തിരുവനന്തപുരം: പാർട്ടിയുടെ വോട്ട് ബിജെപിയിലേക്കു പോകുന്നു-നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ അലട്ടുന്ന പ്രധാന ഘടകമാണിത്. തദ്ദേശതിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനിടയിലും ഈ വസ്തുതയെ തിരിച്ചറികയുമാണ് സിപിഎം. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ തോൽവിയെത്തുടർന്നുള്ള പരിശോധനയിൽ ഈ ചോർച്ച മനസ്സിലാക്കിയിരുന്നു സിപിഎം. എന്നാൽ തദ്ദേശത്തിൽ വർക്കലയിലും ആറ്റിങ്ങലിലും പന്തളത്തും വീണ്ടും വോട്ട് ചോർന്നു.

ബിജെപിയിലേക്കു നേരിട്ടും ബിഡിജെഎസ് വഴിയും പോയ വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരികെയെത്തിക്കുക എന്നതാണ് സംഘടനാപരമായ മുഖ്യ ഉത്തരവാദിത്തമായി പാർട്ടി ഏറ്റെടുത്തിരിക്കുന്നത്. എങ്കിൽ മാത്രമേ, തുടർഭരണം ഉറപ്പാക്കാൻ കഴിയൂ എന്നും സിപിഎം കരുതുന്നു. 2016ൽ ബിജെപിക്കു കുതിപ്പുണ്ടായ മണ്ഡലങ്ങളിൽ വോട്ടു ചോർന്നതു യുഡിഎഫിനായിരുന്നു. ഈ പ്രവണത ഇരുപതോളം മണ്ഡലങ്ങളിൽ പ്രകടമായപ്പോൾ വൻ വിജയത്തിലേക്ക് എൽഡിഎഫ് എത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് മാറി. സിപിഎം വോട്ടുകൾ ബിജെപി പെട്ടിയിലാക്കി. അത് ഇത്തവണ നടക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് സിപിഎം നീക്കം.

ശബരിമല വിഷയം കത്തുന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തീരുമെന്ന് ഏവരും കരുതി. എന്നാൽ പഞ്ചായത്തിലും തിരിച്ചടിച്ചു. 'ഹിന്ദു ഭൂരിപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ വർധിച്ച ബിജെപി വോട്ട് നൽകുന്ന ആപൽക്കരമായ സൂചന, നമ്മെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ബിജെപിക്കു വോട്ടു ചെയ്തു എന്നതാണ്. നമ്മുടെ സ്വാധീന മേഖലകളിൽ ബിജെപിക്ക് അനുകൂലമായുള്ള വോട്ടുചോർച്ച പ്രത്യേകമായി പരിശോധിക്കണം. ഏതു സാമൂഹിക വിഭാഗങ്ങളാണ് ബിജെപിയിലേക്കു പോകുന്നതെന്ന കാര്യം പരിശോധിക്കണം.'-ഇതാണ് സിപിഎം സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങൾക്ക് കൊടുക്കുന്ന നിർദ്ദേശം.

പരമ്പരാഗതമായി പാർട്ടിക്ക് അടിത്തറയുള്ള പ്രദേശങ്ങളിൽ ബിജെപി കടന്നുകയറുന്നുവെന്നും കേരളത്തിലെ പാർട്ടിയുടെ സ്വാധീന മേഖലയെ തകർക്കുക എന്ന സംഘപരിവാർ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും സിപിഎം തിരിച്ചറിയുന്നു. രണ്ടു നിഗമനങ്ങളും പാർട്ടിയുടെ ഉറക്കം കെടുത്തുന്നതാണ്. ഭൂരിപക്ഷ വോട്ടുബാങ്കാണ് സിപിഎമ്മിന്റെ അടിത്തറ. സംഘപരിവാറിന്റെ മുഖ്യശത്രു കോൺഗ്രസല്ല, സിപിഎമ്മാകാം എന്നതും അവർ തിരിച്ചറിയുന്നു. സിപിഎമ്മിന്റെ ഹൈന്ദവ അടിത്തറ തകർത്തുകൊണ്ടു മാത്രമേ, കേരളത്തിൽ ബിജെപിക്കു കടന്നുവരാൻ കഴിയൂ എന്ന് ബിജെപി തന്ത്രവും സിപിഎം തിരിച്ചറിയുന്നുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുശതമാനം പൊതുവിൽ കൂടിയില്ല. എന്നാൽ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം എന്നിവിടങ്ങൾ ഒഴികെ, മറ്റു പത്തു ജില്ലകളിലും ബിജെപിയുടെ വോട്ട് കൂടി. ന്യൂനപക്ഷ വിഭാഗങ്ങൾ ശക്തമായ പരമ്പരാഗത യുഡിഎഫ് കേന്ദ്രങ്ങളാണ് ഈ 4 ജില്ലകൾ. തൃശൂരും കാസർകോട്ടും 20% വോട്ട് അവർക്കു കിട്ടി. ഇതെല്ലാം സിപിഎമ്മിന് ആശങ്കയാണ്. നഗരമേഖലകളിലെ യുവാക്കളെ ബിജെപി സ്വാധീനിക്കുന്നതായും സിപിഎം വിലയിരുത്തുന്നു.

അതിനാൽ ശബരിമലയിലെ കോൺഗ്രസ് പ്രതിരോധത്തെ അതിജീവിക്കാൻ സിപിഎം തന്ത്രപരമായ നീക്കം നടത്തും. കോൺഗ്രസും ബിജെപിയും ശബരിമലയിൽ കടന്നാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്. പരസ്യമായി ഈ വിഷയത്തിൽ പ്രതികരിക്കില്ല. എന്നാൽ താഴേ തട്ടിൽ ഇടപെടൽ നടത്തും. പന്തളത്തം ബിജെപി നേതാവായിരുന്ന കൃഷ്ണകുമാർ സിപിഎമ്മിൽ ചേർന്നിരുന്നു. നാമജപ ഘോഷയാത്രയിൽ മുന്നിൽ നിന്ന നേതാവാണ് കൃഷ്ണകുമാർ. സമാന രീതിയിൽ മറ്റ് ഹൈന്ദവ നേതാക്കളേയും സിപിഎമ്മിലേക്ക് അടുപ്പിക്കും. ബിജെപിയുമായി തെറ്റി നിൽക്കുന്ന പിപി മുകുന്ദനെ സിപിഎമ്മിലേക്ക് എത്തിക്കാനും നീക്കമുണ്ട്. എന്നാൽ മുകുന്ദൻ വഴങ്ങുന്നുമില്ല.

ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളിൽ ഈ പ്രവർത്തനം ശക്തമായി നടത്തും. ചെറിയ കൂട്ടായ്മകൾ, കുടുംബയോഗങ്ങൾ എന്നിവ വിളിച്ച് പാർട്ടിക്കൊപ്പം നിൽക്കുന്ന വിശാലവേദി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന് ഔദ്യോഗികമായ ഘടനയോ ഭാരവാഹികളോ ഉണ്ടാകില്ല. പന്തളത്തും കോന്നിയിലും പ്രത്യേക ശ്രദ്ധ നൽകും. തിരുവനന്തപുരത്തും അതിശക്തമായ ഇടപെടൽ നടത്തും. വിശ്വാസികൾക്കൊപ്പമാകും നിലപാട് എന്നാകും സിപിഎം പരോക്ഷമായി സൂചന നൽകുക. എന്നാൽ പ്രകടന പത്രികയിൽ ഇത് കടന്നു വരികയുമില്ല. പന്തളത്ത് കൃഷ്ണകുമാറിനെ എത്തിച്ച മാതൃക എല്ലായിടത്തും സ്വീകരിക്കും.

സംഘപരിവാർ വിട്ടുവന്നവരെ വിവിധ പ്രവർത്തനങ്ങളിലേക്ക് ഉൾച്ചേർക്കും. ഹിന്ദുമതത്തിലെ വിവിധ സമുദായസംഘടനകളിൽ പ്രവർത്തിക്കുന്നവരുമായി നിരന്തരം ബന്ധപ്പെടണമെന്ന് പ്രാദേശികനേതാക്കളോട് നിർദ്ദേശിച്ചു. അവർക്ക് പറയാനുള്ളത് കേൾക്കണം. പ്രാദേശികപാർട്ടിനേതാക്കൾ സമുദായയോഗങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബിജെപിയിലെ മുതിർന്ന നേതാക്കളുമായി സിപിഎം ആശയ വിനിമയം തുടരും.