തിരുവനന്തപുരം: മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഒപ്പം രാജു എബ്രഹാമിനും സുരേഷ് കുറുപ്പിനും ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം. തുടർച്ചയായി 2 തവണ മത്സരിച്ചവരെ കഴിയുന്നതും ഒഴിവാക്കി പുതുമുഖങ്ങൾക്കു വഴിയൊരുക്കാൻ സിപിഎം തീരുമാനിച്ച സാഹചര്യത്തിലാണ് ഇത്. എസ് ശർമ്മയുടേയും എ പ്രദീപ് കുമാറിന്റേയും കാര്യത്തിൽ അതാത് ജില്ലാ കമ്മറ്റികൾ തീരുമാനം എടുക്കും. മന്ത്രി ഇപി ജയരാജനും ജെയിംസ് മാത്യുവും മത്സരിക്കാനുള്ള സാധ്യതയിലും കണ്ണൂർ ജില്ലാ കമ്മറ്റിയുടേതാകും തിരുമാനം.

രണ്ട് ടേം പൂർത്തിയാക്കിയവർക്ക് സീറ്റ് കൊടുക്കേണ്ടെന്നത് അതിശക്തമായി തന്നെ നടപ്പാക്കും. അനിവാര്യമായ സാഹചര്യത്തിൽ മാത്രം ഇളവുകൾ സംസ്ഥാന കമ്മിറ്റി നൽകിയാൽ മതിയെന്ന ധാരണയാണു പാർട്ടി നേതൃത്വത്തിൽ. കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശവും ഇതാണെന്നു നേതാക്കൾ വ്യക്തമാക്കി. റാന്നി സീറ്റ് കേരളാ കോൺഗ്രസിന് നൽകും. ഇതോടെ രാജു എബ്രഹാമിന്റെ സാധ്യത അടയും. കേരളാ കോൺഗ്രസ് മുന്നണിയിലുള്ളതിനാൽ സുരേഷ് കുറുപ്പിനും വിനയാണ്. ഏറ്റുമാനൂർ സീറ്റിൽ കേരളാ കോൺഗ്രസ് എത്തിയതിനാൽ ഇടതുപക്ഷത്തിന് ജയസാധ്യത കൂടുതലാണ്. അതുകൊണ്ട് സുരേഷ് കുറുപ്പിനും സീറ്റ് പോകും.

ആലപ്പുഴയിൽ ജി സുധാകരനും തോമസ് ഐസക്കും തമ്മിൽ പോരാണ്. ഈ സാഹചര്യത്തിൽ രണ്ട് പേർക്കും സ്ഥാനം നഷ്ടമാകും. രണ്ട് സീറ്റിലും ഏത് നേതാവിന് വേണമെങ്കിലും മത്സരിച്ച് ജയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. രണ്ടു പേരും അവിഭാജ്യ ഘടകമല്ല. അതുകൊണ്ട് സീറ്റ് കൊടുക്കില്ലെന്നാണ് സൂചന. ധനമന്ത്രിയായ തോമസ് ഐസക്കിനോട് മുഖ്യമന്ത്രി പിണറായി വിജയനും താൽപ്പര്യക്കുറവുണ്ട്. ഐസക്കിന് സീറ്റ് നിഷേധിക്കാൻ സുധാകരനും സ്വമേധയാ മാറികൊടുക്കും. ഇതും സിപിഎമ്മിലെ ഗ്രൂപ്പ് പോരിന്റെ സാഹചര്യത്തിലാണ്.

തിരുവനന്തപുരം ജില്ലയിൽ ഈ വിഷയം ചർച്ചയാകില്ല. എന്നാൽ കൊല്ലത്ത് അയിഷാ പോറ്റിക്ക് മാനദണ്ഡം തിരിച്ചടിയാകും. കൊട്ടാരക്കരയിൽ സിപിഎമ്മിന് വേണ്ടി പുതുമുഖം എത്താനാണ് സാധ്യത. കൊട്ടാരക്കരയിൽ ആർ ബാലകൃഷ്ണ പിള്ളയുടെ പിന്തുണയുള്ളതിനാൽ സിപിഎമ്മിന്റെ ഏത് സ്ഥാനാർത്ഥിക്കും ജയിക്കാമെന്നാണ് വിലയിരുത്തൽ. പിള്ളയെ തോൽപ്പിച്ചാണ് 15 കൊല്ലം മുമ്പ് കൊട്ടാരക്കര സീറ്റ് അയിഷാ പോറ്റി പിടിച്ചെടുത്തത്. എറണാകുളത്ത് എസ് ശർമ്മയ്ക്ക് സീറ്റ് കിട്ടാനാണ് സാധ്യത. കോഴിക്കോട് പ്രദീപ് കുമാറിനും മത്സരിക്കാൻ അവസരം കിട്ടിയേക്കും.

മട്ടന്നൂരിൽ ഇപി ജയരാജനും തളിപ്പറമ്പിൽ ജെയിംസ് മാത്യുവും രണ്ടു ടേം കഴിഞ്ഞു. ഇവരുടെ കാര്യത്തിൽ ജില്ലാ കമ്മറ്റി തീരുമാനം എടുക്കും. ഇതിൽ ഒരാൾ മത്സിരിക്കാൻ സാധ്യത ഏറെയാണ്. സ്ഥിരം മുഖങ്ങളെ പരീക്ഷിക്കുന്നതു ദോഷം ചെയ്യുമെന്നാണു തദ്ദേശ തിരഞ്ഞെടുപ്പു ഫലവും പൊതുവിൽ പാർട്ടിക്കു വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ വിജയസാധ്യത കണക്കിലെടുത്തും പാർലമെന്ററി ഭരണതലങ്ങളിൽ ഒഴിച്ചു കൂടാൻ കഴിയാത്തവരുടെ കാര്യത്തിലും ഇളവുകളാകാം എന്നതാണ് സിപിഎം നയം. അതു കണ്ണൂരിൽ ചർച്ചയായാൽ ജയരാജനും ജെയിംസ് ജോസഫിനും സീറ്റ് നഷ്ടപ്പെടും.

അസുഖകാരണങ്ങളാൽ വി എസ് അച്യുതാനന്ദൻ മത്സരിക്കില്ല. അതിനാൽ മലമ്പുഴയിലും പുതിയ സ്ഥാനാർത്ഥി വരും. രണ്ട് ടേം എന്ന മാർഗരേഖ തന്നെ അപ്രസക്തമാക്കുന്ന തരത്തിൽ ഇളവുകൾ വേണ്ടെന്ന വികാരത്തിലാണു സിപിഎം. ഇതു സംബന്ധിച്ച് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ഉണ്ടായില്ല. എന്നാൽ നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. സ്ത്രീകൾക്കു കൂടുതൽ പരിഗണന നൽകാനും നേതൃതലത്തിൽ തീരുമാനിച്ചിട്ടുണ്ട്. സീറ്റ് വിഭജന ചർച്ചകൾ ഉടൻ തുടങ്ങും.