തനിക്കെതിരായ സ്പിരിറ്റ് കേസിൽ നിന്ന് രക്ഷിച്ചില്ലെങ്കിൽ നേതാവിന്റെ മണ്ണടി കേന്ദ്രീകരിച്ചുള്ള അവിഹിത കഥകളും സ്പിരിറ്റ് കടത്തും താൻ നാടാകെ വിളിച്ചു പറയുമെന്ന് ഇയാൾ ഭീഷണി മുഴക്കി. സിപിഎം നേതാക്കൾ നിരന്തരമായി വിനോദിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുന്നത് പതിവായി. കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുൻപും നേതാവിന്റെ നേതൃത്വത്തിൽ വിനോദിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി. അതിക്രൂരമായി മർദിച്ചാണ് വിനോദിനെ കൊന്നത്. 24 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. ഒടിവും ചതവും പൊള്ളലേറ്റ പാടുകളും വേറെ.

ഏനാത്ത് പൊലീസ് ആദ്യം അന്വേഷിച്ചു. കേസ് അട്ടിമറിയിലേക്ക് നീങ്ങിയപ്പോൾ വിനോദിന്റെ മാതാവും സഹോദരനും ചേർന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ഇവരും മെല്ലെപ്പോക്ക് തുടർന്നപ്പോൾ വിനോദിന്റെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ 2018 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത് അന്വേഷണം അതിവേഗം മുന്നോട്ടു നീങ്ങുന്നുവെന്നും പ്രതിയുടെ തൊട്ടുപിന്നിൽ തങ്ങൾ ഉണ്ടെന്നുമായിരുന്നു. റിപ്പോർട്ട് വിശ്വാസത്തിലെടുത്ത ഹൈക്കോടതി അന്വേഷണം അതേ വേഗത്തിൽ മുന്നോട്ട് പോകട്ടെ എന്ന് പറഞ്ഞ് ഹർജി തീർപ്പാക്കുകയായിരുന്നു.

പ്രതിയെന്ന് കരുതുന്ന നേതാവിനെ തൊടാൻ മടിച്ച ക്രൈംബ്രാഞ്ച് സംഘം പിന്നീട് അന്വേഷണത്തിൽ ഒരു ചുവട് പോലും മുന്നോട്ടു പോയിട്ടില്ല. കോടതി നിർദ്ദേശം വന്ന് മൂന്നു വർഷം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിവൈഎഫ്‌ഐ അടൂർ മേഖലാ സെക്രട്ടറിയും ഉന്നത സിപിഎം നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന എംജെ ജോയലിന്റെ മരണം ചർച്ചയാകുമ്പോൾ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേരാണ് വ്യാജരേഖ ചമച്ച് ജോലിതട്ടിപ്പും വിസാതട്ടിപ്പും നടത്തിയതിന് മൂന്നു വർഷം മുമ്പ് കൊല്ലം പൊലീസ് അറസ്റ്റ് ചെയ്ത ജയസൂര്യ പ്രകാശിന്റേത്. ജയസൂര്യയുടെ ഡ്രൈവറായിരുന്നു ജോയൽ. ഈ പോസ്റ്റിലേക്ക് ജോയലിനെ നിയമിച്ചത് അടൂരിലെ നേതാവായിരുന്നു.

എപ്പോഴും ജയസൂര്യയ്ക്ക് ഒപ്പമുണ്ടായിരുന്ന ജോയലിന് അവർ എന്തൊക്കെ ചെയ്യുന്നു, എവിടെയൊക്കെ പോകുന്നു, ഏതൊക്കെ നേതാക്കളെ കാണുന്നു, തട്ടിപ്പിന്റെ വിഹിതത്തിൽ ആരൊക്കെ പങ്കു പറ്റുന്നു എന്നൊക്കെ വ്യക്തമായി അറിയാമായിരുന്നു. വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയതിന് 2018 ഓഗസ്റ്റ് ഒടുവിൽ പന്തളത്ത് വച്ച് ജയസൂര്യ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുമ്പോൾ ജോയലും ഉണ്ടായിരുന്നു. ജയസൂര്യയ്ക്ക് വിശാലമായ ബന്ധങ്ങളാണുണ്ടായിരുന്നത്. അതിലേറെയും അടൂരിലെ ഒരു നേതാവുമായിട്ടായിരുന്നു. ഈ വിവരം അറിയാമായിരുന്ന ജോയൽ പാർട്ടിയും നേതാക്കളുമായി അകന്നു.

ഇതോടെ നേതാവിന്റെ കണ്ണിലെ കരടായി ജോയൽ മാറി. ആസൂത്രിതമായി ജോയലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടൂർ ഇൻസ്പെക്ടർ ആയിരുന്ന യു ബിജുവും ജോയലും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നിട്ടും കസ്റ്റഡിയിൽ എടുത്ത ജോയലിനെ ഇയാൾ യാതൊരു പരിചയവും കാണിക്കാതെ അതിക്രൂരമായി മർദിക്കുകയായിരുന്നു. ജോയലിന്റെ പിതാവിന്റെയും പിതൃസഹോദരിയുടെയും മുന്നിൽ വച്ചായിരുന്നു മർദനം. ഇതിന് ശേഷം ബിജു തന്നെ ജോയലിനോട് ക്ഷമ ചോദിക്കുകയും മുകളിൽ നിന്നുള്ള സമ്മർദം മൂലമാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞുവെന്നുമാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്. എന്തായാലും മർദനമേറ്റ് അഞ്ചാം മാസം ജോയൽ മരിച്ചു. മരണത്തിന് കാരണക്കാരായ സിപിഎം നേതാക്കളുടെ പേര് പറഞ്ഞാണ് ജോയലിന്റെ പിതാവും പിതൃസഹോദരിയും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.