- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂന്തുറ സിറാജിനെ തിരുവനന്തപുരത്ത് എതിർക്കുന്നത് ഭൂരിപക്ഷ വോട്ടിൽ കണ്ണുവച്ച്; മലപ്പുറത്ത് ന്യൂനപക്ഷത്തെ അടുപ്പിക്കാൻ പിഡിപിയുമായി സഖ്യം; കരാട്ട് ഫൈസലിനെ ഒഴിവാക്കിയത് പ്രസ്താവനയിലും; കൊടുവള്ളിയിൽ ഇപ്പോഴും ഇടത് മനസ്സ് സ്വർണ്ണ കടത്തിലെ സംശയ നേതാവിനൊപ്പം; തദ്ദേശത്തിൽ സിപിഎം അടവു നയത്തിൽ
കോഴിക്കോട്: തദ്ദേശത്തിൽ സിപിഎമ്മിന് അടവുനയം. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുകേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനെ കൊടുവള്ളി നഗരസഭയിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം തിരുത്തിയെങ്കിലും സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ ഫൈസലിനൊപ്പം തന്നെയാണ് ഇടത് മനസ്സ്. സിപിഎം പ്രവർത്തകർ അടക്കം ഫൈസലിന്റെ പ്രചരണത്തിൽ സജീവമാണ്. വിവാദം ഒഴിവാക്കാൻ മാത്രമായിരുന്നു ഫൈസലിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻവലിച്ചത്.
2013ൽ സ്വർണക്കടത്തുകേസിൽ പ്രതിയായപ്പോൾ പോലും കാരാട്ട് ഫൈസലിനെ പിന്തുണച്ച എൽഡിഎഫ് ഇക്കുറി പിന്തുണ പിൻവലിച്ചത്, തിരഞ്ഞെടുപ്പിൽ സ്വർണക്കടത്തുകേസ് വിവാദം കണക്കിലെടുത്താണ്. മുഖ്യമന്ത്രിയുടെ ഓഫീസും കോടിയേരി ബാലകൃഷ്ണന്റെ മകനും വിവാദത്തിൽ കുടുങ്ങിയ സാഹചര്യത്തിലായിരുന്നു ഇത്. ഫൈസൽ ജയിച്ചാലും പിന്തുണ ഇടതുപക്ഷത്തിനാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇതിനൊപ്പിച്ചാണ് തീരുമാനം എടുക്കൽ.
അതായത് സംസ്ഥാന നേതൃത്വം പ്രത്യക്ഷത്തിൽ പറയുന്നതിനെ പ്രാദേശികമായി തള്ളിപ്പറയുന്നു. പ്രാദേശിക വിഷയങ്ങളാണ് തദ്ദേശത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ടാണ് ഫൈസലിന് പ്രാദേശിക നേതാക്കളുടെ പിന്തുണ കിട്ടുന്നത്. ഇതിന് സമാനമാണ് തിരുവനന്തപുരത്തെ രാഷ്ട്രീയുവും. പിഡിപി വൈസ് ചെയർമാനായിരുന്ന പൂന്തുറ സിറാജിനെ തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം പിൻവലിച്ചപ്പോഴും മലപ്പുറം ജില്ലയിലെ പിഡിപി സ്ഥാനാർത്ഥികളെ സിപിഎം പിന്തുണയ്ക്കുന്നുണ്ട്.
പൂന്തുറ സിറാജിനെ പിന്തുണച്ചാൽ തിരുവനന്തപുരത്ത് സിപിഎം തിരിച്ചടി ഭയക്കുന്നു. സിറാജിന്റെ കാര്യത്തിൽ, തിരുവനന്തപുരത്ത് ഭൂരിപക്ഷ വോട്ടുകളിലായിരുന്നു കണ്ണെങ്കിൽ, മലപ്പുറത്ത് പിഡിപിയിലൂടെ ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ട്. തിരുവനന്തപുരത്ത് വിധിയെ നിശ്ചയിക്കുന്നത് നായർ-ഈഴവ വോട്ടുകളാണ്. ഇത് പിഡിപി ബന്ധത്തിന്റെ പേരിൽ നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് സിപിഎം ശ്രമം. എന്നാൽ മലപ്പുറത്ത് മറ്റൊരു രാഷ്ട്രീയ ചിന്തയും.
മലപ്പുറത്തു തിരൂരങ്ങാടി നഗരസഭയിലും മുന്നിയൂർ പഞ്ചായത്തിലുമാണ് പിഡിപി സ്ഥാനാർത്ഥികൾക്ക് എൽഡിഎഫ് പിന്തുണ നൽകുന്നത്. മൂന്നിയൂർ 16ാം വാർഡിൽ മത്സരിക്കുന്നത് പിഡിപി ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂർ ആണ്. തിരൂരങ്ങാടി 25ാം വാർഡിൽ പിഡിപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം തിരൂരങ്ങാടിയും. ഒന്നര മാസം മുൻപു പിഡിപിയിൽനിന്നു രാജിവച്ചതാണെന്നു ഇബ്രാഹിം പറയുന്നു.
വളാഞ്ചേരി നഗരസഭയിൽ മുൻ ലീഗ്, കോൺഗ്രസ്, പിഡിപി നേതാക്കളുടെ നേതൃത്വത്തിലുള്ള വളാഞ്ചേരി ഡവലപ്‌മെന്റ് ഫോറത്തിന് (വിഡിഎഫ്) എൽഡിഎഫ് പിന്തുണ നൽകുന്നു. ആകെയുള്ള 33 വാർഡിൽ 10 വാർഡുകളിൽ വിഡിഎഫും 23 വാർഡുകളിൽ എൽഡിഎഫും മത്സരിക്കും.
മറുനാടന് മലയാളി ബ്യൂറോ