- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബക്കറ്റിൽ പിരിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് അറിയില്ല; സഖാക്കൾക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാം; ഇത്തവണ ഫണ്ട് പിരിവിന് ബക്കറ്റുമായി സിപിഎം; കോവിഡു കാരണം ഉള്ളത് തന്നാൽ മതിയെന്ന് പറഞ്ഞ് വീടുകളിൽ എത്തുന്നത് വോട്ട് അനുകൂലമാക്കാൻ; ഇനി ഫണ്ട് പിരിവുകാലം
പാലക്കാട്: ഇനി വീണ്ടും ബക്കറ്റ് പിരിവ്. തിരഞ്ഞെടുപ്പ് ചെലവിന് ജനകീയ ഫണ്ട് സ്വരൂപിക്കാൻ ഇത്തവണ സിപിഎം രസീത് പിരിവ് നടത്തില്ലെന്നാണ് റിപ്പോർട്ട്. കണക്കില്ലാതെ പിരിക്കാം... എത്ര കിട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടതുമില്ല. ഇങ്ങനെ ബക്കറ്റ് പരിവിന് സാധ്യത ഏറെയാണ്. ഇതെല്ലാം മുതൽകൂട്ടാക്കാനാണ് സിപിഎം നീക്കമെന്നാണ് ആക്ഷേപം. എന്നാൽ പാർട്ടി പറയുന്നത് കോവിഡ് പ്രതിസന്ധിയെന്ന വാദമാണ്.
കോവിഡ് കാരണം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങൾ മനസ്സറിഞ്ഞു തരുന്നതു വാങ്ങാൻ പാർട്ടി രണ്ടുദിനം നീളുന്ന ബക്കറ്റ് പിരിവ് നടത്തും എന്നാണ് വിശദീകരണം. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞ് തൊട്ടുപിന്നാലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ നിശ്ചിത തുക ലക്ഷ്യമിട്ടുള്ള ഫണ്ട് ശേഖരണം പ്രായോഗികമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിന് അപ്പുറത്തേക്കുള്ള സാധ്യതയും ഉണ്ട്. ബക്കറ്റ് പിരിവാകുമ്പോൾ കിട്ടുന്ന പണത്തിന് കണക്കുണ്ടാകില്ല.
കീഴ്ഘടകങ്ങൾക്ക് തുക നിശ്ചയിച്ചുള്ള ഫണ്ട് ശേഖരണമാണ് സാധാരണ നടത്താറുള്ളത്. സർക്കാരിനും പാർട്ടിക്കുമുള്ള ജനകീയബന്ധം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യം കൂടി ഇത്തവണത്തെ ബക്കറ്റ് പിരിവിനുണ്ട്. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലുമായി 30നും 31നും നടത്തുന്ന തിരഞ്ഞെടുപ്പ് നിധിശേഖരണം രണ്ടാമത്തെ ഗൃഹസമ്പർക്കമായി മാറാനാണ് സാധ്യത. അങ്ങനെ പിരിവുമായി ആളുകളിലേക്ക് സിപിഎം കൂടുതൽ അടുക്കും. ഫണ്ട് പിരവിനൊപ്പം വോട്ട് പിടിക്കുന്ന മാതൃക.
ഗൃഹസമ്പർക്കത്തിൽ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ്, ക്ഷേമ പെൻഷനുകൾ, ദൈനംദിന ജീവിതത്തിൽ സർക്കാരിൽനിന്നു ലഭിക്കേണ്ട മറ്റു സഹായത്തിന് തടസ്സം നേരിടുന്ന കാര്യങ്ങളും ചോദിച്ചറിയും. അവ കുറിച്ചെടുത്ത് ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങൾ മുഖേന പരിഹരിക്കണമെന്നാണ് പ്രവർത്തകർക്ക് പാർട്ടി നിർദ്ദേശം. ഇതിലൂടെ വോട്ടാണ് ലക്ഷ്യമിടുന്നത്.
ഏരിയാ കമ്മിറ്റി യോഗങ്ങൾക്കുശേഷം മുഴുവൻ നേതാക്കളും പങ്കെടുക്കുന്ന ജനസമ്പർക്കം 24 മുതൽ 29 വരെ സംസ്ഥാനത്ത് നടക്കും. ഫണ്ടു ശേഖരണത്തിൽ ബ്രാഞ്ചുകൾക്ക് നിശ്ചിത തുക തീരുമാനിച്ചു നൽകും. ഇത്തവണത്തെ കലക്ഷന് എല്ലാ നേതാക്കളും പ്രവർത്തകരും മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങും. അതുകൊണ്ട് തന്നെ വലിയ ഫണ്ട് ശേഖരണമായി ഇതു മാറും.
30ന് കടകളിലും സ്ഥാപനങ്ങളിലും 31ന് വീടുകളിലുമായി ഫണ്ട് ശേഖരണം നടത്തും. ബക്കറ്റിൽ, പാർട്ടിപ്രവർത്തകർ ആദ്യം തങ്ങളുടെ തങ്ങളുടെ വിഹിതം നിക്ഷേപിച്ചുവേണം നാട്ടുകാരെ സമീപിക്കാനെന്നാണു നിർദ്ദേശം. പാർട്ടി ശക്തിപ്പെടുത്തുന്നതിന് നിലവിൽ നടക്കുന്ന ഏരിയാ കമ്മിറ്റി യോഗങ്ങൾക്കുശേഷം ലോക്കൽ യോഗങ്ങൾ ചേർന്ന് ബൂത്ത് കമ്മിറ്റികൾക്ക് രൂപം നൽകും.
അടുത്തമാസം 3, 4 തീയതികളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണ, സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കമാകും.