കോഴിക്കോട് : രണ്ട് തവണ തുടർച്ചയായി ജയിച്ചവർ മത്സരിക്കേണ്ടെന്ന സിപിഎം. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിൽ ഇളവു തേടിയുള്ള ജില്ലാ കമ്മറ്റികളുടെ ശുപാർശയിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യക്കുറവ്. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും ഇളവുവേണമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് മന്ത്രി എം.എം. മണിയുടെ കാര്യത്തിലും ഇതേ നിലപാടിലാണ്. ഈ മൂന്ന് പേരും മത്സരിക്കുന്നതിനോട് പിണറായിക്ക് താൽപ്പര്യമില്ല.

രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചവരുടെ പേരുകൾ ജില്ലാ സെക്രട്ടേറിയറ്റുകൾ നിർദ്ദേശിക്കേണ്ടതില്ലെന്ന് ആലപ്പുഴയിലെ യോഗത്തിൽ സംബന്ധിച്ച സിപിഎം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ തന്നെ വ്യക്തമാക്കി. അത്തരം കാര്യങ്ങൾ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചോളുമെന്നും പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ താൽപ്പര്യം തിരിച്ചറിഞ്ഞുള്ള വിശദീകരണമായിരുന്നു. എന്നാൽ ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ഉറപ്പിക്കാനും അട്ടിമറികൾ പൊളിക്കാനും തോമസ് ഐസകും സുധാകരനും മത്സരിക്കണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. കണ്ണൂരിലും മാനദണ്ഡം കർശനമാക്കും. മന്ത്രി ഇ.പി. ജയരാജൻ, ജെയിംസ് മാത്യു, ടി.വി. രാജേഷ്, സി. കൃഷ്ണൻ എന്നിവർ പിന്മാറേണ്ടിവരും. ജയരാജൻ സിപിഎം സെക്രട്ടറിയാകാനുള്ള സാധ്യത ഏറെയാണ്.

വ്യവസ്ഥകൾ അനുസരിക്കാനായി ഇനി മത്സരത്തിനില്ലെന്ന് ഇ.പി. ജയരാജൻ യോഗത്തിൽ പറഞ്ഞെന്നാണ് സൂചന. മന്ത്രിമാരിൽ ചിലർക്കുമാത്രം ഇളവുനൽകിയാൽ അത് മറ്റ് വ്യാഖ്യാനങ്ങൾക്ക് ഇടനൽകും. അതുകൊണ്ട് ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗം സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകും. അതിനുമുമ്പുതന്നെ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കും. കൂത്തുപറമ്പിനെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി കെ.കെ. ശൈലജയുടെ പേരാണ് മട്ടന്നൂരിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചത്. കൂത്തുപറമ്പ് എൽ.ജെ.ഡി.ക്ക് വിട്ടുനൽകാനാണ് സാധ്യത. എന്നാൽ പിണറായിക്ക് ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കാനാണ് താൽപ്പര്യം. ഈ സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാനാണ് പിണറായിയുടെ ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് രണ്ടാംതവണയും ജനവിധിതേടും.

തിരഞ്ഞെടുപ്പിനുശേഷം കോടിയേരി ബാലകൃഷ്ണൻതന്നെ വീണ്ടും പാർട്ടി സെക്രട്ടറിപദം ഏൽപ്പിച്ചേക്കും. വിജയരാഘവൻ മത്സരത്തിന് ഇറങ്ങിയാൽ അതിന് മുമ്പും സെക്രട്ടറിയായി കോടിയേരി എത്താൻ സാധ്യതയുണ്ട്. ഇതിനൊപ്പം ജയരാജനും സെക്രട്ടറിയാകാൻ പരിഗണിക്കുന്ന നേതാവാണ്. അതുകൊണ്ടാണ് ഇപി മത്സരിക്കാതെ മാറി നിൽക്കുന്നത്. മത്സരിക്കുന്നില്ലെങ്കിൽ ഇപ്പോൾതന്നെ ഇ.പി. ജയരാജനെ സെക്രട്ടറിയായി നിയോഗിക്കുക. എ. വിജയരാഘവനെ ഇടതുമുന്നണി കൺവീനറായിത്തനെ നിലനിർത്തുകയെന്ന ഫോർമുല സിപിഎമ്മിൽ സജീവമാണ്. പേരാവൂരിൽ ശൈലജ ടീച്ചറെ മത്സരിപ്പിക്കാനാണ് നീക്കം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് പേരാവൂർ. ഇവിടെ ശൈലജ ടീച്ചർ മത്സരിച്ചാൽ ജയിക്കാമെന്നാണ് സിപിഎം കണക്കു കൂട്ടൽ.

നേരത്തെ രണ്ട് ടേം മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകരുതെന്ന് കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരുന്നു. ലോക്സഭയിലേക്ക് മത്സരിച്ചവരേയും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. കൂത്തുപറമ്പിൽ എൽജെഡിയുടെ കെപി മോഹനനെ തോൽപ്പിച്ചാണ് ശൈലജ നിയമസഭയിൽ എത്തിയത്. എൽജെഡിയുടെ ശക്തി കേന്ദ്രമാണ് ഇവിടം. ഈ സീറ്റ് എൽജെഡിക്ക് നൽകുന്നത് ഈ സാഹചര്യത്തിലാണ്. പകരം പേരാവൂരിൽ ശൈലജയെ മത്സരിപ്പിക്കും. തിരുവനന്തപുരത്തെ നേമത്തേക്കും ശൈലജ ടീച്ചറിനെ പരിഗണിച്ചിരുന്നു. എന്നാൽ പേരാവൂർ അല്ലെങ്കിൽ മലമ്പുഴ എന്ന മണ്ഡല പരിഗണനയാണ് ശൈലജയ്ക്ക് നൽകുന്നത്. മലമ്പുഴയിൽ വി എസ് അച്യുതാനന്ദനാണ് എംഎൽഎ. അവിടെ ബിജെപിയുടെ കടുത്ത വെല്ലുവിളിയുണ്ട്. ഇത് പരിഗണിച്ചാണ് ശൈലജയം മലമ്പുഴ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചന. അങ്ങനെ വന്നാൽ സിപിഎം സെക്രട്ടറിയായ എ വിജയരാഘവന്റെ മലമ്പുഴ മോഹം പൊളിയും.

2006ൽ പേരാവൂരിലെ എംഎൽഎയായിരുന്നു ശൈലജ. 2011ൽ സണ്ണി ജോസഫിനോട് തോറ്റു. ആരോഗ്യമന്ത്രിയെന്ന ഗ്ലാമറിൽ ശൈലജ പേരാവൂരിൽ മത്സരിച്ചാൽ വീണ്ടും ജയിക്കാമെന്നാണ് സിപിഎം വിലയിരുത്തൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു പേരാവൂർ നിയമസഭാമണ്ഡലം. സിപിഎം മേഖലയിലെ വോട്ട് മുഴുവൻ കൈക്കലാക്കി ശൈലജയെ ജയിപ്പിക്കാനാണ് ആലോചന. എന്നാൽ കോൺഗ്രസിന്റെ കണ്ണൂരിലെ കോട്ടകളിൽ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ശൈലജ തോറ്റാൽ അത് പലവിധ ചർച്ചകൾക്കും വഴിവക്കും. ഈ സാഹചര്യത്തിലാണ് മലമ്പുഴയിലെ ചർച്ചകൾ.

സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ് മലമ്പുഴ. കഴിഞ്ഞ തവണ ഇവിടെ ബിജെപി രണ്ടാമത് എത്തി. ഇത്തവണയും രണ്ടും കൽപ്പിച്ച് ബിജെപി പ്രചരണത്തിൽ ഉണ്ട്. ഈ സാഹചര്യത്തിലാണ് ക്ലീൻ ഇമേജുള്ള ശൈലജയെ ഇവിടെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചന.