തിരുവനന്തപുരം: സാധാരണ പാർട്ടി സെക്രട്ടറിമാർ മത്സരത്തിന് ഇറങ്ങുന്ന പതിവ് സിപിഎമ്മിൽ ഇല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും ഇത് കർശനമായി നടപ്പാക്കി. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ജയസാധ്യതയുള്ളവരെ എല്ലാം മത്സരിക്കും. എങ്ങനേയും തദ്ദേശ പോര് ജയിക്കാനാണ് ഈ തീരുമാനം.

കേരളത്തിലുടനീളം ഏര്യാ-ലോക്കൽ-ബ്രാഞ്ച് സെക്രട്ടറിമാർ വരെ മത്സരത്തിനുണ്ട്. പകരക്കാരെ കയ്യോടെ നിശ്ചയിച്ച ശേഷമാണു സെക്രട്ടറിമാർ കൂട്ടത്തോടെ കളത്തിലിറങ്ങിയിരിക്കുന്നത്. അടുത്ത സമ്മേളന ഘട്ടത്തിൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറേണ്ടി വരുമെന്നുള്ളവരും മത്സരിക്കുന്നു. ലോക്കൽഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കുന്നതു വിജയസാധ്യത ചിലയിടത്തു കൂട്ടുമെന്നു കണ്ടാണ് ഈ നീക്കം. സെക്രട്ടറിമാരെ മത്സരിപ്പിക്കേണ്ടതില്ല എന്ന മുൻകാല പൊതുനയം മാറ്റി. ജില്ലാ കമ്മിറ്റിയുടെ അനുമതി വേണമെന്നു നിബന്ധനയുണ്ട്.

കാസർകോട്ട് മുൻ കാലങ്ങളിൽ നിന്നു ഭിന്നമായി കൂടുതൽ ഏരിയ - ലോക്കൽ സെക്രട്ടറിമാരെ രംഗത്തിറക്കി. കെ. മണികണ്ഠൻ (ഉദുമ), സിജി മാത്യു (കാറഡുക്ക), ടി.കെ. രവി (നീലേശ്വരം) എന്നീ മൂന്നുപേർ സ്ഥാനാർത്ഥികളാണ്. പകരം ഏരിയ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു. ഇരുപതോളം ലോക്കൽ സെക്രട്ടറിമാരും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. കാസർകോട്ട് കരുത്തു കാട്ടാനാണ് സിപിഎം തീരുമാനം. ഈ മോഡൽ മറ്റ് ജില്ലകളിലും ഉണ്ട്. സാധാരണ ഏര്യാസെക്രട്ടറിമാർ മത്സരിക്കില്ല. ഈ പതിവും തെറ്റി.

കണ്ണൂരിൽ രണ്ട് ഏരിയ സെകട്ടറിമാർ മത്സരരംഗത്തുണ്ട്. തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായിരുന്ന പി.മുകുന്ദനെ സിപിഎം എതിരില്ലാതെ ഭരിക്കുന്ന ആന്തൂർ നഗരസഭയിലേക്കാണു മത്സരിപ്പിക്കുന്നത്. പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യാ വിവാദത്തിൽ, കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ ഭാര്യ അധ്യക്ഷയായ നഗരസഭയ്‌ക്കെതിരെ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു. മുകുന്ദനെ മാറ്റിയതിനു പിന്നിൽ ആ പശ്ചാത്തലമുണ്ടെന്നാണു സൂചന.

ജില്ലാ പഞ്ചായത്തിലേക്കു സ്ഥാനാർത്ഥിത്വം നൽകിയാണു പേരാവൂർ ഏരിയ സെക്രട്ടറി ബിനോയ് കുര്യനെ മാറ്റിയത്.കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര ഏരിയ സെക്രട്ടറി എൻ.പി.ബാബുവും കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി സി.പി.മുസാഫർ അഹമ്മദും മത്സരരംഗത്തുണ്ട്. വയനാട്ടിൽ മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വർക്കിയും പനമരം ഏരിയ സെക്രട്ടറി ജസ്റ്റിൻ ബേബിയും ഒരു കൈ നോക്കുന്നു. തൃശൂരിൽ രണ്ടും മലപ്പുറത്ത് ഒന്നും ഏരിയ സെക്രട്ടറിമാരെ മത്സരിക്കാൻ പരിഗണിക്കുന്നു.

ആലപ്പുഴയിൽ മാരാരിക്കുളം ഏരിയ സെക്രട്ടറി കെ.ഡി.മഹീന്ദ്രൻ സ്ഥാനാർത്ഥിയാണ്. കൊല്ലത്തു കുന്നത്തൂർ ഏരിയ സെക്രട്ടറി പി.കെ.ഗോപൻ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി രാജ്‌മോഹനും പത്തോളം ലോക്കൽ സെക്രട്ടറിമാരും സ്ഥാനാർത്ഥികളാണ്.